Tuesday 1 October 2013

നാദിയ കരയാറില്ല ..

എന്റെ ഷഹ്സാദിന്, നീ ഉറങ്ങി കൊള്ളുക. അനന്ത വിശാലമായ ആ ലോകത്ത്, ചെയ്ത നന്മകളുടെ പ്രതിഫലവും നേടിനിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാര മായിരുന്ന ആ കൊച്ചു ഭവനം ഇന്ന് ഞാന്‍ സന്ദര്‍ശിച്ചപ്പോള്‍, എന്നെ ഏറ്റവും കൂടുതല്‍ ദുഖിപ്പിച്ചത്, എന്റെ അസൂയ നേരിട്ടറിയിക്കാന്‍ ഇന്ന് നീ ജീവിച്ചിരിപ്പില്ലല്ലോ  എന്നതായിരുന്നു.നീ പറയാറില്ലേ? ''വിദ്യാഭ്യാസമുള്ള ഒരു കഴുതയാണ്‌ എന്റെ നാദിയായെന്നു ''. എന്നാല്‍ ആ അഭിപ്രായത്തോട്  പൂര്‍ണ്ണമായും വിയോജിക്കാനാണ് ഇന്നെനിക്കിഷ്ടം. നീ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിന്റെ ആ വീടിന്റെ മതില്‍ കെട്ടു മുതല്‍ ഉള്‍ഭാഗം വരെ ഓരോ ഇഞ്ച് സ്ഥലത്തിനും, നീ എന്നോട് പറയാറുള്ള പ്രതീക്ഷ കള്‍ക്കും സങ്കല്പങ്ങള്‍ക്കും ജീവന്‍ വെക്കുന്നതായി എനിക്ക്  തോന്നി.  'ആഷിയാന' - ഇതായിരുന്നല്ലോ വീടിനു നല്‍കാന്‍ നീ കരുതിയിരുന്ന നാമം. ഇത് തന്നെയാണ് ഗൈറ്റിനു മുകളില്‍ ഞാന്‍ കണ്ട പേരും. നീ വിട പറയുമ്പോള്‍ അഞ്ചും മൂന്നും വയസ്സുണ്ടായിരുന്ന നിന്റെ മക്കള്‍ക്കും നീ സുപരിചിതനാണിന്ന്.നാദിയയുമായി  സംസാരിച്ചപ്പോള്‍ നിന്നിലൂടെ ഞാന്‍ മനസ്സിലാക്കിയ സ്ത്രീയേക്കാള്‍  എത്രയോ വലിയവളാണ് ഇന്നവളെന്നു എനിക്ക് ബോധ്യമായി. നിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഇന്നവളുടെ ജീവിത ലക്‌ഷ്യം.
നാദിയ , നിന്നെ കുറിച്ച് പറയാന്‍ തുടങ്ങിയപ്പോള്‍, അവള്‍ മറ്റേതോ ലോകത്താണോ എന്ന് ഞാന്‍ ആദ്യം സംശയിച്ചു. ''തന്നെ പിടികൂടിയ അര്‍ബുധ രോഗം ആന്തരികാവയവങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കയാണെന്നും, ശരീരം മരണത്തിനു കീഴടങ്ങി കൊണ്ടിരിക്കയാണെന്നും  സ്വയം മനസ്സിലാക്കിയിട്ടും, ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഒഴികെ മറ്റാരെയും അറിയിക്കാതെ, തന്റെ വിയോഗത്തിന് ശേഷമുള്ള  ഭാര്യയുടെയും മക്കളുടെയും ഭാവിയെ കുറിച്ച് പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു എന്റെ ഷഹ്സാദ്. ഒരു ദിവസം പോലും മുടങ്ങാതെ ഡയറിയില്‍ കുത്തിക്കുറിക്കുമ്പോള്‍ അത് എന്നോട് പറയാന്‍ ബാക്കി വെച്ച ആഗ്രഹങ്ങളും, പ്രതീക്ഷകളും ഉപദേശങ്ങളുമായിരുന്നു . തന്റെ അസുഖത്തെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ജീവിച്ച ആ മൂന്നു വര്‍ഷത്തെ  ഡയറി താളുകള്‍ മാത്രം മതി എനിക്ക് ഈ ആയുസ്സ് മുഴുവന്‍ എന്റെ ഷഹ്സാദിന്റെ ആഗ്രഹത്തിനനുസരിച്ചു ജീവിച്ചു തീര്‍ക്കാന്‍. ഒരുപക്ഷെ, പ്രവാസിയായ ഭര്‍ത്താക്കന്മാര്‍ മരിക്കുന്നതോടെ കുടുംബം വഴിയാധാരമാകുന്ന  പല കഥകളും കേട്ടതും അറിഞ്ഞതുകൊണ്ടു മായിരിക്കാം ഷഹ്സാദ്, തന്റെ വിയോഗത്തിന് ശേഷമുള്ള കുടുംബത്തിന്റെ ഭാവിയെ കുറിച്ച് വ്യക്തമായ ഒരു രൂപ രേഖ തയ്യാറാക്കിയത്.ഒരു പുരുഷന്റെ തണലില്ലാതെ ഒരു സ്ത്രീ എങ്ങിനെ ഈ സമൂഹത്തില്‍ ജീവിക്കുമെന്നാണ്  എന്നെ അടുത്തറിയുന്ന പലരുടെയും ആശങ്ക.  ഒരു പുനര്‍ വിവാഹത്തെ കുറിച്ച് ചിന്തിച്ചു കൂടെ എന്ന് പലരും ചോദിക്കുന്നു.  മോഹന വാക്താനങ്ങളുമായി അടുത്ത് കൂടുന്ന പലരും കരുതുന്നത് വെറും കാമവെറി പൂണ്ടു നില്‍ക്കുന്ന ഒരു വിധവയാണ് ഞാനെന്നാ.എന്നാല്‍ ആറു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍  ഒരു ഭര്‍ത്താവിന്റെ എല്ലാ ദൗത്യങ്ങളും നിര്‍വഹിച്ചു കഴിഞ്ഞിരുന്നു എന്റെ ഷഹ്സാദ്. മനസ്സില്‍ മാത്രം ഞാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍, തുറന്നു പറയാതെ തന്നെ സാധിപ്പിച്ചു തരുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതം തോന്നാറുണ്ടായിരുന്നു. പറയാന്‍ ബാക്കി വെച്ചതെല്ലാം ഡയറിത്താളുകളില്‍ കുറിച്ച് വെച്ചിരിക്കുന്നു. ഇനിയെന്തിനു എനിക്കൊരു ഭര്‍ത്താവ് ഈ ഭൂമിയില്‍ ? ഷഹ്സാദിന്റെ വലിയൊരാഗ്രഹമായിരുന്നു എന്നെ സ്കൂള്‍ ടീച്ചര്‍ ആയി കാണുക എന്നത്. ഒരുപാട് പ്രതിസന്ധികളെ മറികടന്നാണ് എന്നെ കൊണ്ട് B Ed   എടുപ്പിച്ചതും. എന്നാല്‍ ഷഹസാദിന്റെ ആ ഉറച്ച തീരുമാനം, ഇന്നെനിക്കു  ആരെയും ആശ്രയിക്കാതെ ജീവിക്കാനും മക്കളെ പോറ്റാനുമുള്ള  ഒരു ജീവിത മാര്‍ഗ്ഗമാണ്. എനിക്ക് ഏറ്റവും അടുത്തവര്‍ പലപ്പോഴും എന്നോട് ചോദിക്കാറുണ്ട് 'ഒരിറ്റു കണ്ണുനീര്‍ പോലും വരുത്താതെ എങ്ങിനെ പിടിച്ചു നില്ക്കാന്‍ കഴിയുന്നു നിനക്കെന്നു'. അകാലത്തില്‍ താന്‍ മരണ മടഞ്ഞാല്‍, ഒരിക്കലും തന്നെ ഓര്‍ത്തു കരയരുത് എന്ന് മരിക്കുന്നതിന്റെ തൊട്ടു മുമ്പത്തെ ദിവസം എന്നോട് ഫോണിലൂടെ ഷഹ്സാദ് പറഞ്ഞപ്പോള്‍, അത് മരണം മുന്നില്‍ കണ്ടു ജീവിക്കുന്ന ഒരു രോഗിയുടെ അവസാന വാക്കായിരിക്കുമെന്നു ഞാന്‍ കരുതിയില്ല. എന്റെ കണ്ണുകള്‍ പോലും ആ വാഗ്ദത്ത നിര്‍വഹണത്തിലാണിന്നു''

