Wednesday 24 October 2012

എന്റെ പെരുന്നാള്‍ ........

           പെരുന്നാള്‍ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന മുഖം എന്റെ വെല്ലിമ്മയുടെതാണ് (ഉപ്പാടെ ഉമ്മ). 
പെരുന്നാളും മറ്റു ആഘോഷങ്ങളും വരുന്നു എന്ന്, ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേ ഞങ്ങളെ അറിയിച്ചിരുന്നത് വെല്ലിമ്മയുടെ ഒരുക്കങ്ങളായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും വാശി പിടിക്കുകയും ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു എന്റെ വെല്ലിമ്മ. 

ഉപ്പയെല്ലാം ജനിച്ചു വളര്‍ന്ന ഒരു കൊച്ചു വീട്, താമസ യോഗ്യമല്ലാഞ്ഞിട്ടും അത് ഒഴിവാക്കാന്‍ വെല്ലിമ്മ തയ്യാറായിരുന്നില്ല. ഇടക്കെല്ലാം ഞങ്ങളോട് പിണങ്ങി ചെന്നിരിക്കാന്‍ വെല്ലിമ്മ കണ്ടെത്തിയ ഒരിടമായിരുന്നു അത്. ഒരു ഹജ്ജ് പെരുന്നാളിന് തലേ ദിവസമാണത്രെ എന്റെ വെല്ലിപ്പ ആ വീട്ടില്‍ കിടന്നു മരിച്ചത്.  

പെരുന്നാളുകള്‍ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് ഞാനോ ജേഷ്ടന്മാരോ വെല്ലിമ്മാടെ ആ വീട്ടില്‍ യാസീന്‍ ഓതി (ഖുര്‍ആന്‍ പാരായണം) ദുആ ചെയ്തില്ലെങ്കില്‍, വെല്ലിമ്മ പെരുന്നാളിന് കൂടെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. അത്കൊണ്ട് തന്നെ പെരുന്നാളിന് ഒരാഴ്ചമുമ്പേ എന്റെ ഉമ്മ ചോദിക്കും. ''ഇപ്രാവശ്യം ആരാ വെല്ലിമ്മാടെ അവിടെ ഓതാന്‍ പോകുന്നെ''? എന്ന്. 

ഖുര്‍ആന്‍ ഓതിക്കഴിഞ്ഞാല്‍ എന്തെങ്കിലും കൈമടക്ക്‌ (ടിപ്സ്) വെല്ലിമ്മ തരാതിരിക്കില്ല. യാസീന്‍ ഓതാന്‍ വെല്ലിമ്മാക്ക് അറിയില്ലായെങ്കിലും, ഞങ്ങള്‍ ഓതുന്നതിനിടക്ക് കയറി വെല്ലിമ്മ ഒന്ന് ചോദിക്കും "എത്ര മുബീന്‍ ആയി മോനെ"? എന്ന്. 
അത് ചോദിക്കാന്‍ കാരണം - ഷാജുക്ക (എന്റെ രണ്ടാമത്തെ ജേഷ്ടന്‍) ആണ് ഖുര്‍ആന്‍ ഓതുന്നതെങ്കില്‍, ഏഴ് മുബീന്‍ എന്നത് മൂന്നോ നാലോ ആയി കുറയുമത്രെ. ഓതി കഴിയുമ്പോഴേക്കും ചായയും പലഹാരങ്ങളും റെഡി ആയിരിക്കും. അത് മുഴുവന്‍ കഴിച്ചില്ലെങ്കിലും വെല്ലിമ്മ പിണങ്ങും. 

പെരുന്നാളിന് രണ്ടു ദിവസം മുമ്പേ ഉമ്മയുടെ വക ഒരു ക്ലാസ് ഉണ്ടായിരിക്കും  ഞങ്ങള്‍ മക്കള്‍ക്ക്‌. ഉറക്കെ ചിരിക്കരുത്, കൂടുതല്‍ തമാശകള്‍ പറയരുത്, TV റേഡിയോ എന്നിവയില്‍ ഖുര്‍ആന്‍ പാരായണങ്ങളോ  ഇസ്ലാമിക പ്രോഗ്രാമുകളോ അല്ലാത്ത മറ്റൊന്നും വെക്കരുത്, പടക്കം പൊട്ടിക്കരുത്‌.  ഈ വിധ കാര്യങ്ങള്‍ വെല്ലിമ്മാനെ പ്രകോപിപ്പിക്കാനും, പിണങ്ങി പോകാനും ഇടം വരുത്തും എന്ന ഉമ്മയുടെ വര്‍ഷങ്ങളോളമായിട്ടുള്ള പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന സത്യം ഞങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ക്ലാസ്സിന്റെ മുഖ്യ ലക്‌ഷ്യം. 

പെരുന്നാളിന്റെ തലേ ദിവസം വെല്ലിമ്മാക്ക് വേണ്ടിയുള്ള മൈലാഞ്ചി അരക്കല്‍ പെങ്ങളുടെ ഡ്യൂട്ടിയില്‍ പെട്ടതാണ്. രാത്രി കൈ നിറയെ മൈലാഞ്ചി ഇടണമെന്നതും, അതിരാവിലെ എഴുന്നേറ്റു ആദ്യം കുളിക്കണമെന്നതും വെല്ലിമ്മാക്ക് നിര്‍ബന്തമായിരുന്നു. ഹജ്ജ് പെരുന്നാളിന്റെ ദിവസം അതിരാവിലെ ആദ്യം കുളിക്കുന്നവര്‍ക്ക് ഹജ്ജ് വെള്ളത്തില്‍ കുളിച്ച കൂലി കിട്ടും എന്നാണു വെല്ലിമ്മ പറയാറ്.  
എന്ത് സാധനം സ്വന്തമായി വെല്ലിമ്മാടെ കയ്യില്‍ കിട്ടിയാലും അത് ആര്‍ക്കെങ്കിലും വീതിച്ചു കൊടുത്താലേ വെല്ലിമ്മാക്ക് സമാധാനം ഉണ്ടാവൂ. ആരെങ്കിലും അതിനെ എതിര്‍ത്താല്‍ ഉടനെ വെല്ലിമ്മ പറയും, 'എനിക്കും മരിക്കണ്ടേ മോനെ' എന്ന്. ആ ചോദ്യം പലപ്പോഴും നെഞ്ചിനുള്ളിലേക്ക് തുളച്ചു കയറാറുണ്ട്. 

എന്റെ ആ വെല്ലിമ്മ ഇല്ലാത്ത മൂന്നാമത്തെ ഹജ്ജ് പെരുന്നാളാണ് ഇത്. നാഥാ! എന്റെ വെല്ലിമ്മാക്ക് നീ പൊറുത്തു കൊടുത്ത്, അവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടണമേ - ആമീന്‍.
എന്റെ വെല്ലിമ്മ - അറക്ക വീട്ടില്‍ ആയിഷ.
************************************************************************************
ഇബ്രാഹിം നബി (അ) ന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കൊടുവില്‍ ഇസ്മയില്‍ എന്ന കുഞ്ഞു പിറക്കുകയും, പിന്നീട് ആ കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ ദൈവ കല്പന ഉണ്ടായപ്പോള്‍, നിറഞ്ഞ മനസ്സോടെ ആ കല്പന നടപ്പിലാക്കാന്‍ ആ പിതാവ് തീരുമാനിക്കുകയും ചെയ്ത, ലോകത്തിലെ ഏറ്റവും വലിയ ത്യാഗ സ്മരണ നെഞ്ചിലേറ്റി ലോക മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍,

തനിക്ക് പിറന്ന പിഞ്ചു കുഞ്ഞിനേയും, ഭാര്യ ഹാജറയെയും മരുഭൂമിയില്‍ തനിച്ചാക്കി, ദൈവത്തിന്റെ മറ്റൊരു കല്പന നടപ്പിലാക്കാന്‍ യാത്ര പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ "എന്നെ ഈ കര്‍തവ്യം ഏല്‍പിച്ച നാഥന്‍ നിനക്ക് തുണയായി ഉണ്ടാകും ഹാജറ" എന്ന് പറഞ്ഞ ഇബ്രാഹിം നബി (അ) -
ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗം അനുഭവിക്കുന്ന മൊത്തം പ്രാവസികളുടെ കൂടി പ്രതിനിധിയായിരുന്നു എന്ന് പറയാനേ എനിക്ക് താല്പര്യം.
************************************************************************************
ഇവിടം സന്ദര്‍ശിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശസകള്‍.