Thursday 3 January 2013

മഅദനിയുടെ രാഷ്ട്രീയം

                അബ്ദുനാസര്‍ മഅദനി സ്വതന്ത്രമായി വെളിയില്‍ ജീവിക്കുന്നതിനെ ആരൊക്കയോ ഭയക്കുന്നു വെന്നും, ആ ഭയക്കുന്നവര്‍ നിസാരക്കാരല്ലായെന്നും വേണ്ടേ, ആദ്യം ഒമ്പതരയും, ഇപ്പോള്‍ രണ്ടും വര്‍ഷത്തോളമായി അകാരണമായി ജയില്‍ ജീവിതം നയിക്കുന്ന മഅദനിയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത്. പണ്ട് എപ്പോഴോ പ്രസംഗങ്ങളില്‍ അല്പം വികാര ഭരിതമായി സംസാരിച്ചു എന്നതിനപ്പുറം എന്ത് തെറ്റാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിട്ടുള്ളത്? തീവ്രമായി പ്രസംഗിച്ചു എന്നതായിരുന്നു അദ്ധേഹത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ ആരോപിച്ചിരുന്ന കുറ്റം. എന്നാല്‍ അദ്ദേഹത്തെക്കാള്‍ ആയിരം മടങ്ങ്‌ തീവ്രദയില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ പോലും ഇന്ന് സ്വതന്ത്രമായി നടക്കുന്നില്ലേ നമ്മുടെ ഈ നാട്ടില്‍? എന്തെ അവരുടെ പേരില്‍ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ പോലീസും മാറിവരുന്ന സര്‍ക്കാറുകളും തയ്യാറാകാത്തത്?

പൊന്നാനി ഇലെക്ഷന്‍ പ്രചാരണ സമയത്ത് പിണറായി വിജയന്റെ മദ്ഹ് (മഹത്വം) മഅദനി ആവേശത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, പണ്ട് മഅദനിയുടെ തന്നെ മത പ്രസംഗങ്ങളില്‍ കേട്ടിട്ടുള്ള ഇസ്ലാമിലെ വീര പുരുഷ്യന്മാരായ ബിലാലിന്റെയും (റ) ഹംസയുടെയും (റ) പേരുകളായിരുന്നു. 
എന്നാല്‍ മഅദനിക്കും  പിണറായിക്കും ഉദ്ദേശിച്ച റിസള്‍ട്ട്, പൊന്നാനിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അച്ചുതാനന്തന്‍ മഅദനിയെ തള്ളിപ്പറയുകയും കൂടി ചെയ്തപ്പോള്‍, മഅദനിയുടെ പ്രസംഗം (പിണറായി മദ്ഹ്) ലക്‌ഷ്യം കാണാതെ പോയി. പൊന്നാനിയില്‍ പോലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത മഅദനിയെ രണ്ടു വര്‍ഷത്തോളം CPIM ഉം മനപ്പൂര്‍വ്വം മറന്നു.

പരപ്പന അഗ്രഹാര ജയിലിലെ ഈ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍  MA ബേബി അബ്ദുനാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത ദിവസവും, മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഅദനിയെ കാണാന്‍ തിരഞ്ഞെടുത്ത ദിവസവും ഒന്നായി എന്നത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.

മഅദനിയുടെ അറസ്റ്റ്‌ ലീഗ് നേതാക്കന്മാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും, ലീഗിന് ഇതില്‍ വ്യക്തമായ പങ്കുണ്ട് എന്ന് മഅദനി തന്നോട് പറഞ്ഞുവെന്നും, PTA റഹിം MLA അബ്ദുനാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു, വെളിപ്പെടുത്തുന്നത് വരെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്നതായിരുന്നു മഅദനി വിഷയത്തില്‍ ലീഗിന്റെ നിലപാട്. എന്നാല്‍ റൌഫ് ചെയ്തപോലെ എന്തെങ്കിലും കൊടുംകൈ ചെയ്യാന്‍, മഅദനി - PTA ബന്ധം മൂലം കാരണമാകുമോ എന്ന ലീഗിന്റെ ഭയമായിരിക്കാം - ഈ നിലപാട് മാറ്റത്തിനും മുതിര്‍ന്ന നേതാക്കന്മാരെ തന്നെ എത്രയും പെട്ടെന്ന് ജയിലിലേക്ക് അയക്കാനും പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.


