Sunday 17 July 2011

ഭ്രാന്ത്

"എന്തായി അമ്മണി അമ്മെ പാര്‍വ്വതിക്ക്"?
"എന്റെ ലക്ഷ്മികുഞ്ഞേ, അതൊന്നും പറയാതിരിക്ക്യ നല്ലത്. ഇന്നലെ ആശുപത്രീന്ന് കൊണ്ടുപോന്നു. അവര് പറേണത്, പാറൂനെ വീട്ടീ തന്നെ കെടുത്ത്യാ മതീന്നാ. മരുന്ന് മുടങ്ങണ്ടാന്നും പറഞ്ഞു. പ്രത്യേകിച്ച് കൊഴപ്പോന്നും ഇല്ല്യാത്രേ അവക്ക്. ഇപ്പൊ താ, പല്ലുപോലും തേക്കാതെ ഇരിക്ക്യേണ്ട് അവടെ. എന്താ ചെയ്യാ, ന്റൊരു വിധ്യേ . മോള്, ആ പാലുണ്ട് ഇടുത്തേ, ഞാന്‍ പോട്ടെ".
ലക്ഷ്മിയില്‍ നിന്നും പാലും പാത്രം വേടിച്ചു അമ്മണിഅമ്മ വീട് ലക്‌ഷ്യം വെച്ച് വേഗത്തില്‍ നടന്നു.

"ലക്ഷ്മി, ആരായിരുന്നു അത്?  ആരുടെയോ സംസാരം കേട്ടല്ലോ അപ്പുറത്ത്".
"അത് നമ്മുടെ തെക്കേലെ അമ്മിണിഅമ്മ. പാല് മേടിക്കാന്‍ വന്നതായിരുന്നു. അവരുടെ താഴെയുള്ള മകള്‍ പാര്‍വ്വതി ഒരാഴ്ച ആശുപത്രിയില്‍ ആയിരുന്നു. ഇന്നലെ വീട്ടില്‍ കൊണ്ട് വന്നു". പ്രഭാകരന് ചായ ഗ്ലാസ് കൊടുക്കുന്നതിനിടയില്‍ ലക്ഷ്മി പറഞ്ഞു.

"ആ ടെലിഫോണ്‍ ബൂത്തില്‍ ഇരിന്നിരുന്ന കുട്ടിയല്ലേ? എന്ത് പറ്റി, ആ കൊച്ചിന്"? വീണ്ടും പ്രഭാകരന്‍ ചോദിച്ചു.
"പ്രഭേട്ടന്‍ ഒരിക്കല്‍ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ, ആ പാറു ഒരു മീന്‍ കാരന്റെ കൂടെ ഓടിപ്പോയെന്നു. ഭാര്യയും രണ്ടു മക്കളും ഉള്ളവനായിരുന്നു അവന്‍. അത് പാറൂനും അറിയാമായിരുന്നു.

അവരുടെ മക്കളില്‍ ഏറ്റവും മിടുക്കിയായിരുന്നു പാറു. ഈ പ്രേമക്കാര്യം കേട്ടപ്പോഴേ ഞാനവളോട് പറഞ്ഞിരുന്നു 'ഇത് നിനക്ക് നല്ലതല്ല' എന്ന്. അതൊന്നും അവള്‍ കേട്ടില്ല. രണ്ടു മാസം എവിടൊക്കെയോ ഒളിച്ച്‌ താമസിച്ചു. ഇപ്പൊ അവളെ വീട്ടില്‍ കൊണ്ടുവന്നാക്കി അവന്‍. ഇടക്കൊക്കെ അവന്‍ വരുമത്രേ രാത്രിയില്‍. ഗര്‍ഭണിയാണിപ്പോള്‍ അവള്‍. അവന്‍ വരുന്ന ദിവസങ്ങളില്‍ അവളുടെ സംസാരവും ചിരിയുമെല്ലാം ഇങ്ങോട്ട് കേള്‍ക്കാം. അല്ലാത്ത ദിവസങ്ങളില്‍ അവള്‍ ഒരു ഭ്രാന്തിയെപ്പോലെ ആണ്. ഒരു ദിവസം മണ്ണെണ്ണ ഇടുത്തത്രേ ആത്മഹത്യ ചെയ്യാന്‍ വേണ്ടി. ഇപ്പോള്‍ ചില സമയത്ത് മാനസിക വിഭ്രാന്തിയാണ് അവള്‍ കാണിക്കുന്നത്. കഴിഞ്ഞ ആഴ്ച കിണറ്റില്‍ ചാടാന്‍ പോയതാണ്. എല്ലാവരുംകൂടെ പിടിച്ചു ആശുപത്രിയില്‍ കൊണ്ടുപോയി. പ്രഭേട്ടന് സമയമുണ്ടെങ്കില്‍ ഒന്ന് പോയി കണ്ടോ അവളെ. എനിക്ക് നൂറുകൂട്ടം പണിയുണ്ടിവിടെ. ഞാന്‍ ഉച്ച തിരിഞ്ഞു പൊയ്ക്കൊള്ളാം".
പാതി നിര്‍ത്തി വെച്ച പണി തുടരാന്‍  ലക്ഷ്മി അടുക്കള ലക്‌ഷ്യം വെച്ച് നടന്നു .  കസാരയില്‍ ചാരി കിടന്നിരുന്ന പ്രഭാകരന്‍ കുടിച്ചിരുന്ന ചായ ഗ്ലാസ് കയ്യിലെടുത്തു ലക്ഷ്മിയെ പിന്തുടര്‍ന്നു.

"നിനക്കറിയോ ലക്ഷ്മി, കഴിഞ്ഞ തവണ ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ആ പെണ്‍കുട്ടി ഇരിക്കുന്ന ടെലെഫോണ്‍ ബൂത്തില്‍ പോയിരുന്നു. ഞാന്‍ ഫോണ്‍ ചെയ്യുന്നതിനിടയില്‍ ആ കുട്ടി ആരോടോ കുറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു ഫോണിലൂടെ. അവളുടെ സംസാരത്തില്‍ ശ്രദ്ദിച്ച എനിക്ക് മനസ്സിലായി ഇതെന്തോ ഒരു പ്രേമമാണെന്ന്. എന്റെ ഫോണ്‍ ചെയ്യല്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഈ കൊച്ചിനോട് പറഞ്ഞു - എന്താ ഒരു ചുറ്റിക്കളി ഉണ്ടെന്നു തോന്നുന്നു അല്ലേ? വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, അത് നീ അനുസരിക്കുകയും ഇല്ല എന്നെനിക്കറിയാം. പക്ഷെ, പേര് ദോഷം വരുത്തരുത്. നിന്റെ അച്ഛന്‍ മരിച്ചതിനു ശേഷം ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് അമ്മ നിങ്ങളെ വളര്‍ത്തിയത്‌. നിന്റെ നാല് ചേട്ടത്തിമാരെയും ആരെ കൊണ്ടും ദോഷം പറയിപ്പിക്കാതെ ഇറക്കികൊടുത്തു നിന്റെ അമ്മ. ഇനി താഴെയുള്ളവളാണ് നീ. അതുകൊണ്ട് ആരെ പ്രേമിച്ചാലും സ്വന്തം ഭാവി ഓര്‍ത്തുകൊണ്ട്‌ മാത്രം ആവണം. എല്ലാം കഴിഞ്ഞിട്ട് ഓര്‍ത്തു ദുഖിക്കുന്നതിനേക്കാള്‍ നല്ലത്, ഇപ്പോള്‍ ചിന്തിക്കുന്നതാണ്. എന്റെ സംസാരത്തിന് പ്രത്യേകിച്ച് മറുപടിയൊന്നും അവള്‍ അന്ന് തന്നില്ല".

"എന്തായാലും പ്രഭേട്ടന്‍ ഒന്ന് പൊയ്ക്കോ അങ്ങോട്ട്‌". ലക്ഷ്മി ആവര്‍ത്തിച്ചു.
"എങ്കില്‍ നീ എന്റൊരു ടീ ഷര്‍ട്ട്‌ ഇങ്ങോട്ടെടുത്തെ, ഞാന്‍ കണ്ടിട്ട് വരാം അവളെ"
ലക്ഷ്മി അകത്തു പോയി ടീ ഷര്‍ട്ടും അഞ്ഞൂറ് രൂപാ നോട്ടും പ്രഭാകന്റെ കയ്യില്‍ കൊടുത്തു.
''ഇതാ കൊച്ചിന് കൊടുത്തോ, നമ്മളൊക്കെ അല്ലാതെ വേറെ ആരാ ഉള്ളത് അവരെ സഹായിക്കാന്‍''?
പൈസ വാങ്ങി പോക്കെറ്റില്‍ ഇട്ട പ്രഭാകരന്‍ അമ്മിണി അമ്മയുടെ വീട് ലെക്ഷ്യം വെച്ച് നടന്നു.

ഉമ്മറപ്പടിയില്‍ ഇരിക്കുകയായിരുന്ന പാര്‍വ്വതി പ്രഭാകരനെ കണ്ടതോടെ അകത്തേക്ക് എഴുന്നേറ്റുപോയി.
"ഞാന്‍ പാറൂനെ കാണാന്‍ വന്നതാ. എന്തേ അകത്തേക്ക് പോകുന്നേ"?
"എനിക്ക് ആരെയും കാണണ്ട. എന്നെ കാണാന്‍ ആരും ഇവിടെ വരികയും വേണ്ട".
വളരെ ദേഷ്യത്തിലായിരുന്നു അവളുടെ സംസാരം. ഉച്ചത്തിലുള്ള അവളുടെ സംസാരം കേട്ട് അമ്മിണി അമ്മ പുറത്തു വന്നു.


''കയറിവാ പ്രഭാകരാ" അമ്മിണി അമ്മ ക്ഷണിച്ചു.
പ്രഭാകരന്‍ കയറി തിണ്ണയില്‍ ഇരുന്നു.
"എന്ത്യേ, പാറു എന്തേലും മോശായി പറഞ്ഞ്വോ"? അമ്മിണി അമ്മയുടെ ചോദ്യം.
"അ, അവള്‍ എന്തോ പറഞ്ഞു. എന്താ പറഞ്ഞതെന്ന് ഞാന്‍ ശ്രദ്ദിച്ചില്ല. ഇപ്പോള്‍ എന്താ പാറൂന്റെ സ്ഥിതി"? പ്രഭാകരന്‍ ചോദിച്ചു.


"ഇതൊക്കെ തന്നെ മോനെ അവടെ കോലം. ആര് വന്നാലും ദേഷ്യത്തില്‍ പെരുമാറും. ചെലപ്പോ ഒപദ്രവിക്കാനും ശ്രമിക്കും. അതുകൊണ്ട് എനിക്ക് പേട്യ ആരേലും ഇവടെ വരുമ്പോ. പാലക്കാട് ഒരു സ്വാമി ഉണ്ടെന്നു ഒരാള്‍ പറഞ്ഞ്കേട്ടു. ഭയങ്കര പേരുകേട്ട ആളത്രേ. നാളെ പാറൂനെ അവടെ കൊണ്ട് പോണെന്നാ കരുത്യേക്കണേ". അമ്മിണി അമ്മ പറഞ്ഞു.
"എന്തായാലും അവളെ പുറത്തേക്കൊന്നു വിളിച്ചേ ഞാനൊന്ന് സംസാരിക്കട്ടെ അവളോട്‌" പ്രഭാകരന്‍ പറഞ്ഞു.
"ഞാന്‍ വിളിക്കാം, അവള്‍ വരോ ആവോ!". അമ്മണി അമ്മ അകത്തേക്ക് പോയി.
"എന്തേ എന്നെ വിളിച്ചേ"? പാതി തുറന്ന വാതിലിനിടയില്‍, കൊച്ചു കുട്ടിയെപോലെ ഒളിച്ച്‌ നിന്നു പാറു ചോദിച്ചു.


"ഇങ്ങോട്ട് വെളിയില്‍ വാ, പാറൂനെ ശരിക്കൊന്നു ഞാന്‍ കാണട്ടെ" പ്രഭാകരന്‍ പറഞ്ഞു.
പാതി താഴ്ത്തിയ മുഖവുമായി പുറത്തുവന്ന് പ്രഭാകരന്റെ മുന്നില്‍ നിന്നു പാറു.
"എന്താ നിന്റെ ഉദ്ദേശം"? ഒരു മുഖവുരയുമില്ലാതെ പ്രഭാകരന്‍ ചോദിച്ചു.
"എന്തിനാ മോളെ ആരുമില്ലാത്ത ആ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുന്നത്? തെറ്റ് നിന്റെ കയ്യില്‍നിന്നും സംഭവിച്ചു. എന്നിട്ടും നിന്നോട് ഒരു വെറുപ്പും കാട്ടാതെ നിന്റെ അമ്മ നോക്കുന്നില്ലേ? ഇനിയും അതിനെ ഇങ്ങനെ വേദനിപ്പിക്കണോ?" പ്രഭാകരന്‍ പാര്‍വ്വതിയുടെ മുഖത്തേക്കൊന്നു നോക്കി. അപ്പോള്‍ രണ്ടു കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകുന്നുണ്ടായിരുന്നു പാര്‍വ്വതിയുടെ.


"എനിക്ക് ഓര്‍മ്മയുണ്ട് പ്രഭാകരെട്ട, കഴിഞ്ഞ തവണ പ്രഭാകരേട്ടന്‍ ടെലെഫോണ്‍ ബൂത്തില്‍ വെച്ച് എന്നെ ഉപദേശിച്ചത്. അന്ന് എനിക്ക് പ്രഭാകരേട്ടനോട് ദേഷ്യമാണ് വന്നത്. പ്രഭാകരേട്ടന്‍ എന്ന് മാത്രമല്ല, ഇതുപോലെ ഒരുപാട് പേരോട് എനിക്ക് ദേഷ്യമായിരുന്നു അന്ന്. എന്നെ ഉപദേശിച്ചവരെ യെല്ലാം ഇന്ന് കാണുമ്പോള്‍ എങ്ങിനെ നേരിടമെന്നു അറിയുന്നില്ല."


അഞ്ഞൂറ് രൂപാ നോട്ടു കയ്യില്‍ കൊടുത്തു പാറുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്കു നടക്കുമ്പോള്‍ പ്രഭാകരന്‍ മനസ്സില്‍ ചോദിച്ചു.

''യാധാര്ത്യത്തില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു മാര്‍ഗ്ഗം എന്ന നിലയിലും ഭ്രാന്തിനെ സമീപിക്കാമോ?''.

Friday 8 July 2011

നഷ്ട സ്വപ്നം I

 യാത്രാ മദ്ധ്യേയാണ് മിനി പറയുന്നത്,
''ഇവിടെ അടുത്ത് കടലുണ്ടല്ലോ നമുക്ക് കടല്‍ തീരത്ത് കുറച്ചു നേരം ഇരുന്നിട്ട് പോകാം'' എന്ന്. 
''ശരി, നിന്റെ ഇഷ്ടം പോലെ''. 
കടല്‍ തീരം ലക്‌ഷ്യം വെച്ച്, ഹൈവേയില്‍ നിന്നും വണ്ടി ഇടത്തോട്ട് തിരിച്ചു സുനില്‍. 
''പതിനേഴു കൊല്ലം മുമ്പ്, പ്രീ ഡിഗ്രീക്ക് പഠിക്കുമ്പോള്‍, ഞങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും കൂടി ഇവിടെ പിക്നിക്കിനു വന്നീട്ടുണ്ട്. അന്ന് ഈ ചില്ട്രെന്‍സ് പാര്‍ക്കൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. സ്നേഹ തീരം എന്ന പേരും ഈ കടല്‍ തീരത്തിന് ഉണ്ടായിരുന്നില്ല എന്നാണെന്റെ ഓര്‍മ്മ". ഒരു പഴയകാല ഓര്‍മ്മയെ അയവിറക്കികൊണ്ട്, സുനില്‍ പറഞ്ഞു നിര്‍ത്തി.

കാറ് പതുക്കെ സ്നേഹതീരത്തിന്റെ തെങ്ങിന്‍ തോപ്പില്‍ ഒതുക്കി, പുറത്തു ഇറങ്ങി സുനില്‍. കൂടെ മിനിയും രണ്ടുമക്കളും. കടലും പാര്‍ക്കുമെല്ലാം കണ്ടപ്പോള്‍ കുട്ടികള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം. ടിക്കെറ്റ് എടുത്തു പാര്‍ക്കിനുള്ളില്‍ കയറി. ഒഴിവു ദിവസമായത്‌ കൊണ്ടായിരിക്കാം, അത്യാവശ്യം തിരക്കും അനുഭവപ്പെടുന്നുണ്ട് പാര്‍ക്കില്‍. ആ തിരക്കൊന്നും വക വെക്കാതെ കുട്ടികള്‍ ഊഞ്ഞാല്‍ ലക്‌ഷ്യം വെച്ച് ഓടി, പിറകില്‍ മിനിയും നടന്നു. സുനില്‍ പാര്‍ക്കിനൊരു മൂലയി വാര്ത്തിട്ടിരിക്കുന്ന ഒരു ബെഞ്ചില്‍, തന്റെ മക്കളുടെ കളികള്‍ ആസ്വദിച്ചു കൊണ്ടിരുന്നു. മിനിയും കുട്ടികളോട് കൂടെ കൂടി, അവരുടെ സന്തോഷവും ആഹ്ലാദവും ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കുട്ടികള്‍ ഊഞ്ഞാല്‍ ആടുമ്പോഴും, ഇടയ്ക്കിടെ സുനിലിന്റെ നേര്‍ക്ക്‌ കൈവീശി കാണിക്കുന്നുണ്ട്. സുനില്‍ അങ്ങോട്ടും. മിനി കിതച്ചു എന്ന് തോന്നുന്നു. കുട്ടികളെ സ്വയം ആടാന്‍ വിട്ടിട്ട്, സുനിലിന്റെ അടുത്ത് വന്നിരുന്നു. രണ്ടു പേരും കുട്ടികളുടെ കളി കണ്ടു, അതിനെ വിലയിരുത്തികൊണ്ടിരുന്നു. ഇടയ്ക്കു കുട്ടികള്‍ ഊഞ്ഞാലില്‍ നിന്നും വീഴുന്നുണ്ട്‌. അതൊന്നും വകവെക്കാതെ, വീണ്ടും ഊഞ്ഞാലില്‍ കയറിയിരുന്നു ആടുന്നുണ്ട്‌. കാഴ്ചകള്‍ കണ്ടിരിക്കുന്നതിനിടയില്‍ മിനിയുടെ ശ്രദ്ദ പെട്ടെന്ന് ഒരു സ്ത്രീയിലേക്ക് ഉടക്കി. കുറെ മാറി ഒരു കുട്ടിയെ മടിയില്‍ വെച്ച് മണലില്‍ ഇരിക്കുകയാണാ സ്ത്രീ. തങ്ങളെയാണ് അവര്‍ ശ്രദ്ദിക്കുന്നതെന്ന് ആദ്യ നോട്ടത്തിലെ മിനിക്ക് മനസ്സിലായി. പതുക്കെ തന്റടുത്തിരിക്കുന്ന സുനിലിനെ തോണ്ടി മിനി പറഞ്ഞു,
"നമ്മുടെ ഇടതു ഭാഗത്തായി മഞ്ഞ ചുരിദാര്‍ ധരിച്ച് ഒരു കുട്ടിയെ മടിയില്‍ വെച്ചിരിക്കുന്ന ആ സ്ത്രീ നമ്മളെയാണ്‌ ശ്രദ്ദിക്കുന്നത്".

സുനില്‍ പതുക്കെ തിരിഞ്ഞു നോക്കി. പെട്ടെന്ന് സുനിലിന്റെ മുഖത്തുണ്ടായ ഭാവമാറ്റം മിനി ശ്രദ്ദിച്ചു. വര്‍ഷങ്ങളായി താന്‍ തിരഞ്ഞു നടന്നിരുന്ന ഒരാളെ കണ്ടെത്തിയ ആഹ്ലാദം, സുനിലിന്റെ മുഖത്ത് പ്രഘടമായി. പരിസരം മറന്നു അവന്‍ ഉറക്കെ പറഞ്ഞു.  "ഏയ്‌, അത് പ്രവിതയല്ലേ"?. 
"ഏതു പ്രവിത"? മിനിയുടെ ചോദ്യം.
"ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ? എന്റെ കൂടെ പഠിച്ചിരുന്ന ഒരു പ്രവിതയെ കുറിച്ച്. എന്റെ ഏറ്റവും അടുത്ത കൂട്ട് കാരിയായിരുന്നു വെന്നും, രണ്ടു മൂന്നു തവണ നമ്മുടെ വീട്ടില്‍ അവള്‍ വന്നീട്ടുണ്ടായിരുന്നു വെന്നുമെല്ലാം".  
"അത് ശരി, ആ പ്രവിതയാണോ അത്. എങ്കില്‍ ഞാനൊന്ന് പരിചയപ്പെട്ടിട്ട് വരാം".
മിനി ബെഞ്ചില്‍ നിന്നും  എഴുന്നേറ്റു പ്രവിതയുടെ അടുത്ത് ചെന്നു. 
"പ്രവിതയാണോ"? മുഖവുരയൊന്നുമില്ലാതെ മിനി ചോദിച്ചു.
"അതെ" പ്രവിതയുടെ മറുപടി.
"ആ ഇരിക്കുന്ന ആളെ അറിയോ"? വീണ്ടും മിനിയുടെ ചോദ്യം.

"അത് സുനിലാണെന്ന സംശയത്തില്‍ ഞാന്‍ നോക്കിയിരിക്കുക യായിരുന്നു. ആ ഗൈറ്റു കടന്നു നിങ്ങള്‍ പാര്‍ക്കിനുള്ളിലേക്ക് കടക്കുമ്പോഴേ എനിക്ക് തോന്നി അത് സുനിലാണ് എന്ന്. സുനിലിന്റെ അതെ നടത്തം. പക്ഷെ തടികൂടുതല്‍ കണ്ടപ്പോള്‍ എനിക്ക് സംശയം, അത് സുനില്‍ ആയിരിക്കില്ല എന്ന്. കാരണം സുനില്‍ പഠിക്കുന്ന സമയത്ത് ഒരു വണ്ണം കുറഞ്ഞ പയ്യനായിരുന്നു. എന്നും ഞങ്ങള്‍ ഭക്ഷണം സ്പോണ്സര്‍ ചെയ്യാമെന്ന് കളിയാക്കി പറയുമായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന ആണ്പിള്ളരെല്ലാം അവനെ എല്ലന്‍ സുനില്‍ എന്നാണു വിളിക്കാറ്. പക്ഷെ അവരോടെല്ലാം ഞാന്‍ എന്നും വഴക്കുകൂടു മായിരുന്നു".
കിട്ടിയ അവസരം പാഴാക്കാതെ, ആര്‍ത്തിയില്‍ പ്രവിത വാചാലയായപ്പോള്‍, മിനി പറഞ്ഞു.
"എങ്കില്‍ പ്രവിത ഉദ്ദേശിച്ച ആള് തന്നെയാണ് അത്. എന്നോട് പറഞ്ഞതാണ്, അത് പ്രവിതയാണോ എന്ന് നോക്കാന്‍. കോളേജ് വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ ഇടയ്ക്കിടെ പ്രവിതയെകുറിച്ച് എന്നോട് പറയാറുണ്ട്‌ സുനില്‍എന്തായാലും ഇനി നേരിട്ട് സംസാരിച്ചോ". പ്രവിതയെയും കൂട്ടി മിനി സുനിലിന്റെ അടുത്ത് ചെന്നു. 
"ചേട്ടന്‍ ഉദ്ദേശിച്ച ആള് തന്നെയാണ്". മിനി പരിചയപ്പെടുത്തി. 
സന്തോഷം എങ്ങിനെ പ്രഘടിപ്പിക്കണമെന്നു ഒരു പിടിയുമുണ്ടായിരുന്നില്ല രണ്ടു പേര്‍ക്കും.

"പതിനേഴു വര്‍ഷത്തിനു ശേഷമാണ് ഞാനീ കടല്‍ തീരത്ത് എത്തുന്നത്‌. അന്ന് നമ്മള്‍ പിക്ക്നിക്കിന് വന്നില്ലേ, അതിനു ശേഷം ആദ്യമായിട്ടാണ് ഇപ്പോള്‍ ഇവിടെ എത്തുന്നത്‌. സത്യത്തില്‍ ഇവിടെ വന്നത് മുതലേ ഞാന്‍ എന്റെ ആ പഴയകാല ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ടിരിക്കുക യായിരുന്നു".
നെടു വീര്‍പ്പോടെ സുനില്‍ നിര്‍ത്തിയപ്പോള്‍ പ്രവിത പറഞ്ഞു.
"ഞാന്‍ ഇടയ്ക്കിടെ ഇവിടെ വരാറുണ്ട്. നാട്ടില്‍ വന്നാല്‍ ഞാന്‍ കൂടുതല്‍ ദിവസവും ഇവിടെ വന്നിരിക്കും. ഇവിടെ ഇങ്ങനെ വന്നിരിക്കാന്‍ ഭയങ്കര സുഖമാണ്. എന്റെയും മനസ്സ് ആ പഴയകാല ഓര്‍മ്മയിലേക്ക് തന്നയാണ് പോകാറു ഇവിടെ വന്നാല്‍".
"പ്രവിത കുട്ടിയേയും എടുത്തു ഇങ്ങനെ നില്‍ക്കണ്ട, ഇവിടെ ഇരുന്നോ. ഞാന്‍ കുട്ടികളെ ഒന്ന് നോക്കിയിട്ട് വരാം". ഇത് പറഞ്ഞ മിനി കുട്ടികളുടെ അടുത്തേക്ക് നടന്നു.
''എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, ഇത് നീ തന്നെയാണെന്ന്." സുനില്‍ പറഞ്ഞു.
"എനിക്കും" സുനിലിന്റെ വാക്കിനെ അടിവരയിട്ടുകൊണ്ട് പ്രവിത പറഞ്ഞു.

"ഓര്‍മ്മയുണ്ടോ നിനക്ക് പിക്കിനിക്കിനു പോകുന്നതിനെ കുറിച്ച് ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍, എല്ലാവരും ഭക്ഷണം കൊണ്ട് വരണമെന്ന് പറഞ്ഞപ്പോള്‍, ഞാനെഴുന്നേറ്റു നിന്ന്, എങ്കില്‍ ഞാനില്ലായെന്ന് പറഞ്ഞത്. ഉടനെ നീയാണ് പറഞ്ഞത്, സുനില്‍ എന്തായാലും ഉണ്ടാകും എന്ന്. ക്ലാസ് വിട്ടു ബസ്സ്‌ കയറാന്‍ വേണ്ടി ബസ്സ്റ്റോപ്പില്‍ വന്നു നില്‍ക്കുമ്പോള്‍, എന്റെ കൂട്ട് കാരെല്ലാം എന്നോട് പറഞ്ഞു 'എടാ പ്രവിതക്ക് നിന്നോടെ എന്തോ അടുപ്പം ഉണ്ട്. അത് സാധാരണ അടുപ്പമൊന്നുമല്ല. എത്ര ആണ്പിള്ളേര്‍ പറഞ്ഞു പിക്നിക്കിനു പോരുന്നില്ല എന്ന്. നിന്റെ കാര്യത്തില്‍ മാത്രം എന്താ അവള്‍ക്കിത്ര നിര്‍ബന്തം. ഇപ്പോള്‍ ലാസ്റ്റ് അവള്‍ പറഞ്ഞത് കേട്ടില്ലേ നീ? സുനിലിനുള്ള ഭക്ഷണം ഞാന്‍ കൊണ്ട് വരാമെന്ന്". പഴയ കാല സ്മരണയെ വീണ്ടും തഴുകി ഉണര്‍ത്തി സുനില്‍.

"നിനക്ക് ഓര്‍മ്മയില്ലെടാ? അന്ന് നീ തന്നതാണെന്ന് പറഞ്ഞു നമ്മുടെ ഷിഹാബ് ഒരു പ്രേമലേഖനം എന്റെ പുസ്തകത്തില്‍ വെച്ച് തന്നത്. അന്ന് നീ ഒരു ഔര്‍ നേരത്തോടെ പോയിരുന്നു. നമ്മുടെ ആ അടുപ്പം കണ്ടിട്ട് തെറ്റിദ്ദരിച്ചിട്ടു ചെയ്തതായിരുന്നു അന്നവര്‍ അത്. എനിക്കത് കിട്ടിയപ്പോള്‍ നിന്നോട് വന്നീട്ടുള്ള ദേഷ്യം. പ്രേമ ലേഖനം എനിക്ക് തന്നു എന്നതുകൊണ്ടല്ല. നിനക്ക് എന്തെങ്കിലും എന്നോട് പറയാനോ അറിയിക്കാനോ ഉണ്ടായിരുന്നുവെങ്കില്‍, അത് നേരിട്ട് ആകാമായിരുന്നില്ലേ? ഇത്ര അടുപ്പം ഉണ്ടായിട്ടും എന്തിനാ മറ്റൊരാളെ ചുമതലപ്പെടുത്തിയതു?   ഞാന്‍ ആദ്യം വിചാരിച്ചത്, നീ തന്നെ എഴുതിയതാകുമെന്നായിരുന്നു. പക്ഷെ കയ്യക്ഷരത്തിലാണ് എനിക്ക് മനസ്സിലായത്‌. നിന്റെ എഴുത്തല്ലാ തെന്ന്. അത് എന്റെ പുസ്തകത്തില്‍ വെച്ച് തരുമ്പോള്‍ നമ്മുടെ ആ ഷിഹാബ് എന്താ പറഞ്ഞതെന്ന് അറിയോ നിനക്ക്? ഇത് വേറെ ആരും അറിയരുത് എന്ന് സുനില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇതിന്റെ മറുപടിയും എന്റെ കയ്യില്‍ തന്നെ തന്നാല്‍ മതി. നേരിട്ട് തരാനുള്ള ബുദ്ദിമുട്ടു കൊണ്ടാണ് എന്നെ ഏല്പിച്ചു സുനില്‍ ഒരു ഔര്‍ നേരത്തെ പോയത് എന്ന്. ഞാന്‍ ശരിക്കും വിശ്വസിച്ചു ആദ്യം".

മനസ്സിനുള്ളില്‍ വര്‍ഷങ്ങളായി താലോലിച്ചു നടന്ന ഓര്‍മ്മകള്‍ സംസാരത്തിന്റെ രൂപത്തില്‍  പ്രവിതയുടെ വായില്‍നിന്നും പുറത്തു വന്നപ്പോള്‍, ഒരുപൊട്ടിയ ജല സംഭരണിയുടെ കുത്തൊഴുക്കായി  തോന്നി. വാചാലയാകുന്ന പ്രവിതയുടെ വാക്കുകളെ കീറിമുറിച്ചുകൊണ്ട് സുനില്‍ പറഞ്ഞു.
"എങ്കില്‍ ഞാനൊരു കാര്യം ചോദിച്ചാല്‍ നീ സത്യം പറയോ"?
"അതെന്താ നീ അങ്ങിനെ ചോദിക്കുന്നത്? നിന്നോട് എപ്പോഴെങ്കിലും കളവു പറഞ്ഞിട്ടുണ്ടോ ഞാന്‍? ചോദിച്ചോ നീ, സത്യം തന്നെ ഞാന്‍ പറയുള്ളൂ".
"സത്യത്തില്‍ നിനക്ക് എന്നോട് പ്രേമമുണ്ടായിരുന്നോ"?
അപ്രതീക്ഷിതമല്ലാത്ത ചോദ്യം കേട്ട ലാഖവത്തോടെ പ്രവിത പറഞ്ഞു.

"ഉണ്ടായിരുന്നു. കുറച്ചല്ല, ഒരുപാട് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ദം അതായിരിക്കാം, നിന്നോട് അത് തുറന്നു പറഞ്ഞില്ലായെന്നത്. എന്നും ഞാന്‍ കോളേജില്‍ വരുന്നതിനേക്കാള്‍ മുമ്പ് മനസ്സില്‍ പ്ലാന്‍ ചെയ്യും, ഇന്ന് എന്തായാലും നിന്നോടത് പറയണമെന്ന്. പക്ഷെ നിന്റെ അടുത്ത് വരുമ്പോള്‍, ഞാനാകെ ഭയക്കും. എന്റെ കൂട്ടുകാരി സിന്ധുവിനോട് ഞാനത് പറഞ്ഞിരുന്നു ഒരിക്കല്‍. അവള്‍ ഇടയ്ക്കിടെ എന്നോട് ചോദിക്കും നീ അത് പറഞ്ഞോ അവനോടെന്നു. ഞാന്‍ പറയും ഇല്ല, അതിനു സമയമായിട്ടില്ലായെന്നു. നീ എങ്ങിനെ അതിനെ പ്രതികരിക്കുമെന്നായിരുന്നു എന്റെ പേടി. ഒരു ദിവസമെങ്കിലും നീ ക്ലാസ്സില്‍ വരാതിരുന്നാല്‍ എനിക്കുണ്ടായിരുന്ന വിഷമം എത്രയായിരുന്നു എന്നെനിക്കു തന്നെ അറിയില്ലായിരുന്നു. ഒരു പത്തു വട്ടമെങ്കിലും നിന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ സമീറിനോട് ഞാന്‍ ചോദിക്കും 'നീ എന്തെ വരാതിരുന്നത്? എന്ന്.  ഒഴിവു ദിവസങ്ങള്‍ വരുന്നു എന്നോര്‍ക്കുമ്പോള്‍ തന്നെ, എന്റെ മനസ്സ് പിടക്കുമായിരുന്നു. പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട് - ഞാനെന്താ ഇങ്ങനെയെന്നു.

ഒരിക്കല്‍ എന്റെ അടുത്തുള്ള ഒരു ചെക്കന്‍ ഒരു പ്രേമ ലേഖനം തന്നപ്പോള്‍ എന്നെക്കൂടാതെ അത് വായിച്ചൊരു വ്യക്തി നീയായിരുന്നു. നീ ചോദിച്ചില്ലേ അതിനെന്താ മറുപടി എഴുതാത്തതെന്ന്? അപ്പോള്‍ ഞാന്‍ നിന്നോട് പറഞ്ഞ മറുപടി നിനക്ക് ഓര്‍മ്മയുണ്ടോ? 'എന്റെ സങ്കല്‍പ്പത്തിലുള്ള കാമുഖനെക്കാള്‍ തടി കൂടുതലാണ് അവനെന്നു'. നീ അത് മനസ്സിലാക്കും എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ അത്രയ്ക്ക് പറഞ്ഞത്. പക്ഷെ.........

അന്ന് പിക്ക്നിക്കിന് പോകുമ്പോള്‍ അമ്മ ചോദിച്ചു 'എന്തിനാ നിനക്ക് ഇത്ര മാത്രം ചോറ് എന്ന്' ഞാന്‍ പറഞ്ഞു. എന്റൊരു കൂട്ടുകാരിക്കും കൂടെ വേണം അമ്മെ, അവള്‍ ദൂരെ നിന്നും വരുന്നത് കൊണ്ട് ഭക്ഷണം കൊണ്ട് വരാന്‍ കഴിയില്ലായെന്നു. അന്ന് അമ്മ ഉണ്ടാക്കി തന്ന കറി കൂടാതെ ഞാനെന്റെ വകയായി ഉണ്ടാക്കിയതായിരുന്നു ആ ചട്നി. എന്റെ കൈ കൊണ്ട് എന്തെങ്കിലും ഉണ്ടാക്കി നിന്നെ കഴിപ്പിക്കണം എന്ന് നിര്‍ബന്തമുള്ളത് കൊണ്ട് ഉണ്ടാക്കിയതായിരുന്നു അന്നത്. വാഴയിലയില്‍ ചോറ് പൊതിയുമ്പോള്‍ അമ്മ വീണ്ടും ചോദിച്ചു 'ഒരു ഇലയും കൂടെ വെച്ചൂടെ മോളെ അതില്‍, കൂട്ടുകാരിക്കും കൂടെ കഴിക്കേണ്ടതല്ലേ' എന്ന്. ഞാനത് കേള്‍ക്കാത്ത മാതിരി ഭക്ഷണം പൊതിഞ്ഞു. അങ്ങിനെ രണ്ടില അതില്‍ വെച്ചിരുന്നാല്‍ നീ മാറിയിരുന്നു കഴിക്കും. അതിനെക്കാളും ഞാന്‍ ഇഷ്ടപ്പെട്ടത് നമ്മള്‍ രണ്ടു പേരും ഒരു ഇലയില്‍ നിന്നും കഴിക്കാനായിരുന്നു. അത് കഴിക്കുമ്പോള്‍ ഓരോരുത്തരും പറഞ്ഞിരുന്ന കമെന്റ്സ് നിനക്ക് ഓര്‍മ്മയുണ്ടോ?

നീ എന്റെ ചേട്ടന്റെ കല്യാണത്തിന് വന്നിരുന്നില്ലേ, ഒരിക്കല്‍? അന്ന് ഞാന്‍ എന്റെ മൂത്ത ചേട്ടത്തി (ചേട്ടന്‍റെ ഭാര്യ) യോട് പറഞ്ഞു, ഇവനാണ് എന്റെ കക്ഷിയെന്നു. അപ്പോള്‍ ചേച്ചി പറഞ്ഞു ഇവന് തടി വളരെ കുറവാണല്ലോടീ എന്ന്. അത് നമുക്ക് തടി വെപ്പിക്കാവുന്നതല്ലേ ഉള്ളൂ ചേച്ചി എന്ന് ഞാനും.
ഓര്‍മ്മ യുണ്ടോ നിനക്ക് അന്ന് ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍, ഒരു പഴം കൊണ്ട് വന്നീട്ട് ഇത് എന്റെ വക എന്ന് പറഞ്ഞു ചേച്ചി നിനക്ക് തന്നത്? ചേച്ചി പോലും ആഗ്രഹിച്ചിരുന്നു, എന്റെ മനസ്സിലെ സ്നേഹം നിന്നോട് തുറന്നു പറയണമെന്ന്.
ഇടയ്ക്കു ചേച്ചിയും എന്നോട് ചോദിക്കാറുണ്ടായിരുന്നു 'എവിടം വരെയായി കാര്യങ്ങളെന്ന്'. അതിനും വ്യക്തമായ മറുപടി കൊടുക്കാതെ ഞാന്‍ ഒഴിഞ്ഞു മാറുമായിരുന്നു".

ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുംതാന്‍ കണ്ട സ്വപ്നത്തെ എത്രമാത്രം പ്രവിത മനസ്സില്‍ താലോലിക്കുന്നു വെന്ന് മനസ്സിലാക്കുംവിധ മായിരുന്നു അവളുടെ ഓരോ വാക്കുകളും. അവള്‍ കണ്ട സ്വപ്നത്തിന്റെ വലുപ്പം അവളുടെ വാചാലതയില്‍ ദര്‍ശിക്കുമായിരുന്നു. വീണ്ടും വീണ്ടും ആ മധുര സ്മരണകളെ അവള്‍ നെഞ്ചിലേറ്റി കൊണ്ടേ ഇരുന്നു. നഷ്ട സ്വപ്നങ്ങളാണ് എന്നറിഞ്ഞിട്ടും അവളതിനു ചിറകുകള്‍ നല്കിയിരിക്കുന്നു. ആ ചിറകിലേറി ഇന്നുമവള്‍ പറന്നു കൊണ്ടേ ഇരിക്കുന്നു. യാഥാര്‍ത്ഥ്യം ഇപ്പോഴും പ്രവിത ഉള്കൊണ്ടിട്ടില്ലേ?

എന്തായാലും വിഷയത്തിന്റെ ഗതി മാറ്റിയെ മതിയാവൂ. ഈ വിഷയം ഇനിയും സംസാരിച്ചിരിക്കുന്നത് അഭികാമ്യമല്ല എന്ന് സുനിലിനു തോന്നി. 
വിഷയം മാറ്റാന്‍ വേണ്ടി സുനില്‍ ചോദിച്ചു.
''സംസാരത്തിനിടയില്‍ നിന്നെ കുറിച്ച് ചോദിക്കാന്‍ ഞാന്‍ വിട്ടു പോയി.
നിന്റെ ഭര്‍ത്താവ് എവിടെയാണ്? എത്ര മക്കള്‍ ഉണ്ട്? എങ്ങോട്ടാണ് വിവാഹം ചെയ്തത്?

നഷ്ട സ്വപ്നംII

ഇതിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കിയാല്‍മതി

                          അത് വരേയ്ക്കും വാചാല യായിരുന്ന പ്രവിതയുടെ മുഖം പെട്ടെന്ന് വാടുന്നതായി സുനില്‍ ശ്രദ്ദിച്ചു. വലിയൊരു ദുഃഖം ഉള്ളിലൊതുക്കി അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത് പോലെ തോന്നി. പക്ഷെ അവളുടെ പുഞ്ചിരിക്കുള്ള സാഹചര്യം പോലും അസ്ഥാനത്താക്കി, പെട്ടെന്ന് വന്ന കാര്‍മേഘം വെയിലിനെ വിഴുങ്ങുന്ന പോലെ, പ്രവിതയുടെ മുഖം ഇരുളാന്‍ തുടങ്ങി. എവിടെ എങ്ങിനെ തുടങ്ങണമെന്നറിയാതെ അവള്‍ വാക്കുകള്‍ക്കു വേണ്ടി പരക്കം പായുകയായിരുന്നു. വാക്കുകള്‍ തൊണ്ടയില്‍ എവിടെയോ തടഞ്ഞു നില്‍ക്കുന്നതായി തോന്നുമായിരുന്നു. വാക്കുകളെ വാചകങ്ങളായി കൂട്ടി യോജിപ്പിക്കാന്‍ കഴിയാതെ അവള്‍ പ്രയാസപ്പെടുകയായിരുന്നു. വെളുത്തു തുടുത്ത അവളുടെ മുഖം പെട്ടെന്ന് ചുമക്കുന്നതായി തോന്നി. പണ്ടും വൈകാരിക നിമിഷങ്ങളില്‍ പ്രവിത അങ്ങിനെയാണ്. അവളുടെ മുഖം ആകെ ചുമക്കും.

"നിനക്ക് അറിയാലോ, സാമ്പത്തികമായി നല്ല ചുറ്റുപാടായിരുന്നു എന്റേതെന്നു. പ്രീ ഡിഗ്രി കഴിഞ്ഞതോടെ എന്റെ പഠിപ്പ് നിര്‍ത്തി. പിന്നെ കുറെ കമ്പ്യൂട്ടര്‍ ക്ലാസ്സും മറ്റുമായി, രണ്ടു കൊല്ലം തള്ളി നീക്കി. പെണ്മക്കളില്‍ മൂത്തത് ഞാനായതുകൊണ്ടും, അത്യാവശ്യം സൌന്ദര്യം എനിക്കുള്ളത് കൊണ്ടുമായിരിക്കാം, വിവാഹാലോചനകള്‍ ഒരുപാട് വന്നുകൊണ്ടേ ഇരുന്നു. പക്ഷെ എനിക്ക് അപ്പോഴൊന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ജീവിതത്തില്‍ ഇപ്പോഴുള്ള എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലോ എന്ന ഭയമായിരുന്നു അതിനു കാരണം.
പക്ഷെ അമ്മക്ക് ഭയങ്കര നിര്‍ബന്തമായിരുന്നു ഉടനെ എന്നെ വിവാഹം ചെയ്തുകൊടുക്കാന്‍. രണ്ടു വൃക്കകളും തകരാറിലായി ആഴ്ചയില്‍ രണ്ടു വട്ടം ഡയാലിസിസ് നടത്തുന്ന അമ്മയുടെ ആ നിര്‍ബന്തത്തിനു മുന്നില്‍ എനിക്ക് സമ്മതിക്കേണ്ടിവന്നു. 


ചെക്കന്‍ ഗള്‍ഫു കാരനാണ്. നല്ല സുന്ദരന്‍ (അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ചുള്ളന്‍). എന്റെ വീട്ടില്‍ നിന്നും ചെക്കനെ കുറിച്ച് അന്വേഷിക്കാന്‍ പോയവരെല്ലാം വന്നു പറഞ്ഞത് 'ഇത് നിന്റെ ഭാഗ്യമാണ് മോളെ' എന്നാണു. അഞ്ചു മക്കളുള്ള വീട്ടില്‍ മൂന്നാമത്തവനാണ് ചെറുക്കന്‍. മൂത്ത രണ്ടു ജേഷ്ടന്മാരുടെയും, താഴെയുള്ള രണ്ടു പെങ്ങന്മാരുടെയും കല്ല്യാണം കഴിഞ്ഞു. അച്ഛന്‍ മരിച്ചു. ഒരു വലിയ വീട്ടില്‍ ചെറുക്കന്റെ അമ്മ മാത്രമാണ് താമസം. കൂടുതല്‍ നാളും അമ്മ മക്കളോട് കൂടെ ഗള്‍ഫിലാണ്. ഇത്രയെല്ലാം കേട്ടപ്പോള്‍, ഇനി എന്ത് വേണം എനിക്ക്? എന്ന് തോന്നി. ഭര്‍തൃ ഗൃഹത്തെ കുറിച്ച് ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതിനും അപ്പുറത്തുള്ള സൌകര്യങ്ങളും ചുറ്റുപാടുകളുമുണ്ടല്ലോ. നിറഞ്ഞ മനസ്സോടെ ഞാന്‍ സമ്മതം കൊടുത്തു.

അങ്ങിനെ വിവാഹവും വളരെ ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞു ഒന്നര മാസമാകുമ്പോഴേക്കും, പ്രിയതമനുമൊത്തു അങ്ങ് പറന്നു. സ്വപ്ന സാക്ഷാല്‍കാര നഗരിയിലേക്ക്. ആയിരക്കണക്കിന് അംബര ചുംബികളായ കെട്ടിടങ്ങള്‍ക്കിടയില്‍ ഒന്നിലെ, രണ്ടു മുറിയുള്ള ഒരു ഫ്ലേറ്റില്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം. രാവിലെ എട്ടു മണിക്ക് അദ്ദേഹം സ്വന്തം കടയിലേക്ക് പോയാല്‍ വൈകീട്ട് ഒമ്പത് മണിക്കേ തിരിച്ചു വരൂ. അത് വരേയ്ക്കും ഞാന്‍ തനിച്ചിരിക്കണം റൂമില്‍.  കുറെ കിടന്നുറങ്ങും, പിന്നെ T V കാണും. ആദ്യമെല്ലാം വളരെ ദുഷ്കരമായി തോന്നി ജീവിതം. പിന്നെ   പതുക്കെ ഞാനും അതിനോട് പൊരുത്തപ്പെട്ടു. എന്റെ സങ്കല്‍പ്പത്തിനൊത്തു എന്റെ ഭര്‍ത്താവ് ഉയരുന്നില്ല എന്ന എന്റെ പരാതി, എന്നും എന്റൊരു സ്വകാര്യ ദുഖമായി ഞാന്‍ മനസ്സില്‍ സൂക്ഷിച്ചു. മറ്റുള്ളവരോട് ഞാന്‍ ഇടപഴകുന്നതും സംസാരിക്കുന്നതുമെല്ലാം ഒരു സംശയ ദൃഷ്ടിയോടെയാണ് എന്റെ ഭര്‍ത്താവ് വീക്ഷിച്ചിരുന്നത്‌. പണം ഉണ്ടാക്കുക എന്ന ഒരാര്‍ത്തി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്തയില്‍. പലപ്പോഴും എന്റെ മൊബൈല്‍ ഫോണിലെ ഇന്‍കമിംഗ് കോളുകള്‍ അദ്ദേഹം പരിശോധിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അടുത്ത കുടുംബക്കാരോടുപോലും ഞാനൊരു അകല്‍ച്ച നിലനിര്ത്തികൊണ്ടിരുന്നു.

അതിനിടക്കായിരുന്നു എന്റെ അമ്മയുടെ മരണം. അത് എനിക്ക് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. അമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞു നാട്ടില്‍ വന്ന എനിക്ക് പതിനഞ്ചു ദിവസം കൊണ്ട് തിരിച്ചു പോകേണ്ടിവന്നു. അധികം വൈകാതെ തന്നെ ഞാനൊരു അമ്മയാകാനുള്ള തയ്യാറെടുപ്പിലായി. സ്നേഹിക്കാനും താലോലിക്കാനുമായി എനിക്കൊരു ആണ്കുഞ്ഞു പിറന്നു. എന്റെ മനസ്സില്‍ കുറെ കാലമായി ആരോടും പ്രഘടിപ്പിക്കാതെ കെട്ടികിടന്നിരുന്ന സ്നേഹം എന്റെ പോന്നുമോന് ഞാന്‍ വാരിക്കോരി നല്‍കി. അവന്റെ ഓരോ ചലനങ്ങളും, എന്നെ സന്തോഷത്തില്‍ ആറാടിച്ചു. അവന്‍ എനിക്ക് നല്‍കുന്ന ഓരോ പുഞ്ചിരിയും എന്നിലുള്ള അമ്മയെയും, അമ്മയിലുള്ള വാത്സല്യത്തെയും തിരിച്ചറിയിച്ചു. അവനെ കരയാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല.
അപ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ കച്ചവടത്തിലും അതിലെ ലാഭത്തിലുമായിരുന്നു ശ്രദ്ധിച്ചിരുന്നത്. എന്റെ മകന്റെ വളര്‍ച്ച രണ്ടാം വയസ്സില്‍ എത്തിയപ്പോഴാണ് അവനുമായി ഞാന്‍ നാട്ടില്‍ വരുന്നത്. അപ്പോഴേക്കും എന്റെ അച്ഛന്‍ മറ്റൊരു വിവാഹം ചെയ്തിരുന്നു. രണ്ടാനമ്മക്ക് ഞാനെന്റെ വീട്ടില്‍ ചെല്ലുന്നതോ അവിടെ നില്‍ക്കുന്നതോ ഇഷ്ടമായിരുന്നില്ല.

അങ്ങിനെ ഭര്‍തൃ വീട്ടില്‍ തന്നെ താമസം തുടര്‍ന്നു. ഒരു ദിവസം മകന് ഭയങ്കര പനി കണ്ടപ്പോള്‍ ഞാന്‍ എന്റെ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. ഒരു വിധക്തമായിട്ടുള്ള പരിശോധന അനിവാര്യമാണ് എന്ന് ഡോക്ടര്‍ പറഞ്ഞു. കേരളത്തില്‍ അറിയപ്പെടുന്ന ഒരു ഡോക്ടറുടെ അടുത്ത് ചെന്ന് എന്റെ മോനെ പരിശോധിപ്പിച്ചു. എന്റെ മോന്റെ തലച്ചോറിനു വളര്‍ച്ച കുറവാണ് എന്ന ഡോക്ടറുടെ പരിശോധനാ റിപ്പോര്‍ട്ട് കേട്ടപ്പോള്‍, ഞാന്‍ ആകെ തളര്‍ന്നു പോയി. എന്റെ കൈ കാലുകളുടെ സ്വാധീനം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നി. ഞാന്‍ പരിസര ബോധമില്ലാതെ  അട്ടഹസിച്ചു കരഞ്ഞു. എന്റെ മനസ്സ് കാണാന്‍ ദൈവത്തിനു കഴിയാതെ പോയതോ, അതോ  ദൈവം വീണ്ടും എന്നെ പരീക്ഷിക്കുകയാണോ എന്ന് ഞാന്‍ സംശയിച്ചു. എന്റെ ജീവിതത്തിലെ അവശേഷിക്കുന്ന ഒരേ ഒരു സ്വപ്നമാണ് എന്റെ പൊന്നുമോന്റെ വളര്‍ച്ചയും അവന്റെ ഭാവിയുമെങ്കില്‍, അതും ദൈവം എന്നില്‍ നിന്നും തട്ടിയെടുക്കുകയാണോ? അതിനു മാത്രം എന്ത് തെറ്റാണ് ഞാന്‍ ദൈവത്തോട് ചെയ്തത്? അറിയപ്പെടുന്ന എല്ലാ വിധക്ത ഡോക്ടര്‍ മാരെയും ഞാന്‍ എന്റെ മോനുമായി സമീപിച്ചു. വെറും പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് അവര്‍ എന്റെ മകന്റെ തലച്ചോറിനു കണ്ടെത്തിയ വളര്‍ച്ച. അതിനിടയില്‍, ഭര്‍ത്താവ് എന്നെ തിരികെ ഗള്‍ഫിലേക്ക് വിളിച്ചു. മകന്റെ ചികിത്സയെല്ലാം പാതി വഴിയില്‍ ഉപേക്ഷിച്ചു, തിരിച്ചു പോകല്‍ എനിക്ക് അനിവാര്യമായി.

ഒരു സമാധാന വാക്കുപോലും എന്റെ ഭര്‍ത്താവില്‍ നിന്നും എനിക്ക് ലഭിച്ചില്ല എന്ന് മാത്രമല്ല, പലപ്പോഴും എന്നെ കുറ്റപ്പെടുത്താന്‍ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്‌. മുമ്പ് ഗര്‍ഭനിരോധന ഗുളികകള്‍ കഴിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് പിന്നീട് ഉണ്ടാകുന്ന കുട്ടികള്‍ ഇതുപോലെ എന്തെങ്കിലും വൈകല്യ മുള്ളവരായി ജനിക്കുമെന്ന് അദ്ദേഹം എവിടെ നിന്നോ കേട്ടിട്ടുണ്ടെന്ന് പോലും ഒരിക്കല്‍ എന്നോട് പറഞ്ഞു. എന്റെ കുടുംബക്കാരോ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കുടുംബക്കാരോ, മുമ്പ് എപ്പോഴോ ചെയ്തു പോയിട്ടുള്ള ഏതോ ഒരു വലിയ പാപത്തിന്റെ അനന്തര ഫലമാണെന്ന് തോന്നുന്നു. എനിക്കുണ്ടായ രണ്ടാമത്തെ ഈ കുഞ്ഞും Cleft lips (മുച്ചുണ്ട്) എന്ന വൈകല്യതോടെയാണ്‌ ജനിച്ചത്‌. ഒന്നാമത്തെ വയസ്സില്‍ അവനു ഒരു ഓപറേഷന്‍ കഴിഞ്ഞു. ഇനിയുമുണ്ട് വലുതാകുമ്പോള്‍ ഓപറേഷനുകള്‍. ഒരു മരവിച്ച മനസ്സാണ് ഇപ്പോള്‍ എനിക്കുള്ളത്. എത്ര സമ്പത്ത് ഉണ്ടായിട്ടെന്താ കാര്യം. മനസ്സമാധാനം ഇല്ലെങ്കില്‍ പോയില്ലേ എല്ലാം? 
ഇപ്പോള്‍ കരയാന്‍ തന്നെ ഞാന്‍ മറന്നിരിക്കുന്നു. വിധിയെ ഓര്‍ത്തു കരയുന്നവരോടെ പുച്ച്ച മാണെനിക്ക്. അല്ലെങ്കിലും എന്തിനാ നമ്മള്‍ കരയുന്നത്? മറ്റുള്ളവരുടെ സഹതാപം പിടിച്ചു പറ്റാനോ? അതോ, വിധിയെ നമുക്ക് നല്‍കിയ ദൈവത്തിന്റെ തീരുമാനത്തില്‍ മാറ്റം വരുത്താനോ? സഹതാപ ദൃഷ്ടിയില്‍ എന്നെ നോക്കുന്നവരെയും ഇന്നെനിക്കിഷ്ടമല്ലജനങ്ങള്‍ ഒരുമിച്ചു കൂടുന്ന ഒരു പരിപാടിയിലും പങ്കെടുക്കാറില്ല ഇപ്പോള്‍ ഞാന്‍. എവിടെ ചെന്നാലും, എല്ലാവര്‍ക്കും എന്‍റെ മക്കളുടെ വകല്യങ്ങളുടെ കാരണങ്ങളാണ് വിശദീകരിച്ചു കൊടുക്കേണ്ടത്. അവരുടെ സംശയങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ സ്ഥിരം പല്ലവിയായതുകൊണ്ട് ഞാന്‍ മടുത്തു. അടുത്ത കുടുംബങ്ങളില്‍ പോലും ഞാന്‍ പോകാറില്ല. ഒരു ഒറ്റപ്പെടലിന്റെ സുഖം ഞാന്‍ അനുഭവിക്കുകയാണിപ്പോള്‍. ആത്മഹത്യ ചെയ്താലോ എന്ന് ഞാന്‍ ചിന്തിച്ചിരുന്നു മുമ്പ്. പര സഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത എന്‍റെ മക്കളെ പിന്നെ ആര് നോക്കും? അതുകൊണ്ട് ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
ഒരു വലിയ വീട്ടില്‍ ഞാനും എന്റെ രണ്ടു മക്കളും ഒരു വേലക്കാരിയുമാണിപ്പോള്‍ ഉള്ളത്. ഇനി എന്ത് സംഭവിച്ചാലും വേണ്ടിയില്ല എന്റെ മകന്റെ ചികിത്സയാണ് എനിക്ക് വലുത് എന്ന തീരുമാനത്തില്‍ ഞാന്‍ നാട്ടിലേക്ക് പോരുകയായിരുന്നു. ഇപ്പോള്‍ ദിവസവും സ്പീച് തറാപ്പി നടത്തി കൊണ്ടിരിക്കുകയാണ് എന്റെ മോന്. ഇനി ജീവിതത്തില്‍ എന്ത് വിധി വന്നാലും അത് നേരിടാന്‍ ഇപ്പോള്‍ ഞാന്‍ പ്രാപ്തയായിരിക്കുന്നു". 
തിരിച്ചു വീട്ടിലേക്കുള്ള യാത്രയില്‍ സുനിലിന്റെ മനസ്സ് നിറയെ പ്രവിതയെ കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു. ഒരു പുമ്പാറ്റയെ പോലെ കാമ്പസ്സില്‍ പാറി നടന്നിരുന്ന പ്രവിതയെ ഇവിടെ വെച്ച് കാണണ്ടായിരുന്നു. തന്റെ മനസ്സിലുണ്ടായിരുന്ന പ്രവിതയുടെ രൂപത്തിന് മങ്ങലേല്‍പ്പിക്കണ്ടായിരുന്നു.