Wednesday 24 October 2012

എന്റെ പെരുന്നാള്‍ ........

           പെരുന്നാള്‍ എന്ന് പറയുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന മുഖം എന്റെ വെല്ലിമ്മയുടെതാണ് (ഉപ്പാടെ ഉമ്മ). 
പെരുന്നാളും മറ്റു ആഘോഷങ്ങളും വരുന്നു എന്ന്, ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേ ഞങ്ങളെ അറിയിച്ചിരുന്നത് വെല്ലിമ്മയുടെ ഒരുക്കങ്ങളായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും വാശി പിടിക്കുകയും ചെയ്യുന്ന ഒരു കൊച്ചു കുട്ടിയെ പോലെയായിരുന്നു എന്റെ വെല്ലിമ്മ. 

ഉപ്പയെല്ലാം ജനിച്ചു വളര്‍ന്ന ഒരു കൊച്ചു വീട്, താമസ യോഗ്യമല്ലാഞ്ഞിട്ടും അത് ഒഴിവാക്കാന്‍ വെല്ലിമ്മ തയ്യാറായിരുന്നില്ല. ഇടക്കെല്ലാം ഞങ്ങളോട് പിണങ്ങി ചെന്നിരിക്കാന്‍ വെല്ലിമ്മ കണ്ടെത്തിയ ഒരിടമായിരുന്നു അത്. ഒരു ഹജ്ജ് പെരുന്നാളിന് തലേ ദിവസമാണത്രെ എന്റെ വെല്ലിപ്പ ആ വീട്ടില്‍ കിടന്നു മരിച്ചത്.  

പെരുന്നാളുകള്‍ക്ക് രണ്ടോ മൂന്നോ ദിവസം മുമ്പ് ഞാനോ ജേഷ്ടന്മാരോ വെല്ലിമ്മാടെ ആ വീട്ടില്‍ യാസീന്‍ ഓതി (ഖുര്‍ആന്‍ പാരായണം) ദുആ ചെയ്തില്ലെങ്കില്‍, വെല്ലിമ്മ പെരുന്നാളിന് കൂടെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഉണ്ടാവില്ല എന്നത് ഉറപ്പാണ്. അത്കൊണ്ട് തന്നെ പെരുന്നാളിന് ഒരാഴ്ചമുമ്പേ എന്റെ ഉമ്മ ചോദിക്കും. ''ഇപ്രാവശ്യം ആരാ വെല്ലിമ്മാടെ അവിടെ ഓതാന്‍ പോകുന്നെ''? എന്ന്. 

ഖുര്‍ആന്‍ ഓതിക്കഴിഞ്ഞാല്‍ എന്തെങ്കിലും കൈമടക്ക്‌ (ടിപ്സ്) വെല്ലിമ്മ തരാതിരിക്കില്ല. യാസീന്‍ ഓതാന്‍ വെല്ലിമ്മാക്ക് അറിയില്ലായെങ്കിലും, ഞങ്ങള്‍ ഓതുന്നതിനിടക്ക് കയറി വെല്ലിമ്മ ഒന്ന് ചോദിക്കും "എത്ര മുബീന്‍ ആയി മോനെ"? എന്ന്. 
അത് ചോദിക്കാന്‍ കാരണം - ഷാജുക്ക (എന്റെ രണ്ടാമത്തെ ജേഷ്ടന്‍) ആണ് ഖുര്‍ആന്‍ ഓതുന്നതെങ്കില്‍, ഏഴ് മുബീന്‍ എന്നത് മൂന്നോ നാലോ ആയി കുറയുമത്രെ. ഓതി കഴിയുമ്പോഴേക്കും ചായയും പലഹാരങ്ങളും റെഡി ആയിരിക്കും. അത് മുഴുവന്‍ കഴിച്ചില്ലെങ്കിലും വെല്ലിമ്മ പിണങ്ങും. 

പെരുന്നാളിന് രണ്ടു ദിവസം മുമ്പേ ഉമ്മയുടെ വക ഒരു ക്ലാസ് ഉണ്ടായിരിക്കും  ഞങ്ങള്‍ മക്കള്‍ക്ക്‌. ഉറക്കെ ചിരിക്കരുത്, കൂടുതല്‍ തമാശകള്‍ പറയരുത്, TV റേഡിയോ എന്നിവയില്‍ ഖുര്‍ആന്‍ പാരായണങ്ങളോ  ഇസ്ലാമിക പ്രോഗ്രാമുകളോ അല്ലാത്ത മറ്റൊന്നും വെക്കരുത്, പടക്കം പൊട്ടിക്കരുത്‌.  ഈ വിധ കാര്യങ്ങള്‍ വെല്ലിമ്മാനെ പ്രകോപിപ്പിക്കാനും, പിണങ്ങി പോകാനും ഇടം വരുത്തും എന്ന ഉമ്മയുടെ വര്‍ഷങ്ങളോളമായിട്ടുള്ള പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്ന സത്യം ഞങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ക്ലാസ്സിന്റെ മുഖ്യ ലക്‌ഷ്യം. 

പെരുന്നാളിന്റെ തലേ ദിവസം വെല്ലിമ്മാക്ക് വേണ്ടിയുള്ള മൈലാഞ്ചി അരക്കല്‍ പെങ്ങളുടെ ഡ്യൂട്ടിയില്‍ പെട്ടതാണ്. രാത്രി കൈ നിറയെ മൈലാഞ്ചി ഇടണമെന്നതും, അതിരാവിലെ എഴുന്നേറ്റു ആദ്യം കുളിക്കണമെന്നതും വെല്ലിമ്മാക്ക് നിര്‍ബന്തമായിരുന്നു. ഹജ്ജ് പെരുന്നാളിന്റെ ദിവസം അതിരാവിലെ ആദ്യം കുളിക്കുന്നവര്‍ക്ക് ഹജ്ജ് വെള്ളത്തില്‍ കുളിച്ച കൂലി കിട്ടും എന്നാണു വെല്ലിമ്മ പറയാറ്.  
എന്ത് സാധനം സ്വന്തമായി വെല്ലിമ്മാടെ കയ്യില്‍ കിട്ടിയാലും അത് ആര്‍ക്കെങ്കിലും വീതിച്ചു കൊടുത്താലേ വെല്ലിമ്മാക്ക് സമാധാനം ഉണ്ടാവൂ. ആരെങ്കിലും അതിനെ എതിര്‍ത്താല്‍ ഉടനെ വെല്ലിമ്മ പറയും, 'എനിക്കും മരിക്കണ്ടേ മോനെ' എന്ന്. ആ ചോദ്യം പലപ്പോഴും നെഞ്ചിനുള്ളിലേക്ക് തുളച്ചു കയറാറുണ്ട്. 

എന്റെ ആ വെല്ലിമ്മ ഇല്ലാത്ത മൂന്നാമത്തെ ഹജ്ജ് പെരുന്നാളാണ് ഇത്. നാഥാ! എന്റെ വെല്ലിമ്മാക്ക് നീ പൊറുത്തു കൊടുത്ത്, അവരെയും ഞങ്ങളെയും സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച്‌ കൂട്ടണമേ - ആമീന്‍.
എന്റെ വെല്ലിമ്മ - അറക്ക വീട്ടില്‍ ആയിഷ.
************************************************************************************
ഇബ്രാഹിം നബി (അ) ന്റെ വര്‍ഷങ്ങള്‍ നീണ്ട പ്രാര്‍ത്ഥനക്കൊടുവില്‍ ഇസ്മയില്‍ എന്ന കുഞ്ഞു പിറക്കുകയും, പിന്നീട് ആ കുഞ്ഞിനെ ബലിയര്‍പ്പിക്കാന്‍ ദൈവ കല്പന ഉണ്ടായപ്പോള്‍, നിറഞ്ഞ മനസ്സോടെ ആ കല്പന നടപ്പിലാക്കാന്‍ ആ പിതാവ് തീരുമാനിക്കുകയും ചെയ്ത, ലോകത്തിലെ ഏറ്റവും വലിയ ത്യാഗ സ്മരണ നെഞ്ചിലേറ്റി ലോക മുസ്ലിംകള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍,

തനിക്ക് പിറന്ന പിഞ്ചു കുഞ്ഞിനേയും, ഭാര്യ ഹാജറയെയും മരുഭൂമിയില്‍ തനിച്ചാക്കി, ദൈവത്തിന്റെ മറ്റൊരു കല്പന നടപ്പിലാക്കാന്‍ യാത്ര പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ "എന്നെ ഈ കര്‍തവ്യം ഏല്‍പിച്ച നാഥന്‍ നിനക്ക് തുണയായി ഉണ്ടാകും ഹാജറ" എന്ന് പറഞ്ഞ ഇബ്രാഹിം നബി (അ) -
ജീവിതത്തിലെ ഏറ്റവും വലിയ ത്യാഗം അനുഭവിക്കുന്ന മൊത്തം പ്രാവസികളുടെ കൂടി പ്രതിനിധിയായിരുന്നു എന്ന് പറയാനേ എനിക്ക് താല്പര്യം.
************************************************************************************
ഇവിടം സന്ദര്‍ശിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശസകള്‍.



Thursday 13 September 2012

ഞാനാരാ മോന്‍ !

എന്റെ വീടിന്റെ തൊട്ടു പടിഞ്ഞാറേ വീട് അബൂബക്കര്‍ക്കാടേതാണ് (പടച്ചവന്‍ അദ്ദേഹത്തിന്റെ ഖബര്‍ സ്വര്ഗ്ഗമാക്കട്ടെ - ആമീന്‍) 
എല്ലാ വര്‍ഷവും ഒരു ആണ്ടു നേര്ച്ച അവിടെ നടത്താറുണ്ട്‌. ഞങ്ങളുടെ ഗ്രാമത്തിലെ എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ ആ നേര്ച്ചയില്‍ പങ്കെടുക്കാനും അവിടുന്ന് ഭക്ഷണം കഴിക്കാനും വരാറുണ്ട് എന്നത് കൊണ്ട് തന്നെ, ആ നേര്ച്ച എനിക്കെല്ലാം ഒരു ആഘോഷത്തിന്റെ പ്രതീതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പേ പന്തല്‍ കെട്ടുന്നതിനും മറ്റു ഒരുക്കങ്ങള്‍ക്കും ഞാന്‍ മുന്പന്തിയിലെ ഉണ്ടാകുമായിരുന്നു. പ്രായത്തിനപ്പുറമുള്ള എന്റെ പക്വതയോ, കാര്യങ്ങള്‍ ചെയ്യാനുള്ള എന്റെ ആവേശമോ എന്നറിയില്ല, എന്ത് കാര്യത്തിനും അബൂബക്കര്‍ക്ക എന്നെയും പരിഗണിച്ചുകൊണ്ടിരുന്നു. 