മഅദനി വിഷയത്തില്‍ UDF മൌനം പാലിക്കുന്നോളം കാലം, തങ്ങള്‍ക്കും മൌനം പാലിക്കാം എന്ന് മഅദനിയെ രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള LDF ഉം നിശ്ചയിച്ചു കാണണം. എന്നാല്‍ ലീഗ് നേതാക്കന്മാര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍, ലീഗിന്റെ നിരപരാതിത്വം വെളിപ്പെടുത്തുകയും, രാഷ്ട്രീയക്കാരന്റെ കള്ളത്തരത്തില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത   മഅദനി അത് വിശ്വസിക്കുകയും ചെയ്യും. ആ വിശ്വാസം അടുത്ത തവണ മഅദനി ജയില്‍ മോചിതനാകുമ്പോള്‍ ചന്ദ്രശേകരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മഅദനിക്കു കൊടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷ സ്ഥാനം CPIM ന്റെ നേതാക്കന്മാര്‍ക്ക് നഷ്ടപ്പെടുത്തിയേക്കാം. ഈ ഭയമാണ്, ലീഗ് നേതാക്കന്മാരെക്കാള്‍ അരമണിക്കൂര്‍ മുമ്പേ അഗ്രഹാര ജയിലിന്റെ ഗേറ്റ് MA ബേബി കടന്നിരിക്കണം എന്ന പാര്‍ട്ടി തീരുമാനത്തിന് പിറകിലെന്ന്, രാഷ്ട്രീയം അല്പം പോലും അറിയാത്ത എനിക്ക് പോലും തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമായിരിക്കാം.  

ഒരുപാട് വൈകിയാണെങ്കിലും രണ്ടു മുന്നണികളും ഇപ്പോള്‍ കാണിക്കുന്ന ഈ താല്പര്യം ലക്‌ഷ്യം കാണട്ടെയെന്നു ആത്മാര്‍ഥമായി ആശിക്കാം. 
മഅദനി - താങ്കളുടെ ഇന്നത്തെ അവസ്ഥ കേള്‍ക്കുമ്പോള്‍ അതിയായ സങ്കടവും, വിഷമവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ വൃത്തികെട്ട രാഷ്ട്രീയ പാരമ്പര്യം വേണം, അല്ലെങ്കില്‍ ശക്തമായ ജന പിന്തുണ വേണം. ഇത് രണ്ടും കൈ മുതലായി ഇല്ലായെന്ന് പത്തു പതിമൂന്നു വര്‍ഷമായി താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്. സത്യ സന്ധനായ ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Tuesday 1 January 2013

2012 ല്‍ നിന്നും 2013 ലേക്ക്.

                  എന്തൊക്കയോ ചെയ്തു തീര്‍ത്തു, പലതും ബാക്കിയാക്കി രണ്ടായിരത്തി പന്ത്രണ്ടു വിട പറഞ്ഞപ്പോള്‍, സൃഷ്ടാവ് കനിഞ്ഞേകിയ ആയുസ്സിലെ ഒരു വര്‍ഷംകൂടി കൊഴിഞ്ഞു പോയല്ലോ എന്നൊരു ദുഖമുണ്ട് മനസ്സില്‍.