ഷഹ്സാദ് ശാന്തമായി ഉറങ്ങുക നീ , ഇന്നെലകളെ കുറിച്ചുള്ള പരാതിയോ നാളെയെ കുറിച്ചുള്ള വേവലാതിയോ ഇല്ലാത്ത നിന്റെ ഭാര്യയില്‍ അഭിമാനം കൊണ്ടു തന്നെ.         ഒരിക്കലും മരണമില്ലാത്ത ഷഹ്സാദിന്റെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍
...പ്രിയ സുഹൃത്ത്‌...


Monday 2 September 2013

എന്റെ ഷാജുക്ക ..

ഷാജുക്ക
വളരെ ചെറുപ്പത്തിലെ Shajuക്കാനെ (എന്റെ രണ്ടാമത്തെ ജേഷ്ടന്‍) ഞാന്‍ ശരിക്കും മനസ്സിലാക്കിയത് കൊണ്ട്, അദ്ദേഹത്തിന്റെ തട്ടിപ്പില്‍ ഞാന്‍ ഇരയാവാറില്ല. എന്നാല്‍ പാവം ഫസീല (ഞങ്ങളുടെ പെങ്ങള്‍ ) എന്നും അതിനു ബാലിയാടാകും).

ഒരിക്കല്‍ സ്കൂള്‍ വെക്കേഷന്‍ സമയത്ത് ഫിറോസ്‌ (ഉപ്പാടെ കുടുംബത്തില്‍ പെട്ടൊരു പയ്യന്‍) ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നു.
നല്ല ഉഷ്ണ കാലമായതു കൊണ്ട് അന്ന് ഞാനും, ഫിറോസും, ഷാജുക്കയും, വെല്ലിമ്മയും (ഉമ്മാടെ ഉമ്മ) പുറത്തു കൊലായിലാണ് കിടന്നത്. കരണ്ടും ഇല്ലായിരുന്നു അന്ന്. ചെറിയ വിശറി കൊണ്ട് വീശി, ചൂടില്‍ നിന്നും ഞങ്ങള്‍ സ്വയം ആശ്വാസം കണ്ടെത്തി കൊണ്ടേ യിരുന്നു.

പെട്ടന്നാണ് ഷാജുക്കാടെ പ്രഖ്യാപനം ഉണ്ടായത് - ''ഞാന്‍ ഉറങ്ങുന്നത് വരെ എന്നെ ആരെങ്കിലും വീശി തന്നാല്‍, അവര്‍ക്ക് നാളെ രാവിലെ രണ്ടു രൂപ പ്രതിഫലമായി നല്‍കുന്നതാണ്''.

ഒഫെര്‍ നല്‍കുന്ന ആള്‍ ഷാജുക്ക ആയാത് കൊണ്ട് തന്നെ, ഞാന്‍ കേള്‍ക്കാത്ത പോലെ കിടന്നു.
വീണ്ടും ഷാജുക്ക ഓഫര്‍ ആവര്‍ത്തിച്ചു.

ഇരുപത്തഞ്ചു വര്‍ഷം മുമ്പ് അഞ്ചിലോ ആറിലോ പഠിക്കുന്ന എനിക്ക്, രണ്ടു രൂപ സ്വന്തമാക്കാന്‍ ആര്‍ത്തി ഇല്ലാഞ്ഞിട്ടല്ല, ആ ഒഫെര്‍ സ്വീകരിക്കാതിരുന്നത് എന്ന് എന്നെക്കാള്‍ നന്നായി ഷാജുക്കാക്കും അറിയാം.

എന്നാല്‍ പാവം ഫിറോസ്‌ ആ ഒഫെര്‍ സ്വീകരിച്ചു. അവനെ പിന്തിരിപ്പിക്കാന്‍ ഒരു വട്ടം ഞാന്‍ ശ്രമിച്ചെങ്കിലും അവന്‍ അതിനു തയ്യാറായിരുന്നില്ല. എങ്കില്‍ അവന്റെ വിധി അവന്‍ തന്നെ അനുഭവിക്കട്ടെ യെന്നു ഞാനും കരുതി.

എന്റെ അടുത്ത് കിടന്നിരുന്ന ഫിറോസ്‌ എഴുന്നേറ്റ് ഷാജുക്കാടെ അടുത്ത് ചെന്നിരുന്നു, വിശറിയെടുത്ത് വീശാന്‍ തുടങ്ങി. ആ വീശല്‍ എത്ര നേരം തുടര്‍ന്നു എന്നെനിക്കറിയില്ല. ഞാന്‍ ഒന്നുറങ്ങി എഴുന്നേല്‍ക്കുമ്പോഴും ഫിറോസ്‌ വീശുന്നുണ്ടായിരുന്നു.

പാതി മയക്കത്തില്‍ ഞാന്‍ പറഞ്ഞു ''എടാ ഇക്ക ഉറങ്ങിയെങ്കില്‍ നീ വന്നു കിടന്നോ'.
അവന്‍ ഇക്ക ഉറങ്ങി എന്നുറപ്പു വരുത്തി എന്റെ അടുത്ത് വന്നു കിടന്നു.

പെട്ടെന്ന് ആരുടെയോ സംസാരം കേട്ട് ഞാന്‍ തല പൊക്കി നോക്കിയപ്പോള്‍ ഷാജുക്ക പറയുന്നുണ്ടായിരുന്നു.

''വീശല്‍ നിര്‍ത്തി അല്ലേ ? ഞാന്‍ ഉറങ്ങിയിട്ടൊന്നുമില്ല. ഇനി രണ്ടാമത് നിനക്ക് വേണമെങ്കില്‍ വീശി തുടങ്ങാം. ഇത് വരെ വീശിയത് എല്ലാം കാന്‍സല്‍ ആയി ''.

അതിനുള്ള ഫിറോസിന്റെ മറുപടി കേള്‍ക്കുമ്പോഴേക്കും ഞാന്‍ വീണ്ടും ഉറങ്ങിയിരുന്നു.

Saturday 8 June 2013

മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍



ഇരുപതാമത്തെ വയസ്സില്‍ പ്രവാസ മോഹവുമായി ഞാന്‍ എത്തിപ്പെട്ടത് സലാലയിലായിരുന്നു. പ്രത്യേകിച്ച് ഒരു ജോലിയും, സ്വന്തമായി ചെയ്തു പരിചയമില്ലാത്ത ഞാന്‍ പല ജോലികളും അവിടെ ചെയ്തു. പതിനൊന്നു വര്‍ഷത്തെ അവിടുത്തെ ജീവിതം, ജനിച്ചു വളര്‍ന്ന എന്റെ സ്വന്തം നാട് കഴിഞ്ഞാല്‍, എനിക്ക് ഏറ്റവും പ്രിയമുള്ളതാക്കി സലാല. ഏതൊരു മലയാളി മനസ്സിനെയും കീഴടക്കാന്‍ പ്രാപ്തമായിരുന്നു സലാലയിലെ കേരളത്തെ വെല്ലുന്ന തെങ്ങിന്‍ തോപ്പുകളും വാഴ കൃഷികളും. വര്‍ഷത്തില്‍ മൂന്നു മാസം ലഭിക്കുന്ന ചാറ്റല്‍ മഴയും, മേഘാവൃതമായ കാലാവസ്ഥയും സലാലയെ വീണ്ടും മറ്റു ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കി.


സാധാരണയില്‍ ഗള്‍ഫില്‍ എത്തി ഒരു ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കിയാല്‍, ഒരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ  പ്രതീതിയാണ് സാധാരണക്കാര്‍ക്കിടയില്‍. സലാലയിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ആ ബിരുദാനന്തര ബിരുദം ഞാന്‍ സ്വന്തമാക്കിയിരുന്നു.


ലൈസന്‍സ് കിട്ടി ദിവസങ്ങള്‍ക്കകം, വാഹനത്തെ കുറിച്ചോ റോഡിനെ കുറിച്ചോ കൂടുതലൊന്നും അറിയാത്ത ഞാന്‍, മാധവ്ജി വെല്ജി എന്ന ഫുഡ്‌ സ്റ്റഫ് കമ്പനിയില്‍ ഡ്രൈവര്‍ കം സയില്‍സ്മാന്‍ ആയി ജോലിക്ക് കയറി. പുതിയ സയില്‍സ്മാന്റെ കഴിവ് പരീക്ഷിക്കാന്‍ കമ്പനി, കുറെ കാലമായി ഉപയോഗിക്കാതെ കിടന്നിരുന്ന ഒരു നിസ്സാന്‍ ഉര്‍വാന്‍ ഡെലിവറി വാന്‍ എനിക്ക് തരുമ്പോള്‍ മറ്റൊരു ലക്ഷ്യവും കൂടി ഉണ്ടായിരുന്നു. ഒരുപാട് കാലമായി കെട്ടി കിടപ്പുള്ള കുറെ വീട്ടുപയോഗ സാധനങ്ങള്‍ വണ്ടിയില്‍ കുത്തി നിറക്കുക. സാധാരണ മാര്‍ക്കറ്റില്‍ വിറ്റ് പോകാന്‍ സാധ്യതയില്ലാത്ത സാധനങ്ങള്‍ ആയതു കൊണ്ട് വല്ലാത്തൊരു പരീക്ഷണമായിരുന്നു എനിക്കത്. എന്നാല്‍ വിശാല മനസ്കരായ കമ്പനിയിലെ മറ്റു സയില്‍സ്മാന്മാര്‍ ഒരു ഉപാധി പറഞ്ഞു തന്നു. ഈ സാധനങ്ങളുമായി നീ ജെബല്‍ (മല) കയറുക. അവിടെ സാധാരണ സയില്‍സ് വാഹനങ്ങള്‍ എത്താത്ത സ്ഥലങ്ങളും കടകളുമുണ്ട്.  ഏതെങ്കിലും സയില്‍സ് വാഹനങ്ങള്‍ അവിടെ ചെന്നാല്‍ അവിടുത്തെ കടക്കാര്‍, വണ്ടിയില്‍ കാണുന്ന സാധനങ്ങള്‍ കൂടുതലും മേടിച്ചു കടയില്‍ സ്റ്റോക്ക് ചെയ്യും. നിനക്ക് എളുപ്പത്തില്‍ സയിലും നടക്കും. 

കേട്ടപാതി ഞാന്‍ പോകേണ്ട വഴിയും സ്ഥലവും ചോദിച്ചറിഞ്ഞു. വാഹനം ഓടിക്കാനുള്ള ഒരു പുതിയ ഡ്രൈവറുടെ ആവേശവും, ജോലിയില്‍ പിടിച്ചു നില്‍ക്കാനുള്ള ആര്‍ത്തിയും എന്നെ ജബലിലേക്ക് കച്ചവടത്തിനയച്ചു. ജൂലൈ മാസത്തെ  മേഘാവൃതമായ കാലാവസ്ഥയായിരുന്നു അന്ന്.


ജെബലിനു മുകളിലേക്ക് കയറും തോറും അന്തരീക്ഷം കൂടുതല്‍ ഇരുണ്ടതാവാന്‍ തുടങ്ങി. ജെബലിനു മുകളില്‍ എത്തിയപ്പോഴേക്കും തൊട്ടടുത്ത വാഹനത്തെ പോലും കാണാന്‍ സാധിക്കാത്ത നിലയില്‍ കോടമഞ്ഞു കൊണ്ട് മൂടിയിരുന്നു അന്തരീക്ഷം മുഴുവന്‍. എന്തായാലും വന്നതല്ലേ മുന്നോട്ടു പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്തിട്ടും തൊട്ടു മുന്നില്‍ പോകുന്ന വാഹനത്തെ കാണാന്‍ കഴിയില്ലായിരുന്നു. റോഡിനു നടുവില്‍ പിടിപ്പിച്ചിട്ടുള്ള റിഫ്ലക്ടറിന്‍റെ സഹായത്തോടെ ഞാന്‍ ആദ്യ കടയിലെത്തി. കുറച്ചു സാധനങ്ങള്‍ ആ കടക്കാരന്‍ മേടിച്ചപ്പോള്‍ എനിക്ക് ആവേശം കൂടി. ഇനി അടുത്ത കട എവിടെയാണ് എന്ന എന്റെ ചോദ്യത്തിന് കടക്കാരന്‍ മറുപടി തന്നു.



''ഇവിടെ നിന്നും അഞ്ചു കിലോമീറ്റെര്‍ പോയാല്‍ ഒരു കടയുണ്ട്, പക്ഷെ ഇപ്പോള്‍ വന്നത് പോലെയുള്ള ടാറിട്ട റോഡല്ല. ആ കടക്കാരന്‍ സാധനങ്ങള്‍ നന്നായി മേടിക്കും. ഇവിടെ വരുന്ന സയില്‍സ് വണ്ടിക്കാരെയെല്ലാം  അങ്ങോട്ട്‌ അയക്കണം എന്ന് എന്നോട് പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. റോഡു ശരിയല്ലാത്തത് കൊണ്ട് ആരും അങ്ങോട്ട്‌ പോകാന്‍ തയ്യാറാവാറില്ല. താല്പര്യമുണ്ടെങ്കില്‍ പൊയ്ക്കോ, കച്ചവടം നന്നായി നടക്കും''. 


എന്നിലുള്ള പുതു സയില്‍സ്മാന്‍ സടകുടഞ്ഞെഴുന്നേറ്റു. ഒരല്പം ത്യാഗം സഹിച്ചായാലും അങ്ങോട്ട്‌ പോവുക തന്നെ ചെയ്യാം. ആദ്യ ദിവസം തന്നെ വണ്ടിയിലെ സാധനങ്ങളെല്ലാം കാലിയാക്കി കമ്പനിയിലേക്ക് തിരിച്ചു ചെല്ലുന്ന എന്നെ ഞാന്‍, വിജയശ്രീ ലാളിതനായി വരുന്ന ഒരു യോദ്ധാവായി സ്വപ്നം കണ്ടു. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത എന്റെ അടുത്ത് വന്നു കടക്കാരന്‍ ഓര്‍മ്മപ്പെടുത്തി. 
 

''വണ്ടി സൂക്ഷിച്ചു ഓടിക്കണേ, വലിയ ഗര്‍ത്തങ്ങളാണ് രണ്ടു ഭാഗവും''. 

ശരി - ഞാന്‍ തല കുലുക്കി സമ്മതിച്ചു. ഒരുപാട് കാലത്തെ  പരിചയമുള്ള ഒരു ഡ്രൈവറുടെ ഭാവത്തില്‍ ഞാന്‍ വണ്ടി മുന്നോട്ടെടുത്തു.  രണ്ടു  കിലോ മീറ്റെറോളം മുന്നോട്ടു പോകുമ്പോഴേക്കും റോഡ്‌ വളരെ അപകടം നിറഞ്ഞതായി അനുഭവപ്പെട്ടു. ഇരു ഭാഗത്തും വലിയ വലിയ താഴ്ചകളും അഗാതമായ ഗര്‍ത്തങ്ങളും എന്റെ ആത്മ ബലത്തെ ദുര്‍ബലപ്പെടുത്തി കൊണ്ടിരുന്നു. മുന്നോട്ടു പോകും തോറും വണ്ടി ഇടത്തോട്ടും വലത്തോട്ടും മറിയും വിധം ആടിയുലഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് വണ്ടിയുടെ പിന്‍ ചക്രം ഒരു കുഴിയിലേക്ക് ഇറങ്ങി. മുന്നിലോട്ടു വണ്ടി എടുക്കാന്‍ ശ്രമിക്കും തോറും പിന്‍ ചക്രം വഴുതു വഴുതി താഴേക്കു പോകുന്നതായി മനസ്സിലായി.  പുറത്തിറങ്ങി നോക്കിയപ്പോള്‍ വണ്ടിയുടെ പിന്‍ ഭാഗം പൂര്‍ണ്ണ മായും  ചെരിഞ്ഞിരിക്കുന്നു. ഇടത്തും വലത്തും വലിയ കൊക്കകളാണ് കാണുന്നത്. 


വണ്ടി മുന്നിലോട്ടു എടുക്കാനുള്ള എന്റെ ഓരോ ശ്രമത്തിലും കൊക്കയിലേക്ക് മറിയാന്‍ പരുവത്തില്‍ വണ്ടി പിറകിലോട്ടു വീണ്ടും വീണ്ടും ചെരിഞ്ഞു കൊണ്ടിരുന്നു. കൈ കാലുകള്‍ വിറക്കാന്‍ തുടങ്ങി. നൊന്തു പ്രസവിച്ച മാതാവിന്റെയും, ജന്മം നല്‍കിയ പിതാവിന്റെയും, ഗുരുക്കന്മാരുടെയും മുഖങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നു. സഹായിക്കാന്‍ സര്‍വ്വേശ്വരനല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന ബോധം മനസ്സിനെ പ്രാര്‍ഥനാ നിര്‍ഭരമാക്കി.  എന്റെ ശരീരം വിയര്‍ക്കാന്‍ തുടങ്ങി. കൈ മുതലായി ഉണ്ടായിരുന്ന ആത്മ ബലം മുഴുവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. ഫലം കാണാത്ത എന്റെ ശ്രമത്തിന്റെ രണ്ടു മണിക്കൂറിനുള്ളില്‍ ഒരു വാഹനം പോലും ആ വഴിയെ വന്നതില്ല. ഇരുള്‍ മൂടിയ ആ മല മുകളില്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ സങ്കടപ്പെട്ടു. പച്ച വെള്ളം പോലും കുടിക്കാതെ വീണ്ടും മണിക്കൂറുകള്‍ നീങ്ങി. സമയം രാത്രിയോടടുത്തു കൊണ്ടിരുന്നു. കണ്ണു നീരിനു പകരം രക്തം കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി കവിള്‍ തടങ്ങളെ നനക്കുന്നതായി തോന്നി. വിശപ്പിന്റെ കാഠിന്യം കൊണ്ട് തല ചുറ്റാന്‍ തുടങ്ങി. പൊട്ടുമാറു പരുവത്തില്‍ ചങ്ക് വരണ്ടു ഉണങ്ങി. അട്ടഹസിച്ചു ഒന്ന് കരയാന്‍ പോലും ശേഷിയില്ലാത്തണ്ണം ഞാന്‍ തളര്‍ന്നു.

വണ്ടി കയറ്റാനുള്ള എന്റെ ഓരോ ശ്രമവും മരണത്തെ മുന്നില്‍ കാണിക്കുകയായിരുന്നു. ഈ വണ്ടിയോട് കൂടെ ഞാന്‍ ഈ കൊക്കയിലേക്ക് മറിഞ്ഞാല്‍ ആഴ്ചകള്‍ക്കും മാസങ്ങള്‍ക്കും ശേഷമായിരിക്കും ഒരു പക്ഷെ ഡെഡ് ബോഡി കിട്ടുന്നത്. വേണ്ടപ്പെട്ടവര്‍ക്ക് ഒന്ന് കാണാന്‍ പോലും പറ്റാത്ത നിലയില്‍ അഴുകിയിരിക്കും അപ്പോള്‍ എന്റെ ശരീരം. എന്റെ കുടുമ്പക്കാരും, എന്നെ സ്നേഹിക്കുന്നവരും എങ്ങിനെയായിരിക്കും ആ വാര്‍ത്തയെ സ്വീകരിക്കുന്നത്? എന്റെ ചിന്തകള്‍ മരണത്തെ കുറിച്ച് മാത്രമായി. 
മനസ്സിലെ ഭയവും, വിശപ്പിന്റെ കാഠിന്യവും എന്റെ തളര്‍ച്ചയെ പരിപൂര്‍ണ്ണമാക്കി. ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്ന ഞാന്‍ പതുക്കെ തളര്‍ന്നു സ്റ്റിയറിങ്ങിലേക്ക് വീണു. എന്റെ ബോധം പൂര്‍ണ്ണ മായും നഷ്ടപ്പെട്ടിരുന്നു അപ്പോള്‍. ആ അബോധാവസ്ഥ എത്ര നേരം നീണ്ടു പോയി  എന്നെനിക്കറിയില്ല. 