അന്ന് എനിക്ക് എട്ടു വയസ്സായിരുന്നു എന്നാണെന്റെ ഓര്‍മ്മ. പതിവുപോലെ ഞങ്ങളുടെ ഗ്രാമത്തിന്റെ ആ ഉത്സവം (ആണ്ടു നേര്ച്ച) വന്നെത്തി. രണ്ടാഴ്ച മുമ്പേ അബൂബക്കര്ക പെരുമ്പിലാവ് ചന്തയില്‍ പോയി പോത്തിനെ കൊണ്ട് വന്നു. സ്കൂള്‍ വിട്ടു വന്നാല്‍ പാടത്തും പറമ്പിലും പോയി പുല്ലും വൈക്കോലും ശേഖരിച്ചു കൊണ്ട് വന്നു പോത്തിന് തീറ്റ കൊടുക്കലാണ് എന്റെ പ്രധാന ജോലി. സ്കൂളും മദ്രസ്സയുമില്ലാത്ത ദിവസ്സമായാല്‍ പിന്നെ പോത്തിനെ പുല്ലു തീറ്റിച്ചു മടുപ്പിക്കുക എന്നതാണ് എന്റെ ലക്‌ഷ്യം. രണ്ടാഴ്ച പോത്തിനെ വളര്‍ത്തുമ്പോഴേക്കും രണ്ടു കിലോ ഇറച്ചി പോത്തിന്റെ ശരീരത്തില്‍ എന്റെ വകയായി കൂടിയിട്ടുണ്ട് എന്ന് എല്ലാവരും പറയണം, അത് കേട്ട് എനിക്ക് അഹങ്കരിക്കണം. ഇത് മാത്രമാണ് എന്റെ ഉദ്ദേശവും. നേര്‍ച്ചയുടെ അന്ന് ആ ലക്‌ഷ്യം ഞാന്‍ സഫലീകരിച്ചു എന്നര്‍ത്ഥത്തില്‍ സ്വയം അഹങ്കരിക്കാറുമുണ്ട്.

ഈ പ്രാവശ്യത്തെ നേര്‍ച്ചക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. നാളത്തെ നേര്‍ച്ചക്കുള്ള അവസാനത്തെ മിനുക്ക്‌ പണിയിലാണ് അബൂബക്കര്‍ക്കയും ഞാനു മടക്കമുള്ള സംഘാടകര്‍. എല്ലാവരും എപ്പോഴും എന്നെ ശ്രദ്ധിക്കപ്പെടണം എന്ന വാശിയോടെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരിക്കയാണ് ഞാന്‍. അങ്ങിനെ എല്ലാ പണിയും കഴിഞ്ഞു എല്ലാവരും വിശ്രമിക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു അബൂബക്കര്‍ക്കാട്‌ -

''ഇനിയൊന്നുമില്ലേ ചെയ്യാന്‍'' ?  
'' ഇല്ല '' അബൂബക്കര്‍ക്ക മറുപടി പറഞ്ഞു. 
ഒന്നും ഇനി ചെയ്യാനില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ നിരാശനായി.
അഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു 
''ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ഇക്കാ നമുക്ക് ചെയ്യാന്‍'' ?
ഞാനവിടുത്തെ എല്ലാം ആണെന്ന് എന്റെ കൂട്ടുകാരെല്ലാം മനസ്സിലാക്കണം, അതിലൂടെ അവര്‍ക്കിടയില്‍ ഇതുവരെ എനിക്കില്ലാത്ത ഒരു ഇമേജ് ഉണ്ടാക്കിയെടുക്കണം ഇത് മാത്രമാണ് എന്റെ ലക്‌ഷ്യം.

അബൂബക്കര്‍ക്ക എന്റെ മുഖത്തേക്കൊന്നു നോക്കി എന്നീട്ടു അടുത്തേക്ക് വിളിച്ചു. ഞാന്‍ മാനം മുട്ടുവോളം വലുതായതായി തോന്നി ആ നിമിഷം.  ചുറ്റും നില്‍ക്കുന്ന കൂട്ടുകാരെയെല്ലാം പുച്ഛത്തോടെ നോക്കിയ ശേഷം ഞാന്‍  അബൂബക്കര്‍ക്കാടെ അടുത്ത് ചെന്നു. അദ്ദേഹം വീണ്ടും എന്നെ അടുത്തേക്ക് ചേര്‍ത്തിപ്പിടിച്ചു കൊണ്ട് ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു. ഞാന്‍ വീണ്ടും എന്റെ കൂട്ടുകാരുടെ മുഖത്തേക്കൊന്നു നോക്കി. ആ നോട്ടത്തില്‍ അവരോടുള്ള എന്റെ പുച്ഛം വീണ്ടും കൂടി. കൂട്ടത്തില്, സന്തോഷം കൊണ്ടെനിക്ക് ഇരിക്കാനും വയ്യ,  നിക്കാനും വയ്യാത്ത ഒരവസ്ഥ - 
അതിനെന്താ മലയാളത്തില്‍ പറയ? ആ വാക്ക് കിട്ടുന്നില്ല...... 
(നിങ്ങള്‍ക്കാര്‍ക്കെങ്കിലും ആ വാക്ക് അറിയുമെങ്കില്‍ താഴെ ഒന്ന് എഴുതണേ) 

അബൂബക്കര്‍ക്ക എന്നെ ഏല്‍പിച്ച ആ ദൗത്യ നിര്‍വഹണത്തിന് വേണ്ടി ഞാന്‍ പുറപ്പെട്ടു - ഒരു വടക്കം വീര ഗാഥയിലെ ചന്തുവിന്റെ ഉശിരോടെ. കോടമുക്ക് കടവ് എന്ന ലക്ഷ്യ സ്ഥാനത്തേക്ക് പിന്നെ ഞാന്‍ പറക്കുകയായിരുന്നു. വേലായുധേട്ടന്റെ ചായക്കടയാണ് എന്റെ ഉദ്ദേശം.

ചായക്കടയോട് ചേര്‍ന്നുള്ള പല ചരക്ക് കടയില്‍ പതിവുപോലെ, സന്ധ്യാ സമയമായതുകൊണ്ട്‌ തന്നെ അത്യാവശ്യം തിരക്കുണ്ട്‌. തിരക്കൊന്നും വക വെക്കാതെ ഞാന്‍ കടയുടെ അകത്തേക്ക് ഇടിച്ചു കയറി. പഞ്ചസാര തൂക്കികൊണ്ടിരുന്ന വേലായുധേട്ടനോട് പതുങ്ങിയ ശബ്ദത്തില്‍ ഞാനത് പറഞ്ഞു. തൂക്കിയ പഞ്ചസാര അറിയാതെ കയ്യില്‍നിന്നും വീണതാണോ അതോ അറിഞ്ഞുകൊണ്ട് താഴേക്ക്‌ ഇട്ടതാണോ എന്നെനിക്കറിയില്ല. അദ്ദേഹം എന്റെ മുഖത്തേക്കൊന്നു നോക്കി. ഞാനെന്തിനു ഭയക്കണം, എന്റെ ആവശ്യം ഞാന്‍ ആവര്‍ത്തിച്ചു. അദ്ദേഹം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരെ ഒന്ന് ചുറ്റും നോക്കി, വീണ്ടു നോട്ടം എന്നിലേക്ക്‌ തിരിച്ചു. 

ഇത്രയ്ക്കു തിരക്കുള്ള കടയില്‍ തിരക്കോടെ സാധനങ്ങള്‍ എടുത്തിരുന്ന വേലായുധേട്ടന്റെ ശ്രദ്ധപോലും നഷ്ടപ്പെടുന്ന നിലയില്‍ ഈ കുട്ടിയെ നോക്കാന്‍, ഇവന്‍ എന്തായിരിക്കും അദ്ദേഹത്തോട് ആവശ്യപ്പെട്ടത് എന്ന അര്‍ത്ഥത്തില്‍, ചുറ്റുമുള്ളവര്‍ എന്നെയും വേലായുധേട്ടനെയും മാറി മാറി നോക്കി. ബഹളമയമായിരുന്ന ആ കടയില്‍ കുറച്ചു നേരത്തിനു നിശബ്ദത തളം കെട്ടി. ഒന്നും ഉരിയാടാതെ ഞാനും വേലായുധേട്ടനും മുഖത്തോട് മുഖം നോക്കി. 

ഞാന്‍ ചോദിച്ചതിനുള്ള മറുപടിയെന്നോണം വേലായുധേട്ടന്‍ എന്റെ ചെവിയില്‍ എന്തോ പറഞ്ഞു. മറുപടി തൃപ്തികര മല്ലായെന്നു മനസ്സിലാക്കിയ ഞാന്‍, പതുക്കെ കടയില്‍നിന്നും വെളിയിലേക്കിറങ്ങി. എന്താണ് ഞാന്‍ ചോദിച്ചതിലുള്ള അപാകതയെന്നു എനിക്ക് മനസ്സിലാകാതെ തന്നെ ഞാന്‍ തിരിച്ചു നടന്നു.  

കടയില്‍ പരന്ന നിശബ്ദത കീറി മുറിക്കാനെന്നോണം, സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ബീരാവുക്ക ചോദിച്ചു -
"അത് നമ്മുടെ ഹംസയുടെ മകനല്ലേ, വേലായുധ''?
''അതെ'' വേലായുധേട്ടന്‍ മറുപടി പറഞ്ഞു.
''തൂക്കി കൊണ്ടിരുന്ന പഞ്ചസാര കയ്യില്‍ നിന്നും താഴെ വീഴാന്‍ മാത്രം അവന്‍ എന്താ നിന്നോട് ചോദിച്ചത്''?  ബീരവുക്കാടെ വീണ്ടുമുള്ള ചോദ്യം.
''നാളെ അബോക്കര്‍ക്കാടെ അവ്ടെ നേര്‍ച്ചയല്ലേ,? അവ്ടുന്നു അബോക്കര്‍ക്ക പറഞ്ഞയച്ചിട്ടു വന്നതാ".
''എന്നിട്ടവന്‍ നിന്നോടെന്താ ചോദിച്ചത്''? വേലായുധേട്ടന്റെ മറുപടി തീരുന്നതിനെക്കാള്‍ മുമ്പേ ബീരാവുക്ക ചോദിച്ചു.
''അവന്‍ ചോദിച്ചത് മാന്റില്‍ തുടക്കാനുള്ള തുണി'' വേലായുധേട്ടന്‍ പറഞ്ഞു.
''എന്ത്'' - ബീരാവുക്ക ആശ്ചര്യത്തോടെ വീണ്ടും.
''ആടോ, പെട്രോമാക്സിന്റെ മാന്റില്‍ തുടക്കുന്ന തുണി തന്നെ" വേലായുധേട്ടന്‍ ആവര്‍ത്തിച്ചു.
"എന്നട്ട് നീയെന്താ, അവനോടു പറഞ്ഞത്''? കടയില്‍ ചുറ്റും നിന്നിരുന്നവരുടെ കൂട്ട ചിരിക്കിടയില്‍ ബീരാവുക്ക വീണ്ടും ചോദിച്ചു.
''ഞാന്‍ പറഞ്ഞു - വീട്ടില്‍ ദേവകിയേച്ചിയുണ്ട്, അവളോട്‌ പറയ് - ചേട്ടന്റെ വള്ളി ട്രൌസര്‍ പുറത്തു കഴുകിയിട്ടിട്ടുണ്ട്, അതെടുത്തു തരാന്‍".
കടയിലെ കൂട്ടച്ചിരി ഇരട്ടിയായി - അതിനിടയില്‍ ബീരാവുക്ക ഉറക്കെ എന്നോട് വിളിച്ചു പറഞ്ഞു.
"എടാ, ഹംസടെ മോനെ, അത് മേടിക്കാന്‍ ഇനി വേലായുധന്റെ വീട് വരെ പോകണ്ട നീ ഈ നേരത്ത്, ഞാന്‍ ധരിച്ചിട്ടുള്ള ട്രൌസര്‍ ഊരിത്തരാം അതുകൊണ്ട് പോയി കാര്യം നടത്തു. നാളെ തിരിച്ചു കൊണ്ടുവന്നു തന്നാല്‍ മതി''.
ആ കൂട്ടച്ചിരി കോടമുക്ക് കടവിന്റെ മൊത്തം ചിരിയായി മാറാന്‍ നിമിഷങ്ങളുടെ ദൈര്‍ഘ്യമേ ഉണ്ടായുള്ളോ എങ്കിലും, എനിക്കതൊരു കൊലച്ചിരിയാണിന്നും.
നിങ്ങള്‍ക്കോ??? .....
പെട്രോമാക്സ്
പെട്രോമാക്സിനെക്കുറിച്ചറിയാത്തവര്‍ക്കു വേണ്ടി - മുന്‍കാലങ്ങളില്‍ അഥവ വൈദ്യുതി ഇന്നത്തെ പോലെ സുലഭമായിരുന്നില്ലാത്ത കാലത്ത്, വിവാഹം പോലുള്ള ആഘോഷങ്ങള്‍ക്ക് തലേദിവസം രാത്രികളില്‍ പെട്രോമാക്സ് എന്ന ഈ വിളക്കായിരുന്നു വെളിച്ചം നല്‍കിയിരുന്നത്. മണ്ണെണ്ണ ഒഴിച്ച്, കാറ്റും കൂടെ നിറച്ചാലെ ഇത് കത്തുകയുള്ളോ. ഇതിന്റെ കത്തുന്ന ഭാഗമാണ് മാന്റില്‍. മാന്റില്‍ നിര്‍മ്മിക്കുന്നത് ഒരു തരം നൂല്‍ കൊണ്ടാണ്. മാന്റില്‍ ഒരു തവണ കത്തിക്കഴിഞ്ഞാല്‍, പിന്നെ അത് ചാരമാകും. തൊട്ടു കഴിഞ്ഞാല്‍ പൊട്ടിപ്പോകും. പൊട്ടാത്തോളം കാലം അത് ഉപയോഗിക്കാം.  അത് തുടക്കല്‍ അസാധ്യവും,  തുടക്കാനുള്ള  തുണി  ലഭ്യവുമല്ല എന്ന് സാരം.

അപ്പോള്‍ മനപ്പൂര്‍വം എന്നെ വിഡ്ഢിയാക്കാന്‍ വേണ്ടിയായിരുന്നു ആ തുണി മേടിക്കാന്‍ അയച്ചത്. അത് മനസ്സിലാക്കി തന്നെയാണ് വേലായുധേട്ടന്‍ ട്രൌസര്‍ തരാമെന്നു പറഞ്ഞതും. പക്ഷെ ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കുട്ടിയായിരുന്നു ഞാനെന്ന ആ പാവം.

Tuesday 28 August 2012

ഓണാശംസകള്‍.


kadavu
                                     
കഴിഞ്ഞ കാലങ്ങളിലെ കണ്ടശ്ശാംകടവ് വള്ളം കളിയും
ആര്‍പ്പു വിളികളുടെ നാദവും സ്വപ്നത്തില്‍ അലയുകയായിരുന്നു.
ഇന്ന് എന്ന യാധാര്ത്യത്തിനു മുന്നില്‍
ഓണമെന്ന, നിറങ്ങളുടെ ആ ഉത്സവത്തിനു മങ്ങലേറ്റിരിക്കുന്നുവോ? 

അതോ എന്റെ തോന്നലോ!
അകന്നു പോകുന്ന ബന്ധങ്ങള്‍ക്കും
ആത്മാര്‍തതയില്ലാത്ത സ്നേഹത്തിനും മുന്നില്‍,
പകച്ചു നില്‍ക്കാനേ എനിക്ക് കഴിയുന്നുള്ളോ.
ഒരിക്കലും വരില്ല എന്ന പൂര്‍ണ്ണ ബോധ്യത്തോടെ, കാത്തിരിക്കയാണ് ഞാന്‍ മഹാബലിയുടെ കാലത്തിനായി.
പൂര്‍ണ്ണമായും അസ്തമിക്കാന്‍ കഴിയില്ലല്ലോ നന്മകള്‍ക്കെന്ന വിശ്വാസത്തോടെ.

സന്തോഷത്തിന്റെ ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷയോടെയും
നിറഞ്ഞ മനസ്സോടെയും നേരുന്നു
ഓണാശംസകള്‍.

Friday 24 August 2012

ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്.

                             പിറന്ന നാട് കഴിഞ്ഞാല്‍, പിന്നീടെനിക്ക് ഏറ്റവും പ്രിയപ്പെട്ട  നാടേതാണെന്ന് ചോദിച്ചാല്‍, രണ്ടു വട്ടം ആലോചിക്കേണ്ടി വരില്ല 'സലാല' എന്നുത്തരം പറയാന്‍.  പ്രകൃതി മനോഹാരിതയാല്‍ അനുഗ്രഹിക്കപ്പെട്ട, പത്തു കിലോമീറ്റെര്‍ മാത്രം ചുറ്റളവിലുള്ള ഒരു പ്രദേശത്ത്, പത്തു വര്‍ഷത്തിലധികം ജീവിച്ച ഞാന്‍, അങ്ങിനെ പറയുന്നത് അല്പമെങ്കിലും അതിശയോക്തികരമാണെന്ന് നിങ്ങളും പറയില്ല. 
ഐന്‍ അര്‍സാത്ത്‌ - സലാല
റഷീദ് കാവനൂരും, അസീസ്‌ പൊന്നാനിയും, MCA റഹ്മാന്‍ സാഹിബും, NPA റഹ്മാനും, മൊയ്ദീന്‍ സാഹിബും, ലത്തീഫ് KA യും, മുഹമ്മദലി പട്ടാമ്പിയും, മുഹമ്മദ്‌ AK യുമെല്ലാം സലാലയില്‍ ഞാന്‍ കണ്ട അപൂര്‍വ്വം വ്യക്തിത്വങ്ങള്‍ക്ക് ഉടമസ്തരായിരുന്നു. മറ്റു ഗള്‍ഫു നാടുകളിലെ നിവാസികളെക്കാള്‍ , ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ സലാല നിവാസികള്‍ പ്രത്യേകം താല്പര്യം കാണിക്കുന്നില്ലേ എന്നെനിക്കു തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ആ നാടിന്‍റെ മഹത്വംകൊണ്ടോ, പ്രകൃതിയുടെ സ്വാധീനം കൊണ്ടോ ആയിരിക്കാം അത്. 

ദിവസവും രാവിലെ ഞാന്‍ പ്രാതല്‍ കഴിക്കാന്‍ പോകുന്ന ഒരു കഫട്ടീരിയുടെ ഉടമസ്ഥന്‍ എന്ന നിലയിലാണ് ശരീഫ്കയുമായി ആദ്യം പരിചയപ്പെട്ടത്‌. സാമ്പത്തികമായി ഒരുപാട് പരാധീനത അനുഭവിക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു ശരീഫ്ക. എന്നാല്‍ കഫ്ട്ടീറിയയിലെ ജോലിക്കാരോട് എങ്ങിനെ പെരുമാറണം എന്ന കാര്യത്തില്‍ ശരീഫ്ക വളരെ പിറകിലായിരുന്നു. അതുകൊണ്ട് തന്നെ, ഒന്നോ രണ്ടോ ആഴ്ചയില്‍ കൂടുതല്‍ കാലം ശരീഫ്ക്കായുടെ കടയിലെ പാചകക്കാര്‍  അവിടെ ജോലി ചെയ്യാറില്ല. സാമ്പത്തികമായി കഷ്ടപ്പെടുന്ന ഒരാള് എന്ന നിലയിലും, വാപ്പായെക്കാള്‍ പ്രായമുള്ള ഒരു വ്യക്തി എന്ന നിലയിലും, ആദ്യമെല്ലാം ഞാന്‍ തന്നെ പിണങ്ങി പോകുന്ന ജോലിക്കാരെ അനുനയിപ്പിച്ചു കൊണ്ട് വരേണ്ട ദൌത്യം ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇതൊരു സ്ഥിരം ഏര്‍പ്പാടായി മാറിയപ്പോള്‍ എനിക്കും അതില്‍ മടുപ്പ് തോന്നി. 
ഒരു മല മുകളില്‍ നിന്നുള്ള ദൃശ്യം - സലാല
രാവിലെ ആറുമണിക്ക് മുമ്പ് എന്‍റെ ഫോണ്‍ ബെല്ലടിച്ചാല്‍ ഞാന്‍ മനസ്സിലാക്കണം അത് ശരീഫ്ക്കാടെ കോള്‍ ആണെന്നും, കടയിലെ കുക്ക് പിണങ്ങി പോയി എന്നും, ഞാന്‍ പോയി അനുനയിപ്പിച്ചു കൊണ്ട് വരണമെന്നും. അഥവാ ഫോണ്‍ ഞാന്‍ എടുത്തില്ലായെങ്കില്‍, രണ്ടാമത്തെ വട്ടം ഫോണ്‍ റിംഗ് ചെയ്തു തീരും മുമ്പ് റൂമിലെ കോളിംഗ് ബെല്ലിന്‍റെ ശബ്ദം പ്രതീക്ഷിക്കാം. 