           കൊലപാതകങ്ങളും, ബാലാത്സങ്ങങ്ങളും ഒരുപാട് നടക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ദിവസവും പത്ര മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെതു മായിരിക്കും. എന്നാല്‍ ജ്യോതി എന്ന സഹോദരി ഡല്‍ഹിയുടെ തെരിവീധിയില്‍ ആറോളം കാമ വെറിയന്മാരായിട്ടുള്ള മനുഷ്യ മൃഗങ്ങളാല്‍ പിച്ചി ചീന്തപ്പെട്ടു എന്ന് കേട്ടപ്പോള്‍, ഒരുപാട് സങ്കടപ്പെട്ടു പോയി. ഒരിക്കലും ഞാന്‍ നേരിട്ട് കാണാത്ത ആ സഹോദരിയുടെ ജനനേന്ത്രിയത്തിലൂടെ കമ്പിവടി കയറ്റിയെന്നും, അത് പുറത്തെടുത്തപ്പോള്‍ കുടല്‍മാല പുറത്തു വന്നെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍, ഒരാണായി ഇന്ത്യയില്‍ ഞാന്‍ പിറന്നിട്ടും, ഈ ക്രൂര കൃത്യത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എനിക്ക് കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജയും പുച്ഛവും തോന്നി. ഈ വര്‍ഷത്തിലെ ഒരു വലിയ ദുഖമായി ജ്യോതിയുടെ വേര്‍പ്പാട് മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് 2012 എന്നില്‍ നിന്നും കടന്നു പോകുന്നത്.


             എന്തൊക്കയോ നേടി എന്ന് സ്വയം ആശ്വസിക്കുമ്പോഴും, കുഞ്ഞിത്ത എന്ന് ഞാന്‍ വിളിച്ചിരുന്ന, മോനെ എന്ന് മാത്രം എന്നെ അഭിസംബോധന ചെയ്തിരുന്ന, എന്റെ മാതാവിന് തുല്യം ഞാന്‍ കണ്ടിരുന്ന എന്റെ കുഞ്ഞിത്ത, ഹജ്ജിനു പോയി തിരിച്ചു വരുന്നതിനു മുമ്പായി സൌദിയില്‍ വെച്ച് മരണപ്പെട്ടത് 2012 ല്‍ എനിക്ക് താങ്ങാവുന്നതിലും അധികമുള്ള ദുഖവും നഷ്ടവുമായിരുന്നു. നാഥാ നിന്റെ അപാരമായ സ്വര്‍ഗ്ഗത്തില്‍ ആ കുഞ്ഞിത്തയോട് കൂടെ ഞങ്ങളെയും നീ ഉള്‍പ്പെടുത്തണമേ.



                     മൂന്നു മക്കളുടെ പിതാവായ എനിക്ക്, മൂത്തത് രണ്ടും ആണ്മക്കളായപ്പോള്‍ ( മിസ്വബ്, റയ്യാന്‍ ) മൂന്നാമത്തെതൊരു പെണ്‍കുട്ടി യാകണമെന്നു ഞാന്‍ ഒരുപാട് ആഗ്രഹിച്ചു, പ്രാര്‍ഥിക്കുകയും ചെയ്തു. എന്റെ പ്രാര്‍ത്ഥനക്കുള്ള പ്രതിഫലമെന്നോണം എനിക്കൊരു പെണ്‍കുട്ടിയെ (സിദ്രത്തുല്‍ മുന്‍തഹ) തന്നു സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചത് 2012 ലെ നവംബര്‍ 19 നായിരുന്നു. 2012 ലെ എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ മകളുടെ പിറവി തന്നെയാണ്. 2012 നെ ഞാന്‍ എന്നും ഓര്‍ക്കുന്നതും എന്റെ മകളുടെ ഈ പിറവിയെ അനുസ്മരിച്ചു കൊണ്ടായിരിക്കും.    

                        കുറെ പ്രതീക്ഷകളും, ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കി 2013 നെ വരവേല്‍ക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും ഞാനാശംസിക്കുന്നു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതു വര്‍ഷം.