പെട്ടെന്ന് മുഖത്തേക്ക് ശക്തമായ വെളിച്ചം വന്നടിച്ചു. തണുത്ത വെള്ളത്തുള്ളികള്‍  എന്റെ മുഖത്തെ നനച്ചപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു. വെള്ള വസ്ത്ര ധാരികളായ രണ്ടു പേര്‍ എന്റെ മുന്നില്‍ നില്‍ക്കുന്നു. ഞാന്‍ വീണ്ടും ഭയന്നു. ദൈവം പറഞ്ഞു വിട്ട മാലാഖമാരോ ഇത്? സംസാരിക്കാനൊന്നും അവര്‍ തുനിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം ലൈറ്റടിച്ച് നിര്‍ത്തിയ ലാന്‍ഡ് ക്രൂസര്‍ പിക്കപ്പും എന്റെ വണ്ടിയും ബെല്‍റ്റ്‌ കൊണ്ട് ബന്തിപ്പിച്ചു. അവരുടെ വണ്ടി മുന്നിലേക്ക്‌ നീങ്ങുന്നതനുസരിച്ചു എന്റെ വണ്ടിയും ചലിച്ചു കൊണ്ടിരുന്നു. മൂന്നു കിലോമീറ്ററോളം വലിച്ചു എന്റെ വണ്ടിയെ ടാറിട്ട റോട്ടിലേക്ക് എത്തിച്ചു ആ ലാന്‍ഡ് ക്രൂസര്‍. ഞാന്‍ വണ്ടിയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍, വെള്ള വസ്ത്ര ധാരികളായ ആ അറബികള്‍ ബെല്‍റ്റ്‌ വേര്‍പ്പെടുത്തി അവരുടെ വണ്ടിയിലേക്ക് തിരിച്ചു കയറിയിരുന്നു. ഒരു നന്ദി പറയാന്‍ ഞാന്‍ അടുത്തേക്ക് ചെല്ലുമ്പോഴേക്കും ആ വണ്ടി മുന്നോട്ടു നീങ്ങി....
മുന്നോട്ടു കുതിക്കുന്ന ആ വണ്ടിക്കാരോട് ഞാന്‍ കൈകള്‍ പൊക്കി ഉറക്കെ അട്ടഹസിച്ചു.


''മഷ്കൂര്‍ യാ ഇഖ്‌വാന്‍ മഷ്കൂര്‍'' - നന്ദി സഹോദരങ്ങളെ നന്ദി .  


അതിനു മുമ്പോ ശേഷമോ ഞാന്‍ എന്റെ ജീവിതത്തില്‍ അങ്ങനൊരു നന്ദി ആരോടും പറഞ്ഞതായി ഓര്‍ക്കുന്നില്ല.

മലയാളം ബ്ലോഗേഴ്സ് (https://www.facebook.com/groups/malayalamblogwriters)ഗ്രൂപ്പും, 
താങ്ക് യൂ എന്ന മലയാളം സിനിമയും (ttps://www.facebook.com/ThankYouMMovie )
സംയുക്തമായി നടത്തുന്ന  'thank you' എന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എഴുതിയതാണ് ഈ അനുഭവം.  

Thursday 3 January 2013

മഅദനിയുടെ രാഷ്ട്രീയം

                അബ്ദുനാസര്‍ മഅദനി സ്വതന്ത്രമായി വെളിയില്‍ ജീവിക്കുന്നതിനെ ആരൊക്കയോ ഭയക്കുന്നു വെന്നും, ആ ഭയക്കുന്നവര്‍ നിസാരക്കാരല്ലായെന്നും വേണ്ടേ, ആദ്യം ഒമ്പതരയും, ഇപ്പോള്‍ രണ്ടും വര്‍ഷത്തോളമായി അകാരണമായി ജയില്‍ ജീവിതം നയിക്കുന്ന മഅദനിയെ കുറിച്ച് പറയുമ്പോള്‍ ഓര്‍ക്കേണ്ടത്. പണ്ട് എപ്പോഴോ പ്രസംഗങ്ങളില്‍ അല്പം വികാര ഭരിതമായി സംസാരിച്ചു എന്നതിനപ്പുറം എന്ത് തെറ്റാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിട്ടുള്ളത്? തീവ്രമായി പ്രസംഗിച്ചു എന്നതായിരുന്നു അദ്ധേഹത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ ആരോപിച്ചിരുന്ന കുറ്റം. എന്നാല്‍ അദ്ദേഹത്തെക്കാള്‍ ആയിരം മടങ്ങ്‌ തീവ്രദയില്‍ പ്രസംഗിക്കുന്ന സ്ത്രീകള്‍ പോലും ഇന്ന് സ്വതന്ത്രമായി നടക്കുന്നില്ലേ നമ്മുടെ ഈ നാട്ടില്‍? എന്തെ അവരുടെ പേരില്‍ ഒരു പെറ്റിക്കേസ് പോലും ചാര്‍ജ് ചെയ്യാന്‍ പോലീസും മാറിവരുന്ന സര്‍ക്കാറുകളും തയ്യാറാകാത്തത്?

പൊന്നാനി ഇലെക്ഷന്‍ പ്രചാരണ സമയത്ത് പിണറായി വിജയന്റെ മദ്ഹ് (മഹത്വം) മഅദനി ആവേശത്തോടെ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത്, പണ്ട് മഅദനിയുടെ തന്നെ മത പ്രസംഗങ്ങളില്‍ കേട്ടിട്ടുള്ള ഇസ്ലാമിലെ വീര പുരുഷ്യന്മാരായ ബിലാലിന്റെയും (റ) ഹംസയുടെയും (റ) പേരുകളായിരുന്നു. 
എന്നാല്‍ മഅദനിക്കും  പിണറായിക്കും ഉദ്ദേശിച്ച റിസള്‍ട്ട്, പൊന്നാനിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അച്ചുതാനന്തന്‍ മഅദനിയെ തള്ളിപ്പറയുകയും കൂടി ചെയ്തപ്പോള്‍, മഅദനിയുടെ പ്രസംഗം (പിണറായി മദ്ഹ്) ലക്‌ഷ്യം കാണാതെ പോയി. പൊന്നാനിയില്‍ പോലും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത മഅദനിയെ രണ്ടു വര്‍ഷത്തോളം CPIM ഉം മനപ്പൂര്‍വ്വം മറന്നു.

പരപ്പന അഗ്രഹാര ജയിലിലെ ഈ രണ്ടു വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍  MA ബേബി അബ്ദുനാസര്‍ മഅദനിയെ സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്ത ദിവസവും, മുസ്ലിം ലീഗ് നേതാക്കന്മാര്‍ മഅദനിയെ കാണാന്‍ തിരഞ്ഞെടുത്ത ദിവസവും ഒന്നായി എന്നത് യാദൃശ്ചികമാണെന്ന് തോന്നുന്നില്ല.

മഅദനിയുടെ അറസ്റ്റ്‌ ലീഗ് നേതാക്കന്മാരുടെ ഗൂഡാലോചനയുടെ ഭാഗമാണെന്നും, ലീഗിന് ഇതില്‍ വ്യക്തമായ പങ്കുണ്ട് എന്ന് മഅദനി തന്നോട് പറഞ്ഞുവെന്നും, PTA റഹിം MLA അബ്ദുനാസര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിച്ചു, വെളിപ്പെടുത്തുന്നത് വരെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ' എന്നതായിരുന്നു മഅദനി വിഷയത്തില്‍ ലീഗിന്റെ നിലപാട്. എന്നാല്‍ റൌഫ് ചെയ്തപോലെ എന്തെങ്കിലും കൊടുംകൈ ചെയ്യാന്‍, മഅദനി - PTA ബന്ധം മൂലം കാരണമാകുമോ എന്ന ലീഗിന്റെ ഭയമായിരിക്കാം - ഈ നിലപാട് മാറ്റത്തിനും മുതിര്‍ന്ന നേതാക്കന്മാരെ തന്നെ എത്രയും പെട്ടെന്ന് ജയിലിലേക്ക് അയക്കാനും പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.


മഅദനി വിഷയത്തില്‍ UDF മൌനം പാലിക്കുന്നോളം കാലം, തങ്ങള്‍ക്കും മൌനം പാലിക്കാം എന്ന് മഅദനിയെ രാഷ്ട്രീയമായി ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള LDF ഉം നിശ്ചയിച്ചു കാണണം. എന്നാല്‍ ലീഗ് നേതാക്കന്മാര്‍ മഅദനിയെ ജയിലില്‍ സന്ദര്‍ശിക്കുമ്പോള്‍, ലീഗിന്റെ നിരപരാതിത്വം വെളിപ്പെടുത്തുകയും, രാഷ്ട്രീയക്കാരന്റെ കള്ളത്തരത്തില്‍ രാഷ്ട്രീയ പാരമ്പര്യമില്ലാത്ത   മഅദനി അത് വിശ്വസിക്കുകയും ചെയ്യും. ആ വിശ്വാസം അടുത്ത തവണ മഅദനി ജയില്‍ മോചിതനാകുമ്പോള്‍ ചന്ദ്രശേകരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മഅദനിക്കു കൊടുക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്വീകരണ യോഗത്തില്‍ അദ്ധ്യക്ഷ സ്ഥാനം CPIM ന്റെ നേതാക്കന്മാര്‍ക്ക് നഷ്ടപ്പെടുത്തിയേക്കാം. ഈ ഭയമാണ്, ലീഗ് നേതാക്കന്മാരെക്കാള്‍ അരമണിക്കൂര്‍ മുമ്പേ അഗ്രഹാര ജയിലിന്റെ ഗേറ്റ് MA ബേബി കടന്നിരിക്കണം എന്ന പാര്‍ട്ടി തീരുമാനത്തിന് പിറകിലെന്ന്, രാഷ്ട്രീയം അല്പം പോലും അറിയാത്ത എനിക്ക് പോലും തോന്നിയെങ്കില്‍ അത് യാദൃശ്ചികം മാത്രമായിരിക്കാം.  

ഒരുപാട് വൈകിയാണെങ്കിലും രണ്ടു മുന്നണികളും ഇപ്പോള്‍ കാണിക്കുന്ന ഈ താല്പര്യം ലക്‌ഷ്യം കാണട്ടെയെന്നു ആത്മാര്‍ഥമായി ആശിക്കാം. 
മഅദനി - താങ്കളുടെ ഇന്നത്തെ അവസ്ഥ കേള്‍ക്കുമ്പോള്‍ അതിയായ സങ്കടവും, വിഷമവുമുണ്ട്. നമ്മുടെ നാട്ടിലെ രാഷ്ട്രീയത്തില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ഒന്നുകില്‍ വൃത്തികെട്ട രാഷ്ട്രീയ പാരമ്പര്യം വേണം, അല്ലെങ്കില്‍ ശക്തമായ ജന പിന്തുണ വേണം. ഇത് രണ്ടും കൈ മുതലായി ഇല്ലായെന്ന് പത്തു പതിമൂന്നു വര്‍ഷമായി താങ്കള്‍ തെളിയിച്ചു കൊണ്ടിരിക്കയാണ്. സത്യ സന്ധനായ ഒരു മുസ്ലിം പണ്ഡിതന് പറ്റിയ പണിയല്ല നമ്മുടെ നാട്ടിലെ ഈ രാഷ്ട്രീയം എന്ന് ഇനിയും താങ്കള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Tuesday 1 January 2013

2012 ല്‍ നിന്നും 2013 ലേക്ക്.

                  എന്തൊക്കയോ ചെയ്തു തീര്‍ത്തു, പലതും ബാക്കിയാക്കി രണ്ടായിരത്തി പന്ത്രണ്ടു വിട പറഞ്ഞപ്പോള്‍, സൃഷ്ടാവ് കനിഞ്ഞേകിയ ആയുസ്സിലെ ഒരു വര്‍ഷംകൂടി കൊഴിഞ്ഞു പോയല്ലോ എന്നൊരു ദുഖമുണ്ട് മനസ്സില്‍.

           കൊലപാതകങ്ങളും, ബാലാത്സങ്ങങ്ങളും ഒരുപാട് നടക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ദിവസവും പത്ര മാധ്യമങ്ങള്‍ തുറന്നാല്‍ ഏറ്റവും കൂടുതല്‍ വാര്‍ത്തകള്‍ പീഡനങ്ങളുടെയും കൊലപാതകങ്ങളുടെതു മായിരിക്കും. എന്നാല്‍ ജ്യോതി എന്ന സഹോദരി ഡല്‍ഹിയുടെ തെരിവീധിയില്‍ ആറോളം കാമ വെറിയന്മാരായിട്ടുള്ള മനുഷ്യ മൃഗങ്ങളാല്‍ പിച്ചി ചീന്തപ്പെട്ടു എന്ന് കേട്ടപ്പോള്‍, ഒരുപാട് സങ്കടപ്പെട്ടു പോയി. ഒരിക്കലും ഞാന്‍ നേരിട്ട് കാണാത്ത ആ സഹോദരിയുടെ ജനനേന്ത്രിയത്തിലൂടെ കമ്പിവടി കയറ്റിയെന്നും, അത് പുറത്തെടുത്തപ്പോള്‍ കുടല്‍മാല പുറത്തു വന്നെന്നും മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍, ഒരാണായി ഇന്ത്യയില്‍ ഞാന്‍ പിറന്നിട്ടും, ഈ ക്രൂര കൃത്യത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും എനിക്ക് കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് എന്നോട് തന്നെ ലജ്ജയും പുച്ഛവും തോന്നി. ഈ വര്‍ഷത്തിലെ ഒരു വലിയ ദുഖമായി ജ്യോതിയുടെ വേര്‍പ്പാട് മനസ്സില്‍ അവശേഷിപ്പിച്ചുകൊണ്ടാണ് 2012 എന്നില്‍ നിന്നും കടന്നു പോകുന്നത്.


             എന്തൊക്കയോ നേടി എന്ന് സ്വയം ആശ്വസിക്കുമ്പോഴും, കുഞ്ഞിത്ത എന്ന് ഞാന്‍ വിളിച്ചിരുന്ന, മോനെ എന്ന് മാത്രം എന്നെ അഭിസംബോധന ചെയ്തിരുന്ന, എന്റെ മാതാവിന് തുല്യം ഞാന്‍ കണ്ടിരുന്ന എന്റെ കുഞ്ഞിത്ത, ഹജ്ജിനു പോയി തിരിച്ചു വരുന്നതിനു മുമ്പായി സൌദിയില്‍ വെച്ച് മരണപ്പെട്ടത് 2012 ല്‍ എനിക്ക് താങ്ങാവുന്നതിലും അധികമുള്ള ദുഖവും നഷ്ടവുമായിരുന്നു. നാഥാ നിന്റെ അപാരമായ സ്വര്‍ഗ്ഗത്തില്‍ ആ കുഞ്ഞിത്തയോട് കൂടെ ഞങ്ങളെയും നീ ഉള്‍പ്പെടുത്തണമേ.



                     മൂന്നു മക്കളുടെ പിതാവായ എനിക്ക്, മൂത്തത് രണ്ടും ആണ്മക്കളായപ്പോള്‍ ( മിസ്വബ്, റയ്യാന്‍ ) മൂന്നാമത്തെതൊരു പെണ്‍കുട്ടി യാകണമെന്നു ഞാന്‍ ഒരുപാട് ആഗ്രഹിച്ചു, പ്രാര്‍ഥിക്കുകയും ചെയ്തു. എന്റെ പ്രാര്‍ത്ഥനക്കുള്ള പ്രതിഫലമെന്നോണം എനിക്കൊരു പെണ്‍കുട്ടിയെ (സിദ്രത്തുല്‍ മുന്‍തഹ) തന്നു സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചത് 2012 ലെ നവംബര്‍ 19 നായിരുന്നു. 2012 ലെ എന്റെ ഏറ്റവും വലിയ സന്തോഷം എന്റെ മകളുടെ പിറവി തന്നെയാണ്. 2012 നെ ഞാന്‍ എന്നും ഓര്‍ക്കുന്നതും എന്റെ മകളുടെ ഈ പിറവിയെ അനുസ്മരിച്ചു കൊണ്ടായിരിക്കും.    

                        കുറെ പ്രതീക്ഷകളും, ആഗ്രഹങ്ങളും മനസ്സില്‍ ഒതുക്കി 2013 നെ വരവേല്‍ക്കുമ്പോള്‍ നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും ഞാനാശംസിക്കുന്നു സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും ഒരു പുതു വര്‍ഷം.