Tuesday 28 December 2010

ഒരു കഥ പറയാം

"നിറുത്താറായില്ലേ നിന്‍റെ ഈ പ്രവാസ ജീവിതം, വര്‍ഷം പതിനഞ്ചോളമായല്ലോ"?

അപ്രതീക്ഷിതമായിട്ടുള്ള രാമേട്ടന്റെ ചോദ്യം കേട്ടു സുധീര്‍ ഒന്ന് പുഞ്ചിരിച്ചു.
"എന്താ നീ ചിരിക്കുന്നത്? നിന്നോട് തന്നെയാണ് ഞാന്‍ ചോദിച്ചത്. ഞാനൊക്കെ കണ്ണടച്ചാല്‍ കുഴിയിലേക്ക് എടുത്തു വെക്കേണ്ട കുട്ടികളാണ്. ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗമായാല്‍ പിന്നെ തിരിച്ചു പോരണം, അല്ലാതെ ഗള്‍ഫിനെയും കെട്ടിപ്പിടിച്ചു അവിടെത്തന്നെ കൂടുകയല്ല വേണ്ടത്". ശകാരം നിറഞ്ഞ രാമേട്ടന്റെ സംസാരം ആത്മാര്‍ഥതയോടെയാണ് എന്ന് മനസ്സിലായി. രണ്ടു മാസത്തെ ലീവിന് നാട്ടില്‍ വന്നതായിരുന്നു സുധീര്‍. എന്തും തുറന്നു പറയുകയും, ചോദിക്കുകയും ചെയ്യുന്ന ആളാണ്‌ രാമേട്ടന്‍. നാട്ടില്‍ എല്ലാവര്‍ക്കും രാമേട്ടനോട്‌ പ്രത്യേക ആദരവും ബഹുമാനവുമാണ്. ആരുടെ കാര്യത്തിലും നേരിട്ട് ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന വ്യക്തി എന്നുള്ള ഒരു പ്രത്യേകതയും രാമേട്ടനുണ്ട്.

"എന്നും ആഗ്രഹിക്കുന്ന കാര്യമാണ് രാമേട്ടാ ഒരു തിരിച്ചുപോരല്‍. പക്ഷെ ഓരോ തടസ്സങ്ങളാണ് എപ്പോഴും മുന്നില്‍. രാമേട്ടന്റെ ഈ ശകാരം നിറഞ്ഞ വാക്കുകള്‍ കേള്‍ക്കുമ്പോള്‍, എനിക്ക് ഓര്‍മ വരുന്നത് പണ്ട് എപ്പോഴോ കേട്ടു മറന്ന ഒരു പഴങ്കഥയാണ്".

"കഥകള്‍ പറയാന്‍ പണ്ടും നീ മിടുക്കനാണല്ലോ, കേള്‍ക്കട്ടെ എന്താ നിന്‍റെ കഥ"?

സുധീര്‍ ‍ഇങ്ങനെ തുടങ്ങി -

"വിശന്നു ഇര പിടിക്കാന്‍ വേണ്ടി ഇറങ്ങിയതായിരുന്നു പൂച്ച. തന്‍റെ ഇഷ്ട ഭക്ഷണമായ എലിയെ മുന്നില്‍ കണ്ടതോടെ പൂച്ചക്ക് സന്തോഷമായി. പതുക്കെ പൂച്ച എലിയുടെ അടുത്തേക്ക് നീങ്ങി. അപകടം മനസിലാക്കിയ എലി പ്രാണ രക്ഷാര്‍ത്ഥം ഓടി. പൂച്ചയും പിറകെ ഓടി. കുറെ ഓടിയതിനു ശേഷം എലി ഒരു ചെറിയ മാളത്തില്‍ പോയി ഒളിച്ചു. പൂച്ച മാളത്തിനുപുറത്തു ചുറ്റും നടന്നു. ദേഷ്യം സഹിക്കാന്‍ കഴിയാതെ പൂച്ച ഓരോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടേ ഇരുന്നു. എലിയെ പുറത്തേക്കു കിട്ടാന്‍ ഒരു മാര്‍ഗ്ഗവും ഇല്ലായെന്ന് മനസ്സിലാക്കിയ പൂച്ച ദേഷ്യത്തോടെ പറഞ്ഞു - 'എല്യേ, നീ വിജയിച്ചു എന്ന് കരുതി അഹങ്കരിക്കുകയൊന്നും വേണ്ട. ഒരു ദിവസം നിന്നെ എന്‍റെ കയ്യില്‍ കിട്ടും, അന്ന് ഞാന്‍ തീര്‍ത്തോളം നിന്നോടുള്ള ഈ കടങ്ങളെല്ലാം'.

ഇടറുന്ന ശബ്ദത്തില്‍ മാളത്തിനു ഉള്ളിലിരുന്നു എലി മറുപടി പറഞ്ഞു -

'എന്‍റെ പൊന്നാര പൂച്ചേ,
ഇത് വിജയിക്കാനുള്ള മത്സര ഓട്ടമല്ല, ജീവിക്കാനുള്ള നെട്ടോട്ടമാണ്.
എന്ന് ഞാന്‍ നിന്‍റെ മുന്നില്‍ തോല്‍ക്കുന്നുവോ അന്ന് അവസാനിപ്പിക്കേണ്ടി വരും എനിക്കെന്റെ ജീവിതം. ഇന്നെന്റെ ശരീരത്തില്‍ ജീവന്‍ ഉണ്ടല്ലോ എന്നൊരു ആശ്വാസമുണ്ടെനിക്ക്. നിന്‍റെ മുന്നില്‍ കീഴടങ്ങുന്നതോടെ അതും നഷ്ടപ്പെടും. അതുകൊണ്ട്,


മനസ്സമാധാനം ഇല്ലാതെയാണെങ്കിലും ഞാനൊന്ന് ജീവിച്ചോട്ടെ, നിന്‍റെ പോലെ പുറത്തിറങ്ങി നടന്നു ആസ്വാധ്യ മായിട്ടുള്ള ജീവിതമല്ലെങ്കില്‍ പോലും".
സുധീറിന്റെ കഥകേട്ട രാമേട്ടന്‍ തലയും കുലുക്കി മുന്നോട്ട് നടക്കുന്നുണ്ടായിരുന്നു ഒന്നും മിണ്ടാതെ.


(ഒരു ഗൂഗിള്‍ ചിത്രം)

Sunday 24 October 2010

മാതൃമഹത്വം.

                       ജുബിലീ മിഷന്‍ ഹോസ്പിറ്റലിലെ വരാന്തയില്‍, ഒരു കസാരയില്‍ തലയും ചാരി കണ്ണ് ചിമ്മി ഇരിക്കുമ്പോള്‍, ജീവിതത്തില്‍ ന്നുവരെ സഹിച്ചിട്ടില്ലാത്ത മാനസിക വേദന കടിച്ചുപിടിക്കുകയായിരുന്നു ഷാരൂണ്‍.
തൊട്ടടുത്ത കസാരയിലിരുന്നു ഫോണ്‍ ചെയ്യുന്നാളുടെ ശബ്ദം ഷാരൂണിനെ വീണ്ടും അസ്വസ്ഥനാക്കി. 
''സുഹൃത്തേ, ഇതൊരു ഹോസ്പിറ്റലാണ്, ഇവിടെ ഇരിക്കുന്ന ഓരോരുത്തരും രോഗികളോ രോഗികളോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരോ ആണ്.  താങ്കള്‍ ഈ ഫോണിലൂടെ ഉച്ചത്തില്‍ പങ്കു വെക്കുന്ന സന്തോഷ വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒന്നുകില്‍ ശബ്ദം കുറച്ചു സംസാരിക്കുക, അല്ലെങ്കില്‍ ദയവു ചെയ്തു ഇവിടെനിന്നും എഴുന്നേറ്റു പോവുക".
ഇത്രക്കെങ്കിലും പറയല്‍ അനിവാര്യമായതുകൊണ്ട് മാത്രമാണ് ഷാരൂണ്‍ കണ്ണുതുറന്നു അയാളെ നോക്കി പറഞ്ഞത്.

ഇത് കേട്ട അദ്ദേഹം ഒരു പരുക്കന്‍ ഭാവത്തില്‍ ഷാരൂണിനെനോക്കി എഴുന്നേറ്റു പോയി. പത്തു മിനിറ്റിന് ശേഷം തിരിച്ചു വന്ന് ,  മുമ്പത്തെ അതേ കസേരയില്‍ തന്നെ ഇരുന്നു. കയ്യില്‍ ഉണ്ടായിരുന്ന രണ്ടു പാക്കറ്റ് ജൂസില്‍നിന്നും ഒന്ന് ഷാരൂണിന്റെ നേര്‍ക്ക്‌ നീട്ടി. ഒരു ജൂസ് കുടിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല ഷാരൂണ്‍ അപ്പോള്‍. വേണ്ട എന്ന് ഒരുപാട് പറഞ്ഞു, പക്ഷെ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഷാരൂണ്‍ അത് മേടിച്ചു.
"എന്‍റെ മരുമകള്‍ പ്രസവിച്ച സന്തോഷത്തിലായിരുന്നു ഞാന്‍. പരിസരം മറന്നു ഫോണ്‍ ചെയ്തത് അതുകൊണ്ടാണ്. താങ്കള്‍ക്കു അതൊരു വിഷമമായെങ്കില്‍ ക്ഷമിക്കണം" അദ്ദേഹം പറഞ്ഞു.
"അത് പ്രശ്നമില്ല'' ഷാരൂണ്‍ മറുപടി പറഞ്ഞു.

"എന്ത് പറ്റി, താങ്കള്‍ കുറെ സമയമായല്ലോ ഇവിടെ ഇരിക്കുന്നത്?".
"എന്‍റെ മകന്‍ ( റയ്യാന് ) ഒരു ഓപറേഷന്‍ ഉണ്ടായിരുന്നു ഇന്നലെ, രണ്ടു ദിവസം കൂടി I C U വില്‍ കിടത്തേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്" ഷാരൂണ്‍ പറഞ്ഞു.
"എന്ത് പറ്റി ? എത്ര വയസുണ്ട് റയ്യാന്?".
"എന്‍റെ മകന് ആറ് മാസമേ പ്രായമുള്ളൂ. അവന്‍ മുച്ചുണ്ട് (cleft lips) എന്ന ഒരു വൈകല്യവു മായിട്ടാണ് ജനിച്ചത്‌. മൊത്തം നാല് ഓപറേഷന്‍ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിട്ടുള്ളത്. അതില്‍ ആദ്യത്തേതാണ് ഇത്" ഷാരൂണ്‍ പറഞ്ഞു .

"എന്‍റെ പെങ്ങളുടെ കുട്ടിക്കും ഇതേ പ്രശ്നമുണ്ടായിരുന്നു, പക്ഷെ അത് ആദ്യത്തെ ഓപറേഷനില്‍ തന്നെ ശരിയായി, അന്ന് ഞങ്ങള്‍ ഒരുപാട് വിഷമിച്ചു. പെങ്ങള്‍ക്ക് ഭയങ്കര ടെന്‍ഷന്‍ ആയിരുന്നു അന്ന്" അദ്ദേഹം പറഞ്ഞു നിര്‍ത്തി.
"ഞാന്‍ താങ്കളുടെ പേര് ചോദിക്കാന്‍ വിട്ടുപോയി എന്താണ് അങ്ങയുടെ പേര്"?
"എന്‍റെ പേര്‍ വര്‍ഗ്ഗീസ്, ടൌണില്‍ പച്ചക്കറി ബിസിനെസ്സ് ആണ്. താങ്കള്‍ തനിച്ചേ ഉള്ളൂ?
"അല്ല എന്‍റെ അനുജനും, എന്‍റെ ഭാര്യയും, അവളുടെ ചേട്ടത്തിയും ഉണ്ട്. ഭാര്യയാണിപ്പോള്‍ മകന്റെ അടുത്തുള്ളത്" ഷാരൂണ്‍ പറഞ്ഞു .

"ഭാര്യക്ക് ടെന്‍ഷന്‍ ഉണ്ടോ"? വര്‍ഗ്ഗീസ് ചോദിച്ചു.
"ഓ, അത് പറയാതിരിക്കുകയാണ് നല്ലത്, ഷാരൂണ്‍ തുടര്‍ന്നു - ഞങ്ങള്‍ക്കിത്‌ രണ്ടാമത്തെ കുട്ടിയാണ്. മൂത്തവന് ഏഴു വയസ്സായി, അവന്‍ നല്ല സ്മാര്ട്ടാണ്. വളരെ പ്രതീക്ഷയിലും സന്തോഷത്തിലുമായിരുന്നു ഞാനും എന്‍റെ ഭാര്യയും ഞങ്ങളുടെ ഈ രണ്ടാമത്തെ മകന്റെ പിറവി കാത്തിരുന്നത്. ഞാന്‍ അങ്ങ് ദുബായില്‍ ആണെങ്കിലും ദിവസവും രണ്ടും മൂന്നും തവണ ഫോണ്‍ ചെയ്തു വിവരങ്ങള്‍ അറിയുമായിരുന്നു. പ്രസവിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്ക് ഫോണ്‍ വന്നിരുന്നു, കൂടുതലായി ഒന്നും വീട്ടുകാര്‍ ആദ്യം എന്നോട് പറഞ്ഞില്ല. പിന്നീടാണ് ഞാന്‍ അറിയുന്നത് എന്‍റെ കുട്ടിയുടെ വൈകല്യത്തെപറ്റി. അ വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞാന്‍ തളര്‍ന്നു. പരിസരം മറന്നു കരഞ്ഞുപോയി. പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നത് അവനെയായിരുന്നില്ല. കുറെ സമയങ്ങള്‍ക്കു ശേഷമായിരുന്നു എന്‍റെ ഭാര്യയുമായി എനിക്ക് ഫോണിലൂടെ സംസാരിക്കാന്‍ കഴിഞ്ഞത്.