ശരീഫ്ക്കായുടെ കടയില്‍ കൂടുതല്‍ കാലം കുക്കിന്‍റെ ജോലി ചെയ്ത ഒരു വ്യക്തിയായിരുന്നു വടകരക്കാരന്‍ അസീസ്‌. ഒരു പരിപൂര്‍ണ്ണ കുക്കായി മറ്റു ഹോട്ടല്‍ക്കാര്‍ അസീസിനെ പരിഗണിക്കാത്തതും, കുക്കിങ്ങിലെ അസീസിന്‍റെ കഴിവിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ജ്ഞാനവുമായിരുന്നു അങ്ങിനൊരു സാഹസത്തിനു അസീസിനെ പ്രേരിപ്പച്ചത്, എന്നതാണ് സത്യം. 

ഉറക്കിന്‍റെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തത്തില്‍, പുതപ്പിന്‍റെ ഒരറ്റം കാലില്‍ ചവിട്ടിപ്പിടിച്ചു മറ്റേ അറ്റം മുഖത്തേക്ക് വലിച്ചിട്ടു സുഖമായി ഉറങ്ങുന്നതിനിടയില്‍ എന്‍റെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങി.    സമയം രാവിലെ 5.40 എന്നതുകൊണ്ട്‌തന്നെ സംശയിക്കേണ്ടി വന്നില്ല, അത് ശരീഫ്ക്കാടെ കോള്‍ ആണെന്നതില്‍.

"നീ ഒന്ന് പെട്ടെന്ന് ഇങ്ങോട്ട് വന്നേ" ആമുഖമില്ലാത്ത ശരീഫ്ക്കാടെ ശബ്ദം ഫോണിലൂടെ  മുഴങ്ങി.
പെട്ടെന്ന് തന്നെ ഞാന്‍ ചെന്നു. 'കുരങ്ങന്‍ ചത്ത കുറവനെ' പോലെ താടിക്ക് കയ്യുംകൊടുത്തു ഇരിപ്പുണ്ടായിരുന്നു ശരീഫ്ക്ക. 

"ഇന്നെന്തേ പ്രശ്നം?" ഞാന്‍ ചോദിച്ചു.
"ഇന്ന് പ്രശ്നമൊന്നുമില്ല, ഞാന്‍ കടയില്‍ വരുമ്പോള്‍ അസീസ്‌ ദോശ ചുടുന്നുണ്ടായിരുന്നു. വേസ്റ്റ് കൊട്ടയില്‍ നോക്കിയപ്പോള്‍, കരിഞ്ഞ രണ്ടു ദോശ കിടക്കുന്നു. ഞാനവനോട് പറഞ്ഞു കരിഞ്ഞ ദോശയുടെ പൈസ നിന്‍റെ ശമ്പളത്തില്‍നിന്നും കട്ട് ചെയ്യുമെന്ന്. അത് പറഞ്ഞ ഉടനെ അവന്‍ ഇറങ്ങിപോയി. അങ്ങിനെ ഞാന്‍ പറഞ്ഞത് തെറ്റാണോ? ഇനി അത് തെറ്റാണെങ്കില്‍ ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കാന്‍ പറയ്‌. ഇനി ഞാന്‍ അങ്ങിനെ പറയില്ല. അരമണിക്കൂര്‍ കഴിയുമ്പോഴേക്കും ചായ കുടിക്കാന്‍ ആളുകള്‍ വന്നു തുടങ്ങും, അപ്പോഴേക്കും നീ ഒന്ന് അവനെ കൂട്ടികൊണ്ടുവാ."

മനമില്ലാ മനസ്സോടെ ഞാന്‍ പോയി അസീസിന്‍റെ അടുത്തേക്ക്.
 "എന്തെ അസീസ്ക്ക ഇന്ന് ഹോട്ടലില്‍ പോയില്ലേ"? എന്‍റെ ചോദ്യം.

 "പോയി, തിരിച്ചു പോന്നു. ചെവിയില്‍ മൂട്ട പോയ പോലെ 24 മണിക്കൂറും ആ കാക്കാക്ക് 'കിര്‍ കിര്‍' ആണ് . നിക്കത് കേള്‍ക്കണതേ ദേശ്യാണ്. വേറെ ഹോട്ടലില്‍ നിന്നും കിട്ടുന്നതിനേക്കാള്‍ ശമ്പളം കൂടുതല്‍ അയാള്‍ തരുന്നുണ്ട്  എന്നത് ശരിയാണ്".

അസീസിന്‍റെ സംസാരത്തെ ഖണ്ടിച്ചുകൊണ്ട്  അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍ വേണ്ടി ഞാന്‍ പറഞ്ഞു. 
 "എന്‍റെ അസ്സീസ്ക്ക, മറ്റു ഹോട്ടലില്‍ ജോലി ചെയ്‌താല്‍ നിങ്ങള്‍ക്ക് കിട്ടുന്നത് 120 റിയാല്‍ ആണ്. എന്നാല്‍ ശരീഫ്ക്ക തരുന്നത് 150 റിയാല്‍ ആണ്. ഈ കൂടുതല്‍ തരുന്ന 30 റിയാല്‍ അദ്ദേഹത്തിന്‍റെ 'കിര്‍ കിര്‍' കേള്‍ക്കാന്‍ വേണ്ടിയാണ് തരുന്നത്. അതുകൊണ്ട് അത് കേള്‍ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണ്". 
  
"ഇന്ന് എന്തായിരുന്നു പിണങ്ങി പോരാനുള്ള കാരണം?" 
ഒന്നും അറിയാത്തവനെ പോലെ വീണ്ടും ഞാന്‍ ചോദിച്ചു.
"ന്‍റെ അഷ്‌റഫ്‌ഭായ്, ദോശ ഉണ്ടാക്കുമ്പോള്‍ ആദ്യത്തെ രണ്ടെണ്ണം കരിഞ്ഞു പോകും, അത് ഞങ്ങക്ക് ഉസ്താദ്മാര്‍ക്കെ അറിയൂ. അതിനയാള്‍ പറയേണ്, ന്‍റെ ശമ്പളത്തീന്നു കട്ട് ചെയ്യൂന്ന്, അത് കേട്ടപാതി ഞാനിണ്ട് പോന്നു. അനക്കറിയോ - ഞാനും ന്ടുപ്പയും കൂടി നാട്ടില്‍ ഒരു ബിരിയാണി പണിക്കു പോയി, ആയിരത്തോളം ആള്‍ക്കാര്‍ പങ്കെടുക്കുന്ന കല്യാണത്തിന് കോയി ബിരിയാണിണ്ടാക്കാന്‍. ബിരിയാണിയെല്ലാം ഉണ്ടാക്കി ദമ്മുതുറന്നു നോക്കിയപ്പോള്‍, മൊത്തം ബിരിയാണി കരിഞ്ഞേക്കണ്".
"എന്നീട്ടു"? ആശ്ചര്യത്തോടെയുള്ള എന്‍റെ ചോദ്യത്തിനു സ്വതസിദ്ധമായ ഭാഷയില്‍ അസീസ്‌ പറഞ്ഞു.
"ന്നട്ട് ന്താക്കാനാ, ഞങ്ങള്‍ പൈസ പോലും മേടിക്കാതെ, ആരോടും മുണ്ടാണ്ട് ഞങ്ങടെ കുടുമ്മത്തെക്ക് പോന്നു."
"അപ്പോള്‍, അവിടെ നിന്നും മുങ്ങി എന്നര്‍ത്ഥം" ഞാന്‍ ചോദിച്ചു.
"വേണങ്കില്‍ അങ്ങനേം പറയ. ന്ന്ട്ടാണ് രണ്ടു ദോശ കരിഞ്ഞതിന് ഇയാള്‍ ബായിട്ടെളക്കണത്".
ഈനാംപേച്ചിയും മരപ്പട്ടിയും
ഒരുവിധേന ഞാന്‍ അസീസിനെ അനുനയിപ്പിച്ചു കഫ്റ്റെറിയയിലേക്ക് കൊണ്ടുവരുമ്പോഴും, എന്‍റെ മനസ്സില്‍ ഒരുപാട് സംശയങ്ങള്‍ അവശേഷിക്കുന്നുണ്ടായിരുന്നു അസീസ്‌ എന്ന ആ വലിയ കുക്കിനെ ക്കുറിച്ച്.  




Saturday 18 August 2012

ചെറിയപെരുന്നാള്‍ ആശംസകള്‍


നീണ്ട മുപ്പതു നാളത്തെ ആത്മ ശുദ്ധീകരണത്തിനു ശേഷം,
അങ്ങ് പടിഞ്ഞാറ് മാനത്ത് ശവ്വാലിന്‍ പൊന്നമ്പിളി മുക്കാലൊളിഞ്ഞു വെളിവാകുന്ന  ഈ അസുലഭ നിമിഷത്തില്‍ 
നിറഞ്ഞ മനസ്സോടെയും, സന്തോഷത്തോടെയും നേരുന്നു 
നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെയും  കുടുംബത്തി ന്‍റെയും ഒരായിരം ചെറിയ പെരുന്നാള്‍ ആശംസകള്‍.