എങ്ങിനെ എനിക്കവളെ സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് ഒരുപിടിയുമുണ്ടായിരുന്നില്ല. അവളുമായി സംസാരിക്കുമ്പോള്‍ ഉപയോഗിക്കേണ്ട വാക്കുകള്‍ക്കുവേണ്ടി ഞാന്‍ പരക്കം പായുകയായിരുന്നു. വാക്കുകളെ വാചകങ്ങളാക്കി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ പലയിടത്തും എനിക്ക് മുറിഞ്ഞു പോയി. ആ മുറിച്ചില്‍ പലപ്പോഴും ഗദ്ഗദങ്ങള് ആയിമാറി. അവളുടെ പലചോദ്യങ്ങള്‍ക്കു മുമ്പില്‍ ഒരു കൊച്ചുകുട്ടിയെ പോലെ ഞാന്‍ പകച്ചുനിന്നു.

ഒരു വേദനയോടും ഉപമിക്കാന്‍ കഴിയില്ല, അംഗ വൈകല്യത്തോടെ ജനിക്കുന്ന ഒരു കുട്ടിയെ ക്കുറിച്ചോര്‍ത്ത് വേദനിക്കുന്ന മാതാപിതാക്കളുടെ മാനസിക വേദന എന്ന് ഞാന്‍ അനുഭവത്തിലൂടെ അറിയുകയായിരുന്നു.

താങ്കള്‍ക്ക്‌ ബോറടിക്കുന്നുണ്ടോ? ഇടയ്ക്കു കയറി ഷാരൂണ്‍ വര്‍ഗ്ഗീസിനോട് ചോദിച്ചു.
"ഇല്ല, താങ്കള്‍ പറഞ്ഞോളൂ" വര്‍ഗ്ഗീസ് പറഞ്ഞു. ഒരു സിനിമ കാണുന്ന ആകാംക്ഷയോടെ ഷാരൂണിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു വര്‍ഗ്ഗീസ്. ഷാരൂണ്‍ വീണ്ടും തുടര്‍ന്നു.

പിന്നീട് കുറേ ദിവസങ്ങള്‍ ഞാന്‍, അവള്‍ക്കു ഫോണ്‍ ചെയ്യാന്‍ പോകുന്നതിനേക്കാള്‍ കുറെസമയം മുമ്പേ അവളോട്‌ സംസാരിക്കേണ്ടതിനെ കുറിച്ച് തയ്യാറെടുപ്പ് നടത്തുമായിരുന്നു. അവള്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കണ്ടെത്തുമായിരുന്നു മുന്‍കൂട്ടി ഞാന്‍. ഗ്രാമീണരായിട്ടുള്ള ഞങ്ങളുടെ നാട്ടുകാര്‍ക്ക് എന്‍റെ മകന്‍ ഒരു കൌതുക വസ്തുവായിമാറി. അഭ്യസ്ത വിദ്ദ്യരല്ലാത്ത എന്‍റെ ഗ്രാമീണരില്‍ പലരും അവരുടെ യുക്തിക്ക് അനുസരിച്ചുള്ള പല വിശദീകരണങ്ങളും എന്‍റെ മകനെക്കുറിച്ച് എന്‍റെ ഭാര്യയോടു പറഞ്ഞു കൊണ്ടിരുന്നു. ഇതെല്ലാം അവളുടെ മാനസിക നിയന്ത്രണം നഷ്ടപ്പെടുന്നിടത്തോളം എത്തുമായിരുന്നു.

എപ്പോഴും അവള്‍ എന്നോട് ചോദിക്കുമായിരുന്നു 'ഇതിനുമാത്രം എന്ത് തെറ്റാണ് ഞാന്‍ ദൈവത്തോട് ചെയ്തീട്ടുള്ളത്' എന്ന്. അപ്പോഴെല്ലാം ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ഒരുപാട് കഷ്ടപ്പെടു മായിരുന്നു.

'ദൈവം കൂടുതല്‍ ഇഷ്ടപ്പെടുന്നവരെ കൂടുതല്‍ പരീക്ഷിച്ചുകൊണ്ടിരിക്കും, പക്ഷെ ദൈവം കയ്യൊഴിയുകയില്ല. ദൈവത്തിന്റെ പരീക്ഷണങ്ങളെ ക്ഷമാപൂര്‍വ്വം സഹിച്ചവര്‍ക്ക് മാത്രമേ നാളെ പരലോകത്ത് സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ. എന്നെല്ലാം ഞാന്‍ അവളോട്‌ പറയുമായിരുന്നു. ഇതിനേക്കാള്‍ വലുത് വന്നാലും നമ്മള്‍ സഹിക്കേണ്ടേ. ഇത് പരിഹാരമുള്ള പ്രശ്നമാണ്, നാല് ഓപറേഷന്‍ കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നം, എന്നാല്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നമായിരുന്നുവെങ്കിലോ?  ബുദ്ദി മാന്ദ്യത്തോടെ പ്രസവിക്കുന്ന എത്രയോ കുട്ടികള്‍ നമുക്ക് മുമ്പില്‍ നമ്മള്‍ കാണുന്നു, അതില്‍ നിന്നെല്ലാം ദൈവം നമ്മെ രക്ഷിച്ചില്ലേ?

ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ വേണ്ടി കണ്ടെത്തിയ വാക്കുകളായിരുന്നു ഇതെല്ലാം.
ഏതൊരമ്മയും, താന്‍ ഗര്‍ഭം ചുമന്നു പ്രസവിച്ച കുട്ടി, തന്‍റെ അമ്മിഞ്ഞ നുകരുമ്പോള്‍ അനുഭവിക്കുന്ന അനുഭൂതിയിലൂടെ മറക്കുന്നു, ആ പ്രസവത്തിനു വേണ്ടി താന്‍ അനുഭവിച്ച ത്യാഗങ്ങളെല്ലാം. മാത്രവുമല്ല അവന്‍ അത് നുകര്‍ന്നാലേ അവനു ആ അമ്മയോട് സ്നേഹമുണ്ടാവുകയുള്ളൂ എന്ന് എന്‍റെ ഭാര്യ പറഞ്ഞിട്ട് ഉടനെ കരഞ്ഞു പറയുന്നു അതിനുപോലും ദൈവം എനിക്ക് അവസരം നല്‍കിയില്ലല്ലോ എന്ന്.

ഉത്തരം കിട്ടാത്ത ഇതുപോലോത്ത ചോദ്യങ്ങള്‍ അവള്‍ എന്നോട് ചോദിക്കുമ്പോള്‍ ഫോണ്‍ ക്ലിയര്‍ ആകുന്നില്ല എന്ന് പറഞ്ഞു കട്ട് ചെയ്യുമായിരുന്നു ഞാന്‍. പക്ഷെ ഇവിടെയെല്ലാം ഞാന്‍ ഒരു മാതാവിന്റെ വലുപ്പം അനുഭവിച്ചറിയുകയായിരുന്നു. ഒരു കുട്ടിയും അവന്‍റെ മാതാവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അറിയുകയായിരുന്നു. ആ ബന്ധത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല ഈ ലോകത്ത് എന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞത് അവിടെ വെച്ചായിരുന്നു.
ഒരു പുരുഷായുസ്സു മുഴുവന്‍ അമ്മയെ സേവിക്കാന്‍ വേണ്ടി സമര്‍പ്പിച്ചാലും, ഒന്നുമാകില്ല ആ അമ്മ സഹിച്ച ത്യാഗത്തിനു മുന്നിലെന്നു ഞാന്‍ ഉള്‍കൊള്ളുകയായിരുന്നു. വൃദ്ധസദനങ്ങള്‍ക്ക് മോടി കൂട്ടുന്ന ഈ ലോകത്ത് എനിക്കും ജീവിക്കേണ്ടി വന്നല്ലോ എന്നോര്‍ത്ത് എന്റെ മനം തേങ്ങുകയായിരുന്നു.

ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു - എന്‍റെ ഈ പ്രസവത്തിനുശേഷം എന്നും ഞാന്‍ ദുഖിതയാണ്. എന്നാല്‍ ഇന്നത്തെ എന്‍റെ ദുഃഖം പതിവിലും ഇരട്ടിയായിരുന്നു.
ഞാന്‍ ചോദിച്ചു- എന്തുപറ്റി? ഇന്ന് ഇത്രക്കും ദുഖിക്കാന്‍ മാത്രം എന്തുണ്ടായി?
അവള്‍ പറഞ്ഞു - നിങ്ങള്‍ എന്നോട് പറയാറില്ലേ നിങ്ങളുടെ പിതാവിന് തുല്യം സ്നേഹിക്കുക്കയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാള്‍ ഉണ്ട് എന്ന്. അന്ന് മുതലേ ഞാന്‍ അദ്ദേഹത്തെ അങ്ങിനെയാണ് കാണുന്നത്. ഇന്നദ്ദേഹം എന്നെ കാണാന്‍ വന്നിരുന്നു. പക്ഷെ എന്നെ മാത്രമേ അദ്ദേഹം കണ്ടുള്ളൂ. മകനെ കാണണ്ടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് അതിപ്പോള്‍ വേണ്ട എന്നാണു. നമ്മുടെ മകനെ കണ്ടാല്‍ അദ്ദേഹത്തിന് വിഷമമാകുമാത്രേ. ഇത്രയ്ക്കു പറഞ്ഞു വീണ്ടും അവള്‍ കരയാന്‍ തുടങ്ങി.

അവളെ സമാധാനിപ്പിക്കാന്‍ ഞാന്‍ പറഞ്ഞു അത് ശരിയായിരിക്കും, അദ്ദേഹത്തിന് വിഷമം ഉണ്ടാകുന്നത് കൊണ്ടായിരിക്കും. പക്ഷെ അവള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. തിരിച്ചു അവള്‍ എന്നോട് ചോദിച്ചു 'അദ്ദേഹത്തിനാണ് ഇങ്ങനെ ഒരു കുഞ്ഞ് പിറന്നതെങ്കില്‍ ഇതേ നിലപാടായിരിക്കുമോ അദ്ദേഹം സ്വീകരിക്കുമായിരുന്നത്'? ആ ചോദ്യത്തിന് മുമ്പില്‍ വീണ്ടും എന്‍റെ ഫോണിന്റെ ക്ലിയര്‍ നഷ്ടപ്പെടുകയായിരുന്നു.

ഇന്നലെ ഓപറേഷന്‍ തിയ്യേറ്ററിലേക്ക് എന്‍റെ മകനെ ഓപറേഷന് കൊണ്ട് പോകാന്‍ നഴ്സുമാര്‍ വന്നപ്പോള്‍, മാതാപിതാക്കള്‍ക്ക് അവരുടെ മക്കളോടുള്ള സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആഴം ഞാന്‍ കണ്ടു. അറ്റമില്ലാത്തതാണ് അത് എന്ന് എനിക്ക് മനസ്സിലായി. ഇന്ന് ലോകത്തുള്ള ഒരു വസ്തുവിനെ കൊണ്ടും അതിന്റെ വലുപ്പം അളക്കാന്‍ കഴിയുകയില്ല. ഒരു സംവിധാനത്തോടും അതിനെ ഉപമിക്കാനും സാധ്യമല്ല. എന്‍റെ കയ്യില്‍ നിന്നും എന്‍റെ കുഞ്ഞിനെ ആ നഴ്സുമാര്‍ വങ്ങുമ്പോള്‍, ഹൃദയം പൊട്ടി മരിക്കുമോ ഞാനെന്നു എനിക്കുതോന്നി. ആവശ്യപ്പെടുന്നത് എന്‍റെ ശരീരത്തിലെ ഒരു ഭാഗമായിരുന്നുവെങ്കില്‍, നിറഞ്ഞമനസ്സോടെ ഞാനത് നല്‍കുമായിരുന്നു, എന്‍റെ മകന്‍ അനുഭവിക്കേണ്ട ആ വേദനക്ക് പകരമായി. പക്ഷെ ഞാനനുഭവിക്കുന്ന വേദന അവളെ അറിയിക്കാതിരിക്കാന്‍ ഒരുപാട് ശ്രദ്ദിച്ചു കൊണ്ടേ ഇരുന്നു. അത് താങ്ങാന്‍ മാത്രം മാനസിക ശേഷി ഉള്ളവളല്ല എന്റെ ഭാര്യ എന്ന് ഞാന്‍ മനസ്സിലാക്കി. എല്ലാവരെയും എപ്പോഴും ആശ്വസിപ്പിക്കുന്ന ഞാന്‍, എന്നെ സ്വയം ആശ്വസിപ്പിക്കാന്‍ ഒരാളെ തിരയുകയായിരുന്നു.

ഇത്രയ്ക്കു പറഞ്ഞു നിര്‍ത്തുമ്പോള്‍ വര്‍ഗ്ഗീസിന്റെ ഫോണ്‍ ശബ്ദമുണ്ടാക്കി, ആരോ എവിടെയോ നിന്നു വര്‍ഗ്ഗീസിനോട് എന്തോ പറയാന്‍ ആഗ്രഹിക്കുന്നു എന്നര്‍ത്ഥത്തില്‍. ഫോണെടുത്തു, പിന്നെകാണാം എന്നര്‍ത്ഥത്തില്‍ കൈകൊണ്ടു ആംഗ്യം കാണിച്ചു അങ്ങ് ദൂരേക്ക്‌ മറഞ്ഞു വര്‍ഗ്ഗീസ്.
വീണ്ടും ഷാരൂണ്‍ തന്‍റെ ചിന്ത തന്‍റെ ദുഖത്തിന്റെ ലോകത്തേക്ക് തിരിച്ചു.

*************************************************************

നൊന്തുപ്രസവിച്ചു, കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന ഓരോ മാതാവിന്റെയും ത്യാഗത്തിനു മുന്നില്‍ നിറഞ്ഞ മനസ്സോടെ സമര്‍പ്പിക്കുന്നു ഞാനീ കുറിമാനത്തെ. ഒരിക്കലും, നിങ്ങള്‍ സഹിക്കുന്ന ത്യാഗത്തിനു മുന്നില്‍ ഒന്നുമല്ല ഈ കുറിപ്പ് എന്ന ഉറച്ച വിശ്വാസത്തോടെ.

Tuesday 19 October 2010

എന്‍റെ മരണം

                                      'എന്‍റെ പെരുവിരലിനെന്തോ ഒരു തരിപ്പ് അനുഭവപ്പെടുന്നുണ്ടല്ലോ. ശരീരം മൊത്തം വിയര്‍ക്കുന്നു. വിരലിന്റെ തരിപ്പ് മുകളിലേക്ക് കയറുന്നതായി തോന്നുന്നു. ശരീരത്തിനെന്തോ വല്ലാത്തൊരു വേദന. 

ഞാനൊരിക്കലും അനുഭവിക്കാത്തൊരു അവസ്ഥയാണല്ലോ ഇത്. എന്ത് പറ്റി എന്‍റെ ശരീരത്തിന്? തൊണ്ട വരളുന്നുണ്ടല്ലോ, പെരു വിരലിലെ തരിപ്പ് മുകളിലേക്ക് വീണ്ടും കയറിക്കൊണ്ടിരിക്കുന്നു. തരിപ്പ് ബാധിച്ച ഭാഗത്തിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഡോക്ടറുടെ അടുത്തേക്കൊന്നു പോയാലോ.

 തൊട്ടടുത്ത ആളെ വിളിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തേക്കു വരുന്നില്ല. സ്വന്തം ബെഡില്‍നിന്നും എഴുന്നേല്‍ക്കാനും കഴിയുന്നില്ല. ശരീരത്തിന്റെ വിയര്‍പ്പ് പുതപ്പിനെയും വിരിപ്പിനേയുമെല്ലാം പരിപൂര്‍ണമായും നനച്ചിരിക്കുന്നു. വല്ലാത്ത ദാഹം. അല്പം വെള്ളം ലഭിക്കാന്‍ ഒരു മാര്‍ഗവും ഇല്ല.

കണ്ണിലെക്കൊരു മഞ്ഞളിപ്പ് എടുക്കുന്നു. തല ചുറ്റുകയോ വേദനിക്കുകയോ ചെയ്യുന്നു. കാലിന്റെ മരവിപ്പ് കയ്യിനെയും ബാദിക്കുന്നു, കയ്യിന്റെ ചലന ശേഷിയും നഷ്ടപ്പെട്ടിരിക്കുന്നു. വരണ്ടു പൊട്ടാന്‍ രൂപത്തില്‍ തൊണ്ട ഉണങ്ങിയിരിക്കുന്നു. ശരീരത്തിന്റെ വേദനയുടെ ശക്തികൊണ്ട്, മലവും മൂത്രവും അറിയാതെ വസ്ത്രത്തില്‍ പോകുന്നതായി തോന്നുന്നു. ഞാന്‍ മരണത്തിനു കീഴടങ്ങുകയാണോ? അതോ മരണം ബലം പ്രയോഗിച്ചു എന്നെ കീഴടക്കുകയാണോ? അങ്ങിനെ എന്‍റെ ശരീരത്തെ കീഴടക്കാന്‍ മരണത്തിനാകുമോ'?
പെട്ടെന്ന് എന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാന്‍ കണ്ണ് തുറന്നു. പുതച്ചിരുന്ന പുതപ്പു എടുത്തുമാറ്റി ചാടി എഴുന്നേറ്റു. അപ്പോഴാണ്‌ ഇതുവരെയും കണ്ടിരുന്നത്‌ സ്വപ്നമാണ് എന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കിയത്. ഉറക്കത്തില്‍ നിന്നും ചാടി എഴുന്നേറ്റ എനിക്ക് ഒരു കിതപ്പ് അനുഭവപ്പെട്ടിരുന്നു. ഞാന്‍ പെട്ടെന്ന് മുറിയിലെ ലൈറ്റ് ഓണ്‍ ചെയ്തു. ലൈറ്റ് കണ്ടു റൂമിലുള്ള മറ്റു മൂന്ന് പേരും എഴുന്നേറ്റു. സമയം 3.10 ആയിരിക്കുന്നു.

നേരം വെളുക്കാന്‍ ഇനിയും മൂന്നു മണിക്കൂര്‍കൂടി വേണം".
"എന്തുപറ്റി ശ്യാം"? അവര്‍ എന്നോട് ചോദിച്ചു.
"എന്തോ ഒരു സ്വപ്നം കണ്ടു"  ഞാന്‍ മറുപടി പറഞ്ഞു.
"നിന്നോട് എന്നും പറയാറില്ലേ ഞങ്ങള്‍ എന്തെങ്കിലും ഒന്ന് പ്രാര്‍ഥിച്ചു കെടുക്കണമെന്നു, കുറച്ചു വെള്ളം കുടിച്ചിട്ട് ലൈറ്റ് അണച്ച് കിടന്നോ" അതും പറഞ്ഞു  അവര്‍ മൂന്നു പേരും ഉറക്കം തുടരാന്‍ തന്നെ കിടന്നു.
തൊണ്ട നല്ലവണ്ണം ഉണക്കിയിട്ടുണ്ട് എനിക്ക് . അടുത്തുണ്ടായിരുന്ന ജെഗ്ഗിലെ പകുതി വെള്ളം ഞാന്‍ ഒറ്റ ഇരിപ്പിന് കുടിച്ചു. ലൈറ്റ് അണച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. എന്നിലുള്ള എന്നെ ഞാന്‍ മനസ്സിലാക്കിയ ആദ്യ നിമിഷമായിരുന്നുവോ അത്? എനിക്കറിയില്ല. മരണത്തെ ഇഷ്ടപ്പെടുന്ന എത്ര പേരുണ്ട്? 
എന്തായാലും ഞാന്‍ മരണത്തെ ഭയക്കുന്ന കൂട്ടത്തില്‍ ആണ്.
ഇതുവരെ ഞാന്‍ കണ്ടത് സ്വപ്നമായിരുന്നുവെങ്കിലും ഇത് തന്നെയല്ലേ യാഥാര്‍ത്യവും?. ജനനത്തിനും മരണത്തിനുമിടക്കുള്ള ചുരുങ്ങിയ കാലയളവാണ് ഒരു മനുഷ്യന്‍റെ ജീവിതമെന്ന് പറയുന്നത്. 60 വര്‍ഷമാണ്‌ എനിക്കായ് ലഭിച്ചിട്ടുള്ള കാലയളവ്‌ അതിലെങ്കില്‍, പകുതിയില്‍ കൂടുതല്‍ ഞാനതില്‍ അനുഭവിച്ചു കഴിഞ്ഞില്ലേ ? ജീവിച്ച അത്രയ്ക്ക് ഇനി ഞാന്‍ ജീവിക്കില്ലായെന്നു ദുഖത്തോടെ യാണെങ്കിലും ഞാന്‍ അംഗീകരിച്ചല്ലേ മതിയാവുള്ളൂ ?
ഞാനും ഈ മരണത്തിനു കീഴടങ്ങേണ്ടി വരുമെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടല്ലേ മതിയാവുള്ളൂ?
1976 ഏപ്രില്‍ മാസം എഴാംതിയ്യതി, അങ്ങ് തൃശൂര്‍ ജില്ലയിലെ ഒട്ടും പ്രശസ്തമല്ലാത്ത തൊയക്കാവ് എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ സാധാരണക്കാരില്‍ സാധാരണക്കാരായിട്ടുള്ള മാതാപിതാക്കളുടെ നാലുമക്കളില്‍ നാലാമത്തവനായി ജനിച്ച എന്‍റെ ആയുസ്സ് തീരുന്നത് ഇവിടെ വെച്ചാണ് എങ്കില്‍, ജന്മനാട്ടില്‍നിന്നും 3500 മയില്‍ ദൂരെയുള്ള ദുബായ് എന്ന  തിരക്ക് പിടിച്ച ഈ പട്ടണത്തിലെ, അല്‍-ഖ്സൈസിലെ  ആയിരക്കണക്കിന് കെട്ടിടങ്ങളില്‍ ഒന്നായ അല്‍ സരൂനിയിലെ 2086 എന്ന  മുറിയില്‍, ഒരു ബെഡ് സ്പേസില്‍ മാത്രം താമസിക്കുന്ന എന്നെ തേടി മരണം ഇവിടെയും എത്തുകയില്ലേ? ഞാന്‍ ഈ കാത്തു സൂക്ഷിക്കുന്ന എന്‍റെ ഏറ്റവും പ്രിയപ്പെട്ട ജീവന്‍ എന്നോടുപോലും സമ്മതം ചോദിക്കാതെ എന്‍റെ ശരീരത്തില്‍ നിന്നും പറിച്ചെടുക്കാന്‍ വെറും നിമിഷങ്ങളുടെ സമയമല്ലേ എടുക്കുകയുള്ളൂ.
അങ്ങിനെ എന്‍റെ ഈ ശരീരവും മരണത്തിനു കീഴടങ്ങുകയില്ലേ?.

എത്ര സൂക്ഷമതയോടെയാണ്‌ ഞാനെന്റെ ശരീരത്തെ പരിപാലിച്ചു പോരുന്നത്. അറിയാതെ എന്‍റെ ശരീരത്തില്‍ ഒന്ന് മുട്ടിയ ഒരാളെ ഞാന്‍, തിരിച്ചു ചെവിട്ടത്ത് ഇട്ടൊന്നു കൊടുത്തില്ലേ ഒരിക്കല്‍? ഒരു ഉറുമ്പ് എന്നെ കടിച്ചപ്പോള്‍ അതിനെ തിരുമ്മി കൊന്നില്ലേ ഞാന്‍ ഒരിക്കല്‍ ? കൂടുതല്‍ ചൂടുള്ള വെള്ളത്തില്‍ ഞാന്‍ കുളിക്കാറില്ലല്ലോ, അതെന്റെ ശരീരത്തിന് നോവുമെന്നു കരുതി. തണുത്ത വെള്ളത്തിലും ഞാന്‍ കുളിക്കാറില്ലല്ലോ അതിന്റെ തണുപ്പ് എന്‍റെ ശരീരത്തിന് താങ്ങാന്‍ കഴിയില്ല എന്ന് കരുതി.

എന്‍റെ ശരീരത്തിനെ അല്പംപോലും നോവിക്കാതെ എത്രയോ സൂക്ഷ്മതയോടെയാണ് ഞാനെന്റെ നഖം പോലും ശരീരത്തില്‍നിന്നും മുറിച്ചു മാറ്റാറു. കാല്പാതങ്ങള്‍ക്ക് വേദനിക്കും എന്ന് കരുതി പാദരക്ഷകള്‍ ധരിക്കാതെ പുറത്തിറങ്ങാറില്ലല്ലോ ഞാന്‍. എന്‍റെ ശരീരത്തെ മോടിപിടിപ്പിക്കാന്‍വേണ്ടി എത്രയോ ക്രീമുകളും പൌഡറുകളും ഞാന്‍ വാങ്ങിയിരിക്കുന്നു. വിയര്‍പ്പിന്റെ ദുര്‍ഗ്ഗന്ധം പുറത്തു വരാതിരിക്കാന്‍ വിലപിടിപ്പുള്ള എത്രയോ സുഗന്ധ ദ്രവ്യങ്ങള്‍ എന്‍റെ ശരീരത്തില്‍ ഞാന്‍ പുരട്ടി. എത്രയോ വിലപിടിപ്പുള്ള വസ്ത്രങ്ങള്‍ ഞാന്‍ ധരിച്ചു. 

ഒരു ജലദോഷം വരുമ്പോഴേക്കും ഞാന്‍ ഡോക്ടറെ സമീപിക്കാറുണ്ടായിരുന്നില്ലേ. ഒരു മണ്‍തരി എന്‍റെ കാലില്‍ പുരളാതിരിക്കാന്‍ ഞാനെപ്പോഴും ഷൂസല്ലേ ധരിക്കാര്‍. വെയില്‍ കൊണ്ട് എന്‍റെ  ശരീരത്തിലെ ചര്‍മ ഭംഗി നഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട്‌ മാത്രമല്ലേ ധരിക്കാറുണ്ടായിരുന്നുള്ളൂ. 

ആരോഗ്യം നില നിര്‍ത്താന്‍ പോഷക ഗുണമുള്ള ആഹാരങ്ങള്‍ മാത്രമല്ലേ ഞാന്‍ കഴിക്കാറുള്ളൂ. എന്‍റെ യുവത്വം നഷ്ടപ്പെടുന്നില്ല എന്ന് ജനങ്ങളെ ധരിപ്പിക്കാന്‍ തലയിലെ ഒരു മുടിയെപോലും ഞാന്‍ വെളുക്കാന്‍ അനുവദിച്ചിരുന്നില്ലല്ലോ. ഇത്രയൊക്കെ ഞാന്‍ സൂക്ഷ്മത പുലര്ത്തിയിട്ടും എന്‍റെ ശരീരവും മരണത്തിനു കീഴടങ്ങുമെന്നോ? എന്‍റെ ആത്മവീര്യം നഷ്ടപ്പെടുത്തുമാറ് എന്‍റെ ചിന്തകള്‍, എന്‍റെ നിയന്ത്രണത്തില്‍ നിന്നും അകന്നു പോകുന്നതായി എനിക്ക് തോന്നി.

എത്രയോ ത്യാഗം സഹിച്ചുകൊണ്ടാണ്‌ ഞാന്‍ ഈ അന്ന്യ നാട്ടില്‍ കഴിയുന്നത്‌. എല്ലാ സൌകര്യങ്ങളുമുള്ള വീടും നാടും, എന്‍റെ മാതാ പിതാക്കളെയും ഭാര്യാ സന്താനങ്ങളെയും വിട്ടു, ഞാനീ അന്ന്യ നാട്ടില്‍ കഴിയുന്നത്‌ നാളയെകുറിച്ചുള്ള പ്രതീക്ഷയിലല്ലേ. ആ നാളെയും എനിക്ക് നഷ്ടപ്പെടുമെന്നോ?

കമ്പനി ജോലികഴിഞ്ഞ് ഞാന്‍
പാര്‍ട്ട്-ടൈം ജോലിക്ക് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന എന്‍റെ സമ്പാദ്യം, അതെല്ലാം ഒറ്റയടിക്ക് ഉപേക്ഷിച്ചു ഞാന്‍ മരണത്തിനു കീഴടങ്ങേണ്ടി വരുമന്നോ? കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഭൂമി അളക്കുന്ന സമയത്ത് ഒരു തെങ്ങും കൂടി എന്‍റെ സ്ഥലത്തേക്ക് ചേര്‍ക്കാന്‍ വേണ്ടി എന്‍റെ അയല്‍ക്കാരുമായി എത്രയാണ് ഞാന്‍ വഴക്ക് കൂടിയത്. എന്നീട്ടു അതും ഞാന്‍ ഈ മരണത്തോടെ ഉപേക്ഷിക്കേണ്ടി വരുമെന്നോ?
എത്രയോ മോടിപിടിപ്പിച്ചാണ് ഞാന്‍ എന്‍റെ വീട് പണിതത്, ആ വീടും എനിക്ക് അന്ന്യ മാകുമെന്നോ? 
ഞാന്‍ എന്‍റെ ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളെയും, ഭാര്യാ സന്താനങ്ങളെയും ഉപേക്ഷിക്കേണ്ടി വരുമന്നോ? ഞാനീ കണ്ട സ്വപ്നം യാഥാര്ത്യമായിരുന്നുവെങ്കില്‍ അവരും എന്നെ ഉപേക്ഷിക്കു മായിരുന്നുവെന്നോ? എന്‍റെ ഈ സ്വപ്നത്തിലൂടെ ഞാനെന്ന വ്യക്തിയുടെ വ്യാപ്തിയും വലുപ്പവും  കണ്ടെത്തുകയായിരുന്നുവോ ഞാന്‍ ? ? ? എനിക്കറിയില്ല ! ! !....................................................


രംഗ ബോധമില്ലാത്ത കോമാളിയാണത്രെ മരണം, എന്നാല്‍ അതിനോട് വിയോജിക്കാനാണ് എന്നിക്കിഷ്ടം. ശരീരത്തില്‍ ജീവന്റെ അംശം നല്‍കുമ്പോള്‍ തന്നെ മരണവും നിശ്ചയിക്കുന്നുവെങ്കില്‍, ആ മരണത്തെ ഞാന്‍ മറന്നു എന്നുള്ളതല്ലേ സത്യം? സംഭവിക്കുമെന്ന്  ഉറപ്പുണ്ടായിട്ടും അതിനെ അവഗണിക്കുകയല്ലേ ചെയ്തത്?

നേരം പുലര്‍ന്നു വെന്ന് അലാറത്തിന്റെ ശബ്ദം എന്നെ ഓര്‍മിപ്പിച്ചുപ്പോഴും,
എന്‍റെ ചിന്തകള്‍ ഞാന്‍ കണ്ട സ്വപ്നപൊരുളിന്റെ വേവലാതിയിലൂടെ സഞ്ചരിക്കുകയായിരുന്നു.....

Friday 30 July 2010

അവള്‍ നസ്രിയ - 2


         അബുറയ്യാന്റെ കയ്യില്‍നിന്നും ബോര്‍ഡിംഗ് പാസ് മേടിച്ചുനോക്കിയ എയര്‍ഹോസ്റ്റസ് 12B എന്ന സീറ്റിലേക്ക് കൈചൂണ്ടി കാണിച്ചു.
അവനേക്കാള്‍  പിന്നിലായിരുന്നു നസ്രിയായുടെ സീറ്റ്.
അത് 14C യായിരുന്നു. തന്റെ ഹാന്‍ഡ് ബാഗ് മുകളിലെ ബോക്സില്‍ വെച്ചു അവന്‍ സീറ്റില്‍ ഇരുന്നു, തന്റെ കണ്ണുകള്‍ പിറകിലേക്ക് ഒന്ന് പായിച്ചു. അവളും അവളുടെ സീറ്റില്‍ ഇരിക്കാനുള്ള ശ്രമത്തിലായിരുന്നു. യാത്രക്കാരെല്ലാം അവരവരുടെ സീറ്റില്‍ എത്തിയിരിക്കുന്നു. വായിക്കാന്‍ വേണ്ടി കയ്യില്‍ കരുതിയിരുന്ന മാതൃഭൂമി പത്രം പതുക്കെ നിവര്‍ത്തി, എഡിറ്റോറിയല്‍ പേജിലൂടെ കണ്ണോടിക്കുന്നതിനിടയില്‍ ആരോ അവന്റെ പിറകില്‍ വന്നുതട്ടി.
അവന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ഒട്ടും പരിചയമില്ലാത്ത ഒരാളായിരുന്നു അത്. "നിങ്ങളാണോ അബുറയ്യാന്‍"? അയാള്‍ ചോദിച്ചു.
"അതെ" അവന്‍ പറഞ്ഞു.
"നിങ്ങള്‍ എന്‍റെ സീറ്റില്‍ ഇരുന്നോളു 14B ആണ് എന്‍റെ സീറ്റ് നമ്പര്‍" അദ്ദേഹം പറഞ്ഞു.
"അതെന്തേ"? അവന്‍ ചോദിച്ചു.
"നിങ്ങളുടെ സിസ്റ്റര്‍ എന്നോട് ആവശ്യപ്പെട്ടു 'സീറ്റൊന്നു ചേഞ്ച്‌ ചെയ്യാമോയെന്നു, നിങ്ങളുടെ ബാഗ് എടുത്തു എന്‍റെ സീറ്റിലേക്ക് പൊയ്കോളൂ, ഞാന്‍ ഈ സീറ്റില്‍ ഇരുന്നോളാം"
അദ്ദേഹം പറഞ്ഞതനുസരിച്ച് അവന്‍ തന്റെ ബാഗുമെടുത്ത്‌  14B നമ്പര്‍ സീറ്റിലേക്ക് പോയി.
അവനെ കണ്ടതോടെ അവള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
"എങ്ങിനെയാണ് അയാളെ സീറ്റ് ചേഞ്ച്‌ ചെയ്യിപ്പിച്ചത്"? അവന്‍ അവളോടു ചോദിച്ചു.
"ഓ, അതോ"? ഞാന്‍ അയാളോട് പറഞ്ഞു "എന്‍റെ സഹോദരനാണ് ആ മുന്നില്‍ ഇരിക്കുന്നത്, അവനു എഴുത്തും വായനയും അറിയില്ല, അവന്‍റെ ഫോറം ഞാനാണ്  പൂരിപ്പിച്ചു കൊടുക്കേണ്ടത്. താങ്കള്‍ക്കു ബുദ്ദിമുട്ടു ആകില്ലെങ്കില്‍ അവന്‍റെ സീറ്റിലെക്കൊന്നു ചെന്നിരുന്നു, അവനെ ഈ സീറ്റിലേക്ക് മാറ്റാമോ? ഞാന്‍ പറഞ്ഞു മുഴുവനമാക്കുന്നതിനേക്കാള്‍ മുമ്പേ ആ പാവം "ശരി"യെന്നു പറഞ്ഞു ബാഗുമെടുത്ത്‌ നടന്നു". ഇത് പറഞ്ഞു അവള്‍ അവന്റെ മുഖത്തേക്ക് ശരിക്കൊന്നു നോക്കി.
"ഇവള്‍ പുലിയല്ല, പുപ്പുലിയാണ്" അവന്‍ മനസ്സില്‍ പറഞ്ഞു.
"ഇവളെപോലോത്ത ഒരു തന്റേടിയെ യായിരുന്നുവോ താന്‍ ഭാര്യയായി മനസ്സില്‍ സങ്കല്പിച്ചിരുന്നത്"? അബുറയ്യാന്‍ മനസ്സില്‍ ചോദിച്ചു.
"എന്താ മാഷേ, ഇപ്പോഴും നാട്ടില്‍ തന്നെയാണോ നിങ്ങള്‍''? അവള്‍ ചോദിച്ചു.
"അല്ല, ഞാന്‍ തന്‍റെ തന്റേടത്തെ കുറിച്ചൊന്നു ചിന്തിച്ചതാണ്" അവന്‍ പറഞ്ഞു.
"ഓ, ഇതിനൊക്കെ തന്റേടം എന്ന് പറയാമോ? ഇതൊക്കെ നിസ്സാരം കാര്യങ്ങള്‍ അല്ലെ?"
തന്റെ സാമര്‍ത്ഥ്യത്തെ  വളരെ നിസാരം എന്ന ഭാവേന അവള്‍ പറഞ്ഞു നിര്‍ത്തി.
"എനിക്ക് ഇതൊക്കെ വലിയ കാര്യമായിട്ടെ തോന്നുന്നത്" അവന്‍ പറഞ്ഞു.
"നിങ്ങള്‍ക്ക് വിഷമമായോ? നിങ്ങളെ ഞാന്‍ എഴുത്തും വായനയും അറിയാത്ത ആള് എന്ന് വിശേഷിപ്പിച്ചത്‌" അവള്‍ ചോദിച്ചു.
"ഏയ്‌, ഞാനതല്ല ചിന്തിച്ചത്, നസ്രിയ ഇത്രക്കും വിശ്വസനിയ മായിട്ടുള്ള നിലയില്‍ അദ്ദേഹത്തോട് അങ്ങനെ പറഞ്ഞല്ലോ" അവന്‍ പറഞ്ഞു.
"എങ്കില്‍ ഞാനൊരു സത്യം ചോദിച്ചോട്ടെ നിങ്ങളോട് "? അവള്‍ പറഞ്ഞു.
"അതിനെന്താ ചോദിച്ചോളൂ" അവന്‍ സമ്മതം കൊടുത്തു.
"ഞാനദ്ധെഹത്തോട് പറഞ്ഞത് സത്യമൊന്നുമല്ലല്ലോ, അല്ലെ"?
ഇത് പറഞ്ഞു അവള്‍ ഒരു ചെറു പുഞ്ചിരിയോടെ അവന്റെ  മുഖത്തേക്കൊന്നു സൂക്ഷിച്ചു നോക്കി.
ചിരി അടക്കാന്‍ ബുദ്ദിമുട്ടുന്നുണ്ടായിരുന്നു അപ്പോള്‍ അവന്‍.
നസ്രിയയുടെ ഓരോ വാക്കുകളും, അവളെ കുറിച്ചുള്ള അബുറയ്യാന്റെ മനസിലെ മതിപ്പിനെ വര്‍ദ്ദിപ്പിക്കും വിധമായിരുന്നു.
"നസ്രിയ അയാളോട് പറഞ്ഞത്  മുഴുവനും തെറ്റൊന്നുമല്ല, കുറച്ചേ എനിക്ക് എഴുതാനും വായിക്കാനും അറിയുകയുള്ളു, അത്രക്കെ ഞാന്‍ പഠിച്ചിട്ടുമുള്ളൂ" അവന്‍ പറഞ്ഞു.
ദൂരേക്ക്‌ കുതിച്ചു ചാടാന്‍ ഒരുങ്ങുന്നവനെ പോലെ, വിമാനം കുതിച്ചു പൊങ്ങാന്‍ അതിന്റെ രണ് വേയിലൂടെ പതുക്കെ നീങ്ങികൊണ്ടിരിക്കുകയാരുന്നു അപ്പോള്‍.
വിമാനം അപകടത്തില്‍ പെട്ടാല്‍ ചെയ്യേണ്ട മുന്കരുതലുകളെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നല്കുന്നുണ്ടായിരുന്നു  എയര്‍ ഹോസ്റ്റെസ്മാര്‍.
ബെല്‍റ്റെല്ലാം അരയില്‍ മുറുക്കി എല്ലാവരും എയര്‍ ഹോസ്റ്റെസിന്റെ നിര്‍ദേശങ്ങള്‍ ശ്രദ്ദിച്ചുകൊണ്ടേ ഇരുന്നു.
ഇടക്കെല്ലാം നസ്രിയ അവട് ചോദിക്കുന്നുണ്ടായിരുന്നു
"ഇങ്ങനൊക്കെ സംഭവിക്കുമോ വിമാനത്തിനു"?
"ഇടക്കൊക്കെ പല അപകടവും സംഭവിക്കാറുണ്ട്. പക്ഷെ അപ്പോഴൊന്നും ഇവര്‍ പറയുന്നപോലെ രെക്ഷപ്പെടാനൊന്നും ആര്‍ക്കും കഴിയാറില്ല. ആദ്യമായി വിമാനത്തില്‍ കയറുന്നവര്‍ക്ക് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഭയങ്കര പെടിതോന്നും. ഞാനൊന്നും ഇപ്പോള്‍ അത് ശ്രദ്ദിക്കാറെഇല്ല" അവന്‍ പറഞ്ഞു.
ഒരു ഓട്ട മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്തിയെപോലെ വിമാനം അതിന്റെ  വേഗത കൂട്ടികൊണ്ടേ ഇരുന്നു. പെട്ടെന്ന് ഭൂമിയില്‍നിന്നുമുള്ള ബന്തം വിച്ച്ചേദിക്കാനെന്നോണം വിമാനം തലഭാഗം പൊക്കി ഉയര്‍ന്നു.
ഒരു കൊച്ചുകുട്ടിയെപോലെ ചെവി അടച്ചു പിടിച്ചു ഇരിക്കുന്നുണ്ടായിരുന്നു അപ്പോള്‍ നസ്രിയ.
വിമാനം ഏകദേശം അതിന്റെ നേരെ പറക്കാനുള്ള ഉയരത്തെത്തിയപ്പോള്‍ അവന്‍ പറഞ്ഞു "ഇനി ചെവിയില്‍നിന്നും വിരല്‍ എടുത്തോളു".
അവള്‍ചെവിയില്‍നിന്നും വിരലുകള്‍ മാറ്റി. തന്റെ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്ന ബാഗില്‍നിന്നും, പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞിരുന്ന ഒരു പൊതി പുറത്തെടുത്തു തുറന്നു. രണ്ടു മൂന്നു തരം പലഹാരങ്ങളായിരുന്നു അതില്‍. ഓരോന്നായി അബുറയ്യാനു കൊടുക്കുമ്പോള്‍ അതിന്റെയെല്ലാം പേരും ഉണ്ടാക്കുന്ന രീതിയും നസ്രിയ പറയുന്നുണ്ടായിരുന്നു. രുചികരമായിട്ടുള്ള ആ പലഹാരങ്ങള്‍ ഓരോന്നായി അവന്‍ കഴിക്കാന്‍ തുടങ്ങി.
"നിങ്ങള്‍ ഒന്നും കഴിക്കാന്‍ വേണ്ടി കൊണ്ട് വന്നീട്ടില്ലേ"?
കഴിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു.
"അച്ചാറും ഹല്‍വയുമെല്ലാം ഉണ്ട്, പക്ഷെ അത് എന്‍റെ പെട്ടിയിലാണ് ഉള്ളത്" അവന്‍പറഞ്ഞു.
"ഇനി എത്ര മണിക്കൂര്‍ വേണം സലാലയില്‍ എത്താന്‍"? അവള്‍ ചോദിച്ചു.
"ഏകദേശം മൂന്നര മണിക്കൂര്‍ വേണ്ടി വരും" അവന്‍ പറഞ്ഞു.
"എങ്കില്‍ നിങ്ങള്‍ എന്തെങ്കിലും പറയു" നസ്രിയ ആവശ്യപെട്ടു.
"എന്താ പറയേണ്ടത്"? അവന്‍ ചോദിച്ചു.
"നിങ്ങള്‍ പ്രേമിച്ചാണോ വിവാഹം ചെയ്തത്"? അവള്‍ ചോദിച്ചു.
"അല്ല. ചെറുപ്പത്തില്‍ ഒരു പ്രേമം ഉണ്ടായിരുന്നു, ഞാന്‍ വിവാഹം ചെയ്തത് അവളെയല്ല".
അവന്‍ പറഞ്ഞു.
"എങ്ങിനെ പോകുന്നു വിവാഹ ശേഷമുള്ള ജീവിതം"?
അവള്‍ ചോദിച്ചു.
"സന്തോഷമാണ് " അവന്‍ പറഞ്ഞു.
 "വിവാഹം കഴിഞ്ഞിട്ട് രണ്ടു  മാസമല്ലേ ആയിട്ടുള്ളൂ അല്ലെ"? അവള്‍ ചോദിച്ചു.
"വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ, ഇനിയും എത്ര കാലം കഴിഞ്ഞാലും ഇതുപോലെ തന്നെ സന്തോഷമായി പോകും എന്ന് തന്നെയാണ് എന്‍റെ പ്രതീക്ഷ" അവന്‍ പറഞ്ഞു.
"അതെന്താ, ഇത്ര പ്രതീക്ഷ "? അവളുടെ ചോദ്യം.
"സലാലയില്‍ ഞാന്‍ താമസിക്കുന്ന റൂമില്‍ എന്നെ കൂടാതെ വേറെ അഞ്ചു പേരുണ്ട്. എല്ലാവരും വിവാഹിതരാണ്. കൂടാതെ ഒഴിവു ദിവസങ്ങളില്‍ മറ്റു പലരും ഞങ്ങളുടെ റൂമില്‍ വരാറുണ്ട്. അവരില്‍ കൂടുതല്‍ പേരും വിവാഹിതരുമാണ്. ഒട്ടു മിഖ്യ ദിവസങ്ങളിലും ഞങ്ങളുടെ ചര്‍ച്ചകള്‍ കുടുംബത്തെ കുറിച്ച് തന്നെയാകാറുണ്ട്‌. ഓരോരുത്തര്‍ക്കും കുടുംബപരമായി ഓരോ പ്രശ്നങ്ങളാണ്. ഓരോരുത്തരുടെ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ കൂട്ടമായി ഇരുന്നു ചര്‍ച്ച ചെയ്താണ് പരിഹാരങ്ങള്‍ കണ്ടെത്താര്‍. ഇങ്ങനെ ഒരുപാട് ചര്‍ച്ചകളില്‍ പങ്കെടുത്തത് കൊണ്ടായിരിക്കാം
ഒരു സമാധാനാന്തരീക്ഷമുള്ള കുടുംബം വാര്‍ത്തെടുക്കാന്‍ വിവാഹം മുതലേ ശ്രദ്ധിക്കണമെന്ന് ഞാന്‍ മനസിലാക്കി,
ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാത്തതോ അറിയാത്തതോ ആയിട്ടുള്ള രണ്ടു വ്യക്തികളുടെ പരിപൂര്‍ണ്ണ മായിട്ടുള്ള കൂടിച്ചേരല്‍ ആണ് വിവാഹ ജീവിതം, അതുകൊണ്ടുതന്നെ ശ്രമകര മായിട്ടുള്ള ഒരു ദൌത്യമാണ് അതെന്നു എനിക്ക് തോന്നി".
"എന്നീട്ടു എന്തൊക്കെ മുന്കരുതലാണ് നിങ്ങള്‍ സ്വീകരിച്ചത്"?
അവള്‍ ചോദിച്ചു.
"കുറെ സ്ഥലത്ത് ഞാന്‍ പെണ്ണ് കാണാന്‍ പോയിട്ടുണ്ട്. എല്ലാത്തിനും ഓരോ കുറവുകള്‍ ഞാന്‍ കണ്ടെത്തുമായിരുന്നു. അവസാനം അടുത്ത തവണ ലീവില്‍ വരുമ്പോള്‍ വിവാഹം ചെയ്യാമെന്ന് കരുതി തിരിച്ചു പോരാന്‍ വേണ്ടി തീരുമാനിച്ചു. അപ്പോഴാണ്‌ എന്‍റെ വാപ്പ എന്നോട് പറഞ്ഞത് 'ഒരു പെണ്‍കുട്ടിയുടെ കാര്യം ഒരാള്‍ ഇന്ന് എന്നോട് പറഞ്ഞു, മോനൊന്നു പോയിനോക്ക്‌. പറ്റുമെങ്കില്‍ നമുക്കത് നടത്താം'.
ഇനി പെണ്ണ് കാണാന്‍ പോകാനൊന്നും എനിക്ക് താല്പര്യമില്ല, നിര്‍ബന്തമാണെങ്കില്‍ ഉപ്പ തനിച്ചു ഒന്ന് പോയി നോക്ക്. എന്താണ് ഞാന്‍ ഉദ്ദേശിക്കുന്നതെന്ന് ഉപ്പാക്ക് അറിയുന്നതല്ലേ, ഉപ്പാടെ അഭിപ്രായം അറിഞ്ഞതിനു ശേഷം ഞാന്‍ പോയ്‌കൊള്ളാം. വിദ്ദ്യാഭ്യാസം തന്നെയായിരുന്നു ഞാന്‍ ആദ്യം നോക്കിയിരുന്നത്".
"അതെന്താ, വിദ്ദ്യാഭ്യാസം ഉണ്ടായാല്‍ എല്ലാം ആയി എന്നാണോ നിങ്ങളുടെ പ്രതീക്ഷ"?
അവള്‍ ഇടയ്ക്കു കയറിയൊന്നു ചോദിച്ചു.
"വിദ്ദ്യാഭ്യാസം ഉണ്ടായാല്‍ എല്ലാം ആയി എന്ന് എനിക്ക് അഭിപ്രായമൊന്നുമില്ല, പക്ഷെ വിദ്ദ്യാഭ്യാസമില്ലെങ്കില്‍ വേറെ എന്തുണ്ടായിട്ടും കാര്യമില്ല എന്നെനിക്കഭിപ്രായമുണ്ട് കാരണം
ഒന്നാമതായി - ഞാന്‍ പറയുന്നതിനെ, ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലും വിഗാരത്തിലും ഉള്‍കൊള്ളാന്‍ എന്‍റെ ഭാര്യക്ക് വിദ്ദ്യാഭ്യാസം ഉണ്ടാകല്‍ ഒരു പ്രധാന ഘടകമാണ് എന്നെനിക്കു തോന്നിയിട്ടുണ്ട്.
രണ്ടാമതായി - ഞങ്ങള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് വിദ്ദ്യാഭ്യാസം നെല്‍കുമ്പോള്‍, അവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക് ഒരു പരിതി വരെയെങ്കിലും ഉത്തരം കൊടുക്കാന്‍, കുട്ടികളുടെ കൂടെ കൂടുതല്‍ സമയവും ഉണ്ടാകുന്ന എന്‍റെ ഭാര്യക്ക് കഴിയേണ്ടതുണ്ട് എന്നെനിക്കു അഭിപ്രായമുണ്ട്".
"എന്നീട്ടു ആ പെകുട്ടിയെ കാണാന്‍ പോയോ നിങ്ങള്‍"? അവള്‍ ചോദിച്ചു.
"ആദ്യം എന്‍റെ വാപ്പയാണ് അവളെ കാണാന്‍ പോയത്. ഡിഗ്രി കഴിഞ്ഞിരിക്കുന്ന കുട്ടിയാണെന്നും, കണ്ടിടത്തോളം നമുക്ക് യോജിച്ചു പോകാന്‍ പറ്റിയ കുടുംബമാണെന്നും, പെണ്‍കുട്ടിക്ക് ഉയരം കുറച്ചു കൂടുതലാണോ എന്നൊരു സംശയം എനിക്കുണ്ട് എന്നും, എന്തായാലും അടുത്ത ദിവസം തന്നെ മകനെയും കൂട്ടി വരാമെന്ന് ഞാന്‍ അവര്‍ക്ക് വാക്ക് കൊടുത്തീട്ടുണ്ടെന്നും വാപ്പ പറഞ്ഞു."
"അടുത്തദിവസം തന്നെ ഞാനും വാപ്പയും കൂടി ആ പെണ്‍കുട്ടിയെ കാണാന്‍ പോയി"
"അതെന്താ, കൂട്ടുകാരെയൊന്നും കൂടെ കൂട്ടാറില്ലേ പെണ്ണ് കാണാന്‍ പോകുമ്പോള്‍"?
അവള്‍ ചോദിച്ചു.
"ഇല്ല, കൂടെ വന്നവരെല്ലേ എന്നുള്ള നിലക്ക് അവര്‍ അവരുടെ അഭിപ്രായം പറയും,
അതൊരു പക്ഷെ എന്‍റെ അഭിപ്രായത്തിനോട് എതിരായിരിക്കാം അതുകൊണ്ടുതന്നെ"
"എന്നീട്ടു?" വളരെ ആകാംക്ഷയോടെ അവള്‍ ചോദിച്ചു.
"കയറി ചെല്ലുമ്പോള്‍ തന്നെ വീടിനും പരിസരത്തിനും "യെസ്" എന്ന് ഞാന്‍ മനസ്സില്‍ 'ടിക്ക്' മാര്‍ക്ക് കൊടുത്തു".
 "പെണ്‍കുട്ടിയെ ആദ്യം കണ്ടപ്പോള്‍ - എന്‍റെ സൌന്ദര്യ സങ്കല്പതിനോട് 50 % മാത്രം നീതി പുലര്‍ത്തിയവള്‍ എന്നാണു എനിക്ക് തോന്നിയത്. ഉയരം കൂടുതലാണോ എന്നൊരു സംശയം എനിക്കും തോന്നി. 'പെണ്‍കുട്ടിയുടെ കൂടെ നിന്നൊന്നു എനിക്ക് ഉയരം നോക്കണം, ഉയരത്തിന്റെ കാര്യത്തില്‍ എനിക്കൊരു ചെറിയ സംശയം ഉണ്ട്' ഞാന്‍ പറഞ്ഞു. എന്‍റെ ആ വാക്ക് കേട്ടു അവിടെ ഉണ്ടായിരുന്ന എല്ലാവരും ഉറക്കെ ചിരിച്ചു. ഒരുപാട് പെണ്‍കുട്ടികളെ കാണാന്‍ പോയ പരിചയമായിരിക്കാം ആ സദസ്സില്‍ വെച്ചു എനിക്കങ്ങിനെ പറയാന്‍ ധൈര്യമുണ്ടാകാന്‍ കാരണം. എന്‍റെ ധൈര്യത്തോടെയുള്ള ആ ചോദ്യം കേട്ടുതന്നെയാണ് എല്ലാവരും ചിരിച്ചതും. പെണ്‍കുട്ടി കാലില്‍ ചിത്രം വരച്ചു, പാതി താഴ്ത്തിയ മുഖവുമായി എന്‍റെ മുന്നില്‍ വന്നു നിന്നു. ഞാന്‍ എഴുന്നേറ്റു അവളുടെ അടുത്തു ചെന്നു നിന്നു. 'ഉയരത്തില്‍ ചെറിയൊരു കൂടുതല്‍ നിനക്ക് തന്നെയാണെന്ന് എന്‍റെ മുഖത്തുനോക്കി വാപ്പ പറഞ്ഞു'. അതിനു ശേഷമാണ് ഞാന്‍ പേരും വിദ്ദ്യാഭ്യാസവു മെല്ലാം ചോദിച്ചത്.
"പേര് ഷാഹിത എന്നും, BSc Botany കഴിഞ്ഞ വര്‍ഷം കമ്പ്ലീറ്റ് ചെയ്തു എന്നും, ഇപ്പോള്‍ PGDCA യ്ക്ക് പോകുന്നുണ്ട് എന്നും, എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണം ആ പെണ്‍കുട്ടി പറഞ്ഞു". വെള്ളമെല്ലാം കുടിച്ചു പിരിയാന്‍ നേരം എന്‍റെ വാപ്പ എന്നോട് ചോദിച്ചു "എന്ത് മറുപടിയാണ് ഇവര്‍ക്ക് കൊടുക്കേണ്ടത്"?
"പെണ്‍കുട്ടിയെ ഇഷ്ടമായി എന്ന് പറഞ്ഞോളൂ" ഞാന്‍ പറഞ്ഞു.
വാപ്പാടെ മുഖത്തും ഒരു സന്തോഷം ഞാന്‍ കണ്ടു. സാധാരണ നിലയില്‍ പെണ്‍കുട്ടിയെ കണ്ടു തിരിച്ചു പോരുമ്പോള്‍ ഞാന്‍ വാപ്പാട് പറയാറ് 'ഫോണിലൂടെ വിളിച്ചു പറയാം എന്ന് പറഞ്ഞോളൂ' എന്നാണു. അത് കേള്‍ക്കുമ്പോള്‍ തന്നെ വാപ്പാക്ക് മനസ്സിലാകാറുണ്ട്, ഇത് നടക്കുന്ന കേസല്ലായെന്നു.
വീട്ടില്‍ വന്നപ്പോള്‍ എന്‍റെ പെങ്ങള്‍ ചോദിച്ചു ''എങ്ങിനെ ഉണ്ടെടാ പെണ്‍കുട്ടി" എന്ന്.
ഞാന്‍ പറഞ്ഞു "പെണ്‍കുട്ടിക്ക് ഭംഗിയൊന്നും ഇല്ല, പക്ഷെ എനിക്ക് ഇഷ്ടമായി".
ഇത് കേട്ടപ്പോള്‍ എന്‍റെ ഉമ്മ പറഞ്ഞു "നിന്‍റെ ഇഷ്ടം തന്നെയാണ് ഇവിടെ എല്ലാവരും നോക്കുന്നത്, നിനക്ക് ഇഷ്ടമായി എങ്കില്‍ നമുക്ക് അവരോടു ഇങ്ങോട്ട് വരാന്‍ പറയാം"
രണ്ടാം ദിവസം അവര്‍ എന്നെ കുറിച്ചറിയാന്‍ എന്‍റെ വീട്ടില്‍ വന്നു. അവര്‍ക്കും ഇഷ്ടമായി. നാലാം ദിവസം എന്‍റെ പെങ്ങന്മാരേയും ഉമ്മാനെയും കൂട്ടി ഞാന്‍ പെണ്ണുകാണല്‍ ചടങ്ങിനു പോയി. അവിടെ ഞങ്ങളെ പ്രതീക്ഷിച്ചു അവര്‍ വലിയൊരു സദ്ദ്യ തന്നെ ഒരുക്കിയിട്ടുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ധരിപ്പിക്കാന്‍ എന്തൊക്കയോ സ്വര്‍ണ്ണം എന്‍റെ സഹോദരിമാര്‍ കരുതിയിട്ടുണ്ടായിരുന്നു.
അവിടെ എത്തിയ ഉടനെ അവര്‍ ചായ കുടിക്കാന്‍ വേണ്ടി ക്ഷണിച്ചു. ഞാന്‍ പറഞ്ഞു ചായ കുടിക്കുന്നതിനേക്കാള്‍ മുമ്പ് എനിക്ക് പെണ്‍കുട്ടിയോടൊന്നു തനിച്ചു സംസാരിക്കാനുണ്ട്.
എല്ലാവരും ആശ്ചര്യത്തോടെ എന്നെ നോക്കി.
അകത്തു ഇരുന്നു തന്നെ സംസാരിക്കണമെന്നില്ല പുറത്തു എവിടെയെങ്കിലും രണ്ടു കസാര ഇട്ടു തന്നാല്‍മതി ഞാന്‍ പറഞ്ഞു.
എന്‍റെ അഭ്യര്‍ത്ഥന മാനിച്ച അവളുടെ വീട്ടുകാര്‍ രണ്ടു കസാര എടുത്തു അവളുടെ വീടിന്റെ കിഴക്കേ മുറ്റത്ത്‌, കശുമാവിന്റെ ചുവട്ടില്‍ ഇട്ടുതന്നു. ഞാനാ കസാരയില്‍ ചെന്നിരുന്നു. അവള്‍ കസാരയില്‍ ഇരിക്കാന്‍ തയ്യാറായില്ല. കസാരയില്‍ പിടിച്ചു എന്‍റെ മുന്നില്‍ നിന്നു.  അവളോട്‌ പറയേണ്ട കാര്യങ്ങളെ കുറിച്ച് ഞാനൊരു തയ്യാറെടുപ്പ് മുന്‍ക്കൂട്ടി നടത്തിയിട്ടുണ്ടായിരുന്നു. ഞാനിങ്ങനെ തുടങ്ങി.
'ആദ്യമായി എനിക്കറിയേണ്ടത് നിനക്ക് മാനസികമായി എന്നെ ത്രിപ്തിപ്പെട്ടോ എന്നാണു. കാരണം നമ്മുടെ ഗ്രാമീണരായിട്ടുള്ള മുസ്ലിം കുടുംബങ്ങള്‍ വിവാഹ കാര്യത്തില്‍ പെണ്‍കുട്ടിയുടെ താല്പര്യം ചോദിക്കാറില്ല. എന്നെ സംബന്തിചെടുത്തോളം എന്‍റെ ഭാവി വധു അവളുടെ പരിപൂര്‍ണ തൃപ്തിയോടെ യായിരിക്കണം വിവാഹത്തിന് തയ്യാറാകേണ്ടത്'.
"എനിക്ക് പരിപൂര്‍ണ തൃപ്തിയാണ്" അവള്‍ പറഞ്ഞു.
"എങ്കില്‍ ഷാഹിതാക്ക് എന്നോട് ഒന്നും ചോദിക്കാനില്ലേ"? ഞാന്‍ ചോദിച്ചു.
"ഇല്ല, അറിയേണ്ട കാര്യങ്ങളെല്ലാം ഉപ്പയും ഉമ്മയും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ഞാന്‍ കേട്ടിരുന്നു" ഷാഹിത പറഞ്ഞു.
"അത്ര അറിഞ്ഞാല്‍ മതിയോ"? അവന്‍ ചോദിച്ചു.
"വിധിയുണ്ടെങ്കില്‍ പിന്നീട് അറിയാലോ വിശദമായിട്ട്" ഷാഹിത പറഞ്ഞു.
"ഞാന്‍ വിവാഹം ചെയ്യുന്ന കുട്ടിക്ക്, എന്നെ കുറിച്ച് വ്യക്തമായ ഒരു അറിവ് ഉണ്ടായിരിക്കണമെന്ന് എനിക്ക് നിര്‍ബന്തമുണ്ട്" അവന്‍ പറഞ്ഞു.
"എങ്കില്‍ പറയൂ" ഷാഹിത പറഞ്ഞു.
അവന്‍ തുടര്‍ന്നു "വിദ്ദ്യഭ്യാസ പരമായി ഞാന്‍ വലിയ നേട്ടമൊന്നും കൈവരിച്ചിട്ടില്ല. ഇരുപതാമത്തെ വയസില്‍ ഒരു സ്വകാര്യ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഗള്‍ഫില്‍ പോകുന്നത്. ആറ് വര്‍ഷമായി ഒമാനില്‍ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. വലിയ ശമ്പളമൊന്നും എനിക്ക് ലഭിക്കുന്നില്ല അവിടെ".
"ഞാനതിനു നിങ്ങളുടെ വരുമാനമൊന്നും ചോദിച്ചില്ലല്ലോ" ഷാഹിത ഇടക്കൊന്നു കയറി പറഞ്ഞു.
"ഷാഹിത ചോദിച്ചോ എന്നുള്ളതല്ല വിഷയം, എന്‍റെ വരുമാനത്തെ കുറിച്ച് വ്യക്തമായൊരു ധാരണ എന്‍റെ ഭാവി വധുവിനു ഉണ്ടായിരിക്കണം, അതിനോട് സഹകരിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകുവാന്‍ അവള്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട് എന്നെനിക്കു നിര്‍ബന്തമുണ്ട്.
ഒരു ഗ്രാമീണ കുടുംബമാണ് എന്റേത്. ഇരുപത്തഞ്ചു വയസുവരെ എന്നെ ജീവന് തുല്യം സ്നേഹിച്ച മാതാപിതാക്കളാണ് വീട്ടില്‍ ഉള്ളത്. ഇത്രകാലം എന്‍റെ അഭിപ്രായങ്ങള്‍ക്ക് അവരോ, അവരുടെ അഭിപ്രായങ്ങള്‍ക്ക് ഞാനോ എതിരായി വന്നിട്ടില്ല. ജീവിതകാലം മുഴുവന്‍ ഇതേനിലയില്‍ മുന്നോട്ടു പോകണമെന്നാണ് എന്‍റെ ആഗ്രഹം, അതിനു എന്‍റെ വധുവിന്റെ പൂര്‍ണ പിന്തുണ എനിക്ക് വേണം. ഏതെങ്കിലും നിലയില്‍ എന്‍റെ മാതാപിതാക്കളെ കുറിച്ച് ഒരു പരാതി എന്‍റെ ഭാര്യക്കുണ്ടാവുക എന്നതിനര്‍ത്ഥം, അവരുടെ താല്പര്യതോട് എന്‍റെ ഭാര്യ എതിരുനില്‍ക്കുന്നു എന്നാണു. ഇത് ഒരിക്കലും എനിക്ക് അനുവദിക്കാന്‍ കഴിയുന്നതല്ല".
ഒരു ദീര്‍ഗ്ഗ ശ്വാസത്തോടെ കയ്യിലുണ്ടായിരുന്ന നാരങ്ങാ വെള്ളത്തിന്റെ ഗ്ലാസ് ചുണ്ടിലേക്ക്‌ അടുപ്പിച്ചു അവന്‍.
"ഇതൊക്കെ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിതോന്നുന്നു. കാരണം അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കെങ്ങിനെ അറിയ?
ഞാനറിയാതെ എന്തെങ്കിലും പിഴവുകള്‍ എന്നില്‍നിന്നും സംഭവിച്ചു കഴിഞ്ഞാല്‍ !!" വാക്കുകള്‍ മുഴുവനമാകാത്ത നിലയില്‍നിര്‍ത്തി, ഷാഹിത എന്‍റെ മുഖത്തേക്കൊന്നു നോക്കി.
"അതിനുള്ള മാര്‍ഗ്ഗം ഞാന്‍ പറയാം", അവന്‍ തുടര്‍ന്നു
"എന്ത് ചെയ്യുമ്പോഴും അവരോടു മുന്‍കൂട്ടി അഭിപ്രായം ആരായുക.
കറിയില്‍ ഉപ്പു ഇടുമ്പോള്‍ പോലും അവരോടു അഭിപ്രായം ചോദിക്കുക.
എല്ലാകാര്യങ്ങളിലും അവര്‍ക്ക് പരിപൂര്‍ണ്ണ പരിഗണ കൊടുക്കുന്നുണ്ട് എന്ന്
അവര്‍ക്ക് തോന്നിക്കഴിഞ്ഞാല്‍, തങ്ങളോടു അഭിപ്രായം ചോദിക്കാതെ തന്നെ എന്തും ചെയ്തോളൂ എന്നവര്‍ പറയുന്ന നിലയിലേക്ക് എന്‍റെ ഭാര്യവളരും. ഈ വളര്‍ച്ചയിലേക്ക് എന്‍റെ ഭാര്യ എത്തുമ്പോഴേ എന്‍റെ കാഴ്ച്ചപ്പാടിലുള്ള കുടുംബിനിയാകുന്നുള്ളൂ അവള്‍.
വിവാഹത്തിന് മുമ്പ് എങ്ങിനെ ജീവിച്ചിരുന്നു എന്നുള്ളത് എനിക്കൊരു വിഷയമേ അല്ല, വിവാഹ ശേഷം പരസ്പരം ബാദിക്കുന്ന ഒരു തെറ്റും ചെയ്തുകൂട എന്നുള്ളതാണ് എന്‍റെ നിബന്തന.
മനസ്സില്‍ തോന്നുന്ന കാര്യങ്ങളെല്ലാം പരസ്പരം തുറന്നു പറയുക എന്നുള്ളത് എനിക്ക് നിര്‍ബന്തമാണ്.
എന്‍റെ ഭാര്യ എന്നില്‍ നിന്നും എന്ത് ആഗ്രഹിക്കുന്നു എന്നത് അവള്‍ തുറന്നു പറയുമ്പോള്‍ മാത്രമേ എനിക്ക് മനസ്സിലാവൂ. ഞാന്‍ അത് മനസിലാക്കിയാല്‍ മാത്രമേ, അത് അവള്‍ക്കു നേടികൊടുക്കാന്‍ കഴിയുന്നതാണെങ്കില്‍ നേടികൊടുക്കാനും, കഴിയാത്തതാണെങ്കില്‍ ആ കാര്യത്തിലുള്ള എന്‍റെ പരിമിതി അവളെ ബോധ്യപ്പെടുത്താനും എനിക്ക് സാധിക്കുള്ളൂ.
നിസാരമെന്നു തോന്നുന്ന കാര്യങ്ങളില്‍ തര്‍ക്കിക്കാതെ വിട്ടുവീഴ്ചാ മനോഭാവം രണ്ടു പേരിലും ഉണ്ടാകല്‍ നിര്‍ബന്തമാണ്.
ഭൂരിഭാഗം സ്ത്രീകളും അവരുടെ പ്രതിഷേധവും അഭിപ്രായ വെത്യാസവും തന്റെ ഭര്‍ത്താവിനോട് പ്രകടിപ്പിക്കുന്നത് പിണക്കത്തിലൂടെയാണ്. എന്‍റെ ഭാര്യ സാധാരണ സ്ത്രീകളില്‍ നിന്നും തീര്‍ത്തും വെത്യസ്തമല്ല എന്നതുകൊണ്ടുതന്നെ എന്‍റെ ഭാര്യക്കും എന്നോട് പിണങ്ങാം
പക്ഷെ എന്‍റെ ഭാര്യയുടെ പിണക്കം ഒരു പകല്‍ മാത്രമേ നീണ്ടു നില്‍ക്കാവൂ..
കൂടെ ഉണ്ടാകുമ്പോള്‍ ദിവസത്തില്‍ ഒരു തവണയെങ്കിലും പരസ്പരം തുറന്നു സംസാരിക്കാനുള്ള സമയം കണ്ടെത്തേണ്ടതുണ്ട്. പരസ്പരം വിലയിരുത്താനും, ചെറുതായാല്‍ പോലും നല്ല കാര്യങ്ങള്‍ കണ്ടാല്‍ അതിനെ പ്രശംസിക്കാനുമുള്ള തുറന്ന മനസ്സ് രണ്ടു പേരിലും ഉണ്ടായിരിക്കണം.
ലോകം മുഴുവന്‍ ഒരുമിച്ചു പറഞ്ഞാലും എനിക്ക് അനുഭവം ഇല്ലാത്തോളം കാലം ഞാനെന്റെ ഇണയെ അവിശ്വസിക്കുകയില്ലയെന്ന ഉറച്ചവിശ്വാസം രണ്ടു പേരിലും ഉണ്ടായിരിക്കണം'.
ഏകദേശം ഒരുമണിക്കൂറോളം ഞാനും ഷാഹിതയും തമ്മിലുള്ള സംസാരം നീണ്ടുപോയി.
"ഷാഹിത, ഞാന്‍ പറഞ്ഞതെല്ലാം ഉള്‍കൊള്ളുന്നുണ്ടോ"? ഞാന്‍ ചോദിച്ചു.
"ഉണ്ട് പക്ഷെ തലക്കൊരു മരവിപ്പ് തോന്നുന്നു ഇത്രയ്ക്കു കേട്ടപ്പോള്‍". ഷാഹിത പറഞ്ഞു.
"ഇതൊക്കെ ഒരു മുന്‍കരുതലാണ്, ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പ് നമ്മള്‍ പാലിക്കേണ്ട ചില കാര്യങ്ങള്‍, മാത്രവുമല്ല ഇതെല്ലാം എന്റൊരു കാഴ്ചപാടുകള്‍ മാത്രമാണ്. എത്രമാത്രം ജീവിതത്തിലേക്ക് പകര്‍ത്താന്‍ കഴിയുമെന്ന് ഒരു നിശ്ചയവുമില്ലാത്ത കാഴ്ചപാടുകള്‍".
എല്ലാതും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാം, അതിനായ് പ്രാര്‍ഥിക്കുകയും ചെയ്യാം എന്ന വാക്താനത്തോടെയാണ് ഞങ്ങള്‍ പരസ്പരം പിരിഞ്ഞത്.
അതിനുശേഷം ഭക്ഷണമെല്ലാം കഴിച്ചു, എന്‍റെ സഹോദരിമാര്‍ അവരുടെ കയ്യില്‍ കരുതിയിട്ടുണ്ടായിരുന്ന ആഭരണങ്ങള്‍ ഷാഹിതാനെ അണിയിപ്പിച്ചു.
എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു.
ഒരു പക്ഷെ അന്നത്തെ എന്‍റെ ആ സംസാരമായിരിക്കാം, അമ്പതിമ്മൂന്നു ദിവസം ഞങ്ങള്‍ ജീവിച്ചിട്ടും ഒരു അഭിപ്രായ വത്യാസവും ഇല്ലാതെ പോയത്. അല്ലെങ്കില്‍ അതിനുള്ള സമയം ആകുന്നെ ഉള്ളൂ എന്നതുകൊണ്ടുമായിരിക്കാം".
അവന്റെ സംസാരമെല്ലാം കേട്ടു നസ്രിയ തരിച്ചിരിക്കുകയായിരുന്നു അപ്പോള്‍.
വിമാനം സലാല എയര്‍ പോര്‍ട്ടില്‍ ഇറങ്ങിയപ്പോള്‍ അബുറയ്യാനും നസ്രിയയും ഒരുമിച്ചാണ് വരിയില്‍ ചെന്നു നിന്നത്. പക്ഷെ നസ്രിയ പുതിയ ആളായത്കൊണ്ട് വേറെ വരിയിലേക്ക് പോകാന്‍ അവിടുന്ന് നിര്‍ദേശം വന്നു. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അവന്‍ അവള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഇനി ഞാന്‍ പൊയ്ക്കോട്ടേ? അവന്‍ ചോദിച്ചു.
"പോകുന്നതിനു മുമ്പ് എന്‍റെ ഭര്‍ത്താവിനോടൊന്നു പരിചയപ്പെടാമോ താങ്കള്‍ക്ക്"? അവള്‍ ചോദിച്ചു.

അതെന്തിനാ, എന്ന ഭാവത്തില്‍ അവളെ നോക്കി.
"താങ്കള്‍ ഇതുവരെ എന്നോട് പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹത്തോടും കൂടെയൊന്നു പറയാമല്ലോ എന്ന് കരുതിയാണ്". അവള്‍ പറഞ്ഞു.
"നോക്കട്ടെ, സമയം കിട്ടുകയാണെങ്കില്‍ പരിചയപെടാം" അവന്‍ പറഞ്ഞു.
"ഇതാണ് എന്‍റെ ഭര്‍ത്താവിന്റെ നമ്പര്‍" ഒരു മൊബൈല്‍ നമ്പര്‍ എഴുതി അവള്‍ അവന്റെ കയ്യില്‍ കൊടുത്തു.
"സമയം കിട്ടിയാല്‍ ഞാന്‍ വിളിച്ചോളാം" അവന്‍ പറഞ്ഞു.
തന്റെ ലഗേജുമെടുത്ത്‌ എയര്‍ പോര്‍ട്ടിന്റെ പുറത്തേക്കു നടന്നു അവന്‍.
സമയകുറവുകൊണ്ടോ മറ്റോ നസ്രിയാനെ കാണാനോ, ഒന്ന് വിളിക്കാനോ പിന്നീട് അവന് കഴിഞ്ഞില്ല.
നസ്രിയ ഇന്നും അവന്‍റെ ഓര്‍മ്മ കുറിപ്പിലെ ഒരദ്ദ്യായം..

Sunday 11 July 2010

ഇങ്ങനെയും ഒരു ബുക്കുച്ച


                    ബുഖാരിയുടെ സംസാരത്തില്‍ വരുന്ന ഒരുപാട് വാക്കുകള്‍ എനിക്ക് അപരിചിതമായിരുന്നു. കാസര്‍ഗോഡ്‌ ജില്ലയിലെ ഒരു ഗ്രാമീണനായിരുന്നു ബുഖാരി. പലപ്പോഴും ബുഖാരി സംസാരിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരോട് ഞാന്‍ ചോദിക്കും അവന്‍ പ്രയോഗിച്ച ചില വാക്കുകളുടെ അര്‍ഥങ്ങള്‍. ഞാന്‍ ദുബായിലെ അല്‍-റവാബി എന്ന കമ്പനിയില്‍ ജോലിചെയ്യുമ്പോള്‍, എന്‍റെ കൂടെ താമസിച്ചിരുന്ന ഒരു കൂട്ടുകാരനായിരുന്നു ബുഖാരി. ബുക്കുച്ച എന്നാണു ഞങ്ങള്‍ സ്നേഹത്തോടെ ബുഖാരിയെ വിളിച്ചിരുന്നത്‌. കാസര്‍ഗോഡ്‌ ജില്ലയില്‍ തന്നെക്കാള്‍ വയസ്സിലും മൂത്തവരെ ബഹുമാന സൂചകമായി വിളിക്കുന്ന പേരാണ് ഇച്ച എന്ന്. 
ബുഖാരി

ബുക്കുച്ച റൂമില്‍ എത്തിയാലേ റൂമിന് ഒരു ഉണര്‍വ് വരാറുള്ളു. റൂമില്‍ കയറിയാല്‍ ഉടനെ ബുക്കുച്ച ചോദിക്കും "എന്താ അസ്രഫെ ഉസാറല്ലേ, അനക്ക്"? എന്ന്.
മറുപടി പറയുന്നത് ബുക്കുച്ച ഉദ്ദേശിച്ച ശൈലിയില്‍ അല്ലെങ്കില്‍ വീണ്ടും ചോദിക്കും
"എന്താടാ അന്റെ ഉസാറിന് ഒരു ബണ്ണല്ലല്ലോ"? എന്ന്.
കൂടുതല്‍ ഞങ്ങള്‍ ആവേശത്തോടെ എന്തെങ്കിലും സംസാരിച്ചാല്‍ അപ്പോള്‍ ബുക്കുചാടെവക കമെന്റ് വരും.
"ഉസാറായി ഉസാറായി കുലുമാലാക്കല്ലേ" എന്ന്.
ബുക്കുച്ചയുമായി ആരെങ്കിലും സംസാരിചിരിക്കുന്നതിനിടയില്‍ ബുക്കുച്ച തന്നെ കയറി ചോദിക്കും
"പിന്നെന്ത വിസയം"?
ആ ചോദ്യം കേള്‍ക്കാന്‍ നല്ല രെസമാണ്.
ബുക്കുചാടെ ഓരോ  പ്രവര്‍ത്തിയും റൂമില്‍ ഉള്ള എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടമായിരുന്നു.
ഒരിക്കല്‍ ഞാന്‍ നാട്ടില്‍ പോകാന്‍ സമയമായപ്പോള്‍ ഒരു പുതിയ ലെതറിന്റെ ചെരുപ്പ് വാങ്ങി റൂമില്‍ കൊണ്ടുവന്നു.  ചെരിപ്പുകള്‍ റൂമിന്റെ ഉള്ളിലേക്ക് കൊണ്ടുപോകാന്‍ അനുവാതമില്ലാത്തത് കൊണ്ട് എന്‍റെ പുതിയ ചെരുപ്പ് ഞാന്‍ പുറത്തുവെച്ചു. പിറ്റേദിവസം പുറത്തു പോകാന്‍ നേരം ഞാന്‍ എന്‍റെ ചെരുപ്പ് നോക്കിയപ്പോള്‍ ഒരിത്തിലും അത് കാണുന്നില്ല. ഞാന്‍ ചെരുപ്പ് തിരയുന്നതിനിടയില്‍ പെട്ടെന്ന് ബുക്കുച്ച കയറിവന്നു. ബാത്ത്റൂമില്‍ നിന്നും കുളികഴിഞ്ഞു വരികയായിരുന്നു ബുക്കുച്ച. അപ്പോള്‍ ബുക്കുചാടെ കാലില്‍ നനഞ്ഞ നിലയില്‍ ഞാന്‍ എന്വേഷിക്കുന്ന ചെരുപ്പ് ഉണ്ടായിരുന്നു. ഇത് കണ്ടതോടെ എനിക്ക് ദേഷ്യംവന്നു. വെള്ളം നനക്കാന്‍ പാടില്ലാത്ത ചെരിപ്പ്, അതും പുതുതായി ഞാന്‍ വാങ്ങിയിട്ട് ഒരുവട്ടം പോലും ഉപയോകിചിട്ടില്ലാത്തത്.
ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
"എന്ത് പണിയ നീ ചെയ്തത്, ഇത് നനക്കാന്‍ പാടില്ലാത്ത ചെരിപ്പാണ് എന്ന് നിനക്ക് അറിഞ്ഞു കൂടെ"?
ബുക്കുചാടെ മറുപടികേട്ട് എന്‍റെ ദേഷ്യം ഇങ്ങോട്ട പോയതെന്ന് എനിക്കറിയില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കില്‍പോലും  ഇപ്പോഴും എത്ര ദേഷ്യമുള്ള സമയത്തും എനിക്കാ മറുപടിയെ കുറിച്ച് ആലോചിച്ചാല്‍ ചിരി അടക്കാന്‍ ആവില്ല.
ഒരു നിഷ്കളങ്ക ഭാവത്തോടെ എന്‍റെ തൊട്ടടുത്ത്‌ വന്നു ഒരു രെഹസ്യം പറയുന്ന നിലയിലാണ് ബുക്കുച്ച അതിനു മറുപടി പറഞ്ഞത്.
"നീ എന്നെ പഠിപ്പിക്കൊന്നും വേണ്ട. എനിക്കറിയ ഈ ചെരിപ്പ് വെള്ളത്തില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് ആണ് എന്ന് പക്ഷെ, ഇത് എന്റെതല്ല അതുകൊണ്ടാണ് ഞാന്‍ വെള്ളത്തില്‍ ഉപയോഗിച്ചത്. ഇനി നീ ഇതും പറഞ്ഞു കുലുമാലാക്കണ്ട".
ഇത്രയ്ക്കു പറഞ്ഞു ബുക്കുച്ച റൂമിലേക്ക്‌ കയറിപോയി.
ഞാന്‍ ചിരി അടക്കാന്‍ പറ്റാതെ പ്രയാസപ്പെടുകയായിരുന്നു അപ്പോള്‍.

Saturday 10 July 2010

കിണറ്റില്‍ മുട്ടയിടുന്ന പൊന്മാന്‍

എന്‍റെ കൂടെ താമസിച്ചിരുന്ന പാലക്കാട്കാരനായ ഒരു തോമസ്‌ ഉണ്ടായിരുന്നു. ഒരു കമ്പനിയിലെ ഡ്രൈവര്‍ ആയിരുന്നു തോമസ്‌. തോമസിന്റെ കമ്പനിയില്‍ ഒരിക്കല്‍ ഒരു സീനിയര്‍ അകൌണ്ടന്റിന്റെ ഒഴിവുവന്നു. തോമസ്‌ എന്നോട് പറഞ്ഞു "എന്‍റെ ഭാര്യയുടെ സഹോദരന്‍ അഥവ എന്റൊരളിയന്‍ CA ക്കാരനാണ്. സ്റ്റെഫിന്‍‍ എന്നാണു അവന്‍റെ പേര്. നാട്ടില്‍ ഒരു കമ്പനിയില്‍ സീനിയര്‍ അകൌണ്ടാന്റ്റ് ആയി ജോലി ചെയ്യുകയാണ്. അവന്‍റെ CV എന്‍റെ കയ്യില്‍ ഉണ്ട്. ഞാന്‍ നേരിട്ട് അത് ഓഫിസില്‍ കൊടുത്താല്‍ മേനേജര്‍ വലിയ പരിഗണന കൊടുക്കില്ല, അതുകൊണ്ട് നീയൊന്നു കൊണ്ടുപോയി എന്‍റെ ഓഫിസില്‍ അതൊന്നു കൊടുക്കണം. നിന്‍റെ തന്നെ കോണ്ടാക്റ്റ് നമ്പറും വെചാല്‍മതി അതില്‍''. ഞാന്‍ സമ്മതിച്ചു.
പിറ്റന്നാല്‍തന്നെ  ഞാനത് തോമസ്‌ പറഞ്ഞതുപോലെ തോമസിന്റെ ഓഫിസില്‍ കൊണ്ടുപോയി കൊടുത്തു.
അന്ന് ഉച്ചകഴിഞ്ഞപ്പോള്‍  തോമസിന്റെ ഓഫിസില്‍ നിന്നും എനിക്ക് ഒരു ഫോണ്‍ വിളിവന്നു, നാളെതന്നെ പാസ് പോട്ട് കോപ്പിയും രണ്ടു ഫോട്ടോയും കൊണ്ടുവരാന്‍ പറഞ്ഞു. തോമസ്‌ തന്നത് പ്രകാരം ഞാന്‍ അതും ഓഫിസില്‍ കൊണ്ടുപോയികൊടുത്തു. എന്തിനു പറയുന്നു മൂന്നാം ദിവസം വിസയും കൊച്ചിയില്‍ നിന്നും വരാനുള്ള ടിക്കെറ്റും അവര്‍ എന്‍റെ കയ്യില്‍തന്നു. റൂമില്‍ ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഭയങ്കര സന്തോഷം തോന്നി. തോമാസിന്റെ വക ഭക്ഷണവും തന്നു എല്ലാവര്‍ക്കും. തല്‍കാലം സ്റ്റെഫിന്‍ ഞങ്ങളുടെ റൂമില്‍തന്നെ നില്‍ക്കട്ടെ, പിന്നീട് കമ്പനി കൊടുക്കുന്ന റൂമിലേക്ക്‌ മാറാം എന്ന് ഞങ്ങള്‍ റൂമില്‍ ഉള്ളവര്‍ എല്ലാവരും കൂടി തീരുമാനിച്ചു.
റൂമിലുള്ള നാലുപേരും കൂടിയാണ് സ്റ്റെഫിനെ കൂട്ടാന്‍ എയര്‍പോട്ടില്‍ പോയത്. ഒരുപാട് ഭക്ഷണ സാധനങ്ങള്‍ സ്റ്റെഫി നാട്ടില്‍നിന്നും കൊണ്ട് വന്നീട്ടുണ്ടായിരുന്നു. അച്ചാര്‍, ചിപ്സ്, ഹല്‍വ അങ്ങിനെ പലതും ഉണ്ടായിരുന്നു അതില്‍. റൂമില്‍ വന്നു പിറ്റന്നാള്തന്നെ ഞാന്‍ സ്റ്റെഫിയെ  അവന്‍റെ കമ്പനിയിലേക്ക് കൂട്ടി കൊണ്ടുപോയി. മേനേജെരുമായി സംസാരിച്ചു, ഞാന്‍ സ്റ്റെഫിയെ അവിടെ എല്പിച്ചുപോന്നു. ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ മേനേജെര്‍ തന്നെ അവനെ ഞങ്ങളുടെ റൂമിന്റെ അടുത്തു കൊണ്ടുവന്നു വിട്ടു. മേനേജെര്‍ക്ക് തന്നെ ഇഷ്ടമായെന്നും ചിലവിനുള്ള പൈസ മേനേജെര്‍  തന്നുവെന്നും അവന്‍ റൂമില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു. നല്ല സാലറിയാണ് കമ്പനി സ്റ്റെഫിക്ക് വാക്താനം ചെയ്തീട്ടുള്ളത്. പിറ്റന്നാല്‍ രാവിലെ നേരത്തോടെ എഴുന്നേറ്റു സ്റ്റെഫി ജോലിക്ക് പോയി. തോമസിനും  ഭയങ്കര സന്തോഷമായി.
അന്ന് ജോലികഴിഞ്ഞ് സ്റ്റെഫി റൂമില്‍ വന്നപ്പോള്‍ ആരോടും മിണ്ടാന്‍ താല്പര്യം കാണിക്കാതെ ബെഡില്‍ ചെന്നു കിടന്നു. ഞങ്ങള്‍ എന്തെങ്കിലും ചോദിക്കുമ്പോള്‍ ഭയങ്കര ദേഷ്യത്തിലാണ് അവന്‍ മറുപടി പറഞ്ഞിരുന്നത്. നാട്ടില്‍ നിന്നുംവന്ന വിഷമമായിരിക്കും, രണ്ടു ദിവസം കഴിഞ്ഞാല്‍ ശരിയായികൊള്ളും എന്ന് ഞങ്ങള്‍ പരസ്പരം പറഞ്ഞു. പിറ്റന്നാല്‍ രാവിലെ തോമസ്‌ ചെന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ജോലിക്ക് പോകാന്‍ വേണ്ടി എഴുന്നേറ്റത്. സുഖമില്ലെയെന്നു ഞാന്‍ ചോദിച്ചപ്പോള്‍ 'ഓ, ഇതിനേക്കാള്‍ വലിയ സുഖം ഇനി എവിടെ കിട്ടാനാ ? എന്ന് അവന്‍ എന്നോട് മറുപടിയും പറഞ്ഞു. അന്ന് ഉച്ചയായപ്പോള്‍ സ്റ്റെഫിയുടെ മേനേജെര്‍ എന്നെ വിളിച്ചു, ''സ്റ്റെഫി ഇന്നലെ മുതല്‍ ഒരു ജോലിയും ചെയ്യുന്നില്ല, ഇന്നലെയും ഇന്നുമായി ആറോളം ടെലിഫോണ്‍കാഡ് വേടിപ്പിച്ചു എന്ന് ഓഫിസ്ബോയി പറഞ്ഞു. നീ തന്നെ അവനോടു ചോദിക്ക് എന്താ പ്രശ്നമെന്ന്, ഇനി എന്തെങ്കിലും സാമ്പത്തിക പ്രശ്നമാണെങ്കില്‍ നമുക്ക് പരിഹരിക്കാം''. ഉടനെ ഞാന്‍  സ്റ്റെഫിക്ക്  വിളിച്ചുനോക്കി, പക്ഷെ അവന്‍ ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഒരു മണിക്കൂറിനു ശേഷം ഞാന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി റൂമില്‍ വന്നപ്പോള്‍ സ്റ്റെഫി അവന്‍റെ ബെഡില്‍ കെടുക്കുന്നുണ്ടായിരുന്നു. അവന്‍റെ കെടുപ്പു കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.
പിറന്ന കോലത്തിലായിരുന്നു അവന്‍റെ കിടപ്പ്.
''എന്തുപറ്റി നിനക്ക്? എന്തെ നീ വസ്ത്രമെല്ലാം ഊരിയിട്ട് കെടുക്കുന്നത്‌''? ബെഡില്‍ ഉണ്ടായിരുന്ന പുതപ്പു അവന്‍റെ മേലേക്ക് വലിച്ച് ഇട്ടുകൊണ്ട്‌ ഞാന്‍ ചോദിച്ചു.
കമിഴ്ന്നു കിടന്നിരുന്ന സ്റ്റെഫി, എന്‍റെ ചോദ്യം കേട്ട ഉടനെ, തല മുകളിലേക്ക് ഉയര്‍ത്തികൊണ്ടു എന്നെ ഒന്ന് നോക്കി.
ആ നോട്ടത്തെ വിവരിക്കാന്‍ എന്‍റെ വായ്മൊഴിക്കോ, വരമോഴിക്കോ കഴിയില്ല. സ്റ്റെഫിയുടെ കണ്ണുകളില്‍ നിന്നും അഗ്നി ജ്വലിക്കുന്നതായി എനിക്ക് തോന്നി. ആ നോട്ടത്തെ മറ്റൊന്നിനോടുപമിക്കാന്‍ എന്‍റെ അനുഭവക്കുറവു തടസ്സമാകുന്നുണ്ട്.  അങ്ങിനത്തൊരു നോട്ടം ഞാന്‍ ആരിലും കണ്ടിട്ടില്ല ഇതിനു മുമ്പൊരിക്കലും. റൂമില്‍ പിന്നെ സ്റ്റെഫിയോടു കൂടെ തനിച്ചു നില്‍ക്കാന്‍തന്നെ ഭയമായിഎനിക്ക്. ഭക്ഷണം കഴിച്ച ഉടനെ ഞാന്‍ പുറത്തേക്കുപോന്നു. കുറേനേരം ഞാന്‍ എന്‍റെ വണ്ടിയില്‍ വന്നിരുന്നു.
എന്ത്പറ്റി ഈ സ്റ്റെഫിക്ക് ? തോമസിനെ വിളിച്ചു എന്ത് പറയും? എന്തായാലും തോമസ്‌ റൂമില്‍ വന്നതിനുശേഷം പറയാം എന്ന് തീരുമാനിച്ചു ഞാന്‍.
എന്‍റെ ജോലിയെല്ലാം  കഴിഞ്ഞു വൈകീട്ട് റൂമില്‍ തിരിച്ചെത്തുമ്പോള്‍ റൂമില്‍ ഉള്ളവരെല്ലാം പുറത്തു നില്‍ക്കുന്നുണ്ടായിരുന്നു. 'എന്തെ, എല്ലാവരും പുറത്തു നില്‍ക്കുന്നു? എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്  എനിക്കുണ്ടായിരുന്ന അതെ അനുഭവം തന്നെയായിരുന്നു. സ്റ്റെഫി പരിപൂര്‍ണ നഗ്നനായി ബെഡില്‍ കിടക്കുന്നു, എന്തെങ്കിലും ചോദിച്ചാല്‍ ഭയാനകമായ നിലയില്‍ കണ്ണെല്ലാം ഉരുട്ടി ചോദിച്ച ആളുടെ നേര്‍ക്ക് നോക്കുന്നു. വസ്ത്രം ഉടുപ്പിക്കാന്‍ ശ്രമിച്ചാല്‍, അതിനു ശ്രമിക്കുന്നവരെ അക്രമിക്കാനെന്നോണം എഴുന്നേല്‍ക്കുന്നു'.
എല്ലാവരും ഒരേ സ്വരത്തിലാണ് ഇത് പറഞ്ഞത്. ഉടനെ ഒരു തീരുമാനം എടുത്തേ മതിയാകൂ. റൂമില്‍ ഞങ്ങളോടുകൂടെ താമസിക്കുന്ന രാജന്‍ എന്നെ വിളിച്ചു കുറച്ചു മാറിനിന്നു സ്വകാര്യമായി പറഞ്ഞു. ''അഷ്റഫെ,
ഇത് കുറച്ചു പ്രശ്നമാണെന്ന തോന്നുന്നത്. തോമസ്‌ പറയുന്നത് അവന്‍റെ ഭാര്യയുടെ അമ്മയുടെ അച്ഛന്‍ മാനസിക വിഭ്രാന്തിമൂലം വെള്ളത്തില്‍ വീണാണ് മരിച്ചത്, ഒരു മാനസികനില തെറ്റിയവനെ പോലെയാണ് ഇപ്പോള്‍ സ്റ്റെഫിയുടെ പെരുമാറ്റമെല്ലാം, എന്തെങ്കിലും ഇവിടുന്നു സംഭവിച്ചു കഴിഞ്ഞാല്‍ നമ്മള്‍ എല്ലാവരും ഉള്ളില്‍ പോകേണ്ടിവരും, നീ തന്നെ അവന്‍റെ മേനെജരെ കണ്ടൊന്നു സംസാരിക്ക്. വേണമെങ്കില്‍ ഞാനും കൂടെവരാം, പറ്റുമെങ്കില്‍ ഇപ്പോള്‍ തന്നെ പോകാം നമുക്ക്''.
ഞാന്‍ തോമസിനോട് ചോദിച്ചു ''എന്താ ചെയ്യേണ്ടത് ''?
''രാജന്‍ പറഞ്ഞത് തന്നെയാണ് എന്‍റെയും അഭിപ്രായം'' തോമസ്‌ പറഞ്ഞു.
ഉടനെ ഞാനും രാജനും കൂടെ മേനെജരെ കാണാന്‍ പോയി.
മേനെജരോട് സംസാരിക്കേണ്ടതിന്റെ രൂപം ഞാന്‍ മനസ്സില്‍ തയ്യാറാക്കികൊണ്ടേയിരുന്നു.
മേനെജരുടെ ഫ്ലാറ്റില്‍ ചെന്നു ഞാന്‍ കോളിംഗ് ബെല്ലടിച്ചു, അദ്ദേഹത്തിന്റെ ഭാര്യയാണ് വാതില്‍ തുറന്നത്. മറാട്ടിയായിട്ടുള്ള ആ സ്ത്രീ ചോദിച്ചു ''കോന്‍''?
ഞാന്‍ പറഞ്ഞു ''മേം അഷ്‌റഫ്‌ ഹും, സാബ് കോ മിലനേ ആയാഹും, സാബ് ഹെക്യ അന്തര്‍?
''സാബ്തോഹെ, ലേകിന്‍ നഹാരെ വഹ'' ആ സ്ത്രീ പറഞ്ഞു.
''ടീക്‌ ഹേ, ഹംലോഗ് യഹാം ഇന്തിസാര്‍ കരേംഗേ'' ഞാന്‍ പറഞ്ഞു.
''അന്തര്‍ ആക്കെ ബൈട്ടോന'',  അവര്‍ ക്ഷണിച്ചത് പ്രകാരം ഞാനും രാജനും അകത്തു കയറിയിരുന്നു.
അഞ്ചു മിനിറ്റ് ഇരിക്കുമ്പോഴേക്കും അദ്ദേഹം കുളി കഴിഞ്ഞു വന്നു.
എന്നെ കണ്ടപ്പോഴേ അദ്ദേഹത്തിന് തോന്നി എന്തോ സ്റ്റെഫിയെ സംബന്തിക്കുന്ന പ്രശ്നമായിറ്റാന് ഞങ്ങള്‍ ചെന്നീട്ടുള്ളത് എന്ന്. മുഖവുരയില്ലാതെതന്നെ അദ്ദേഹം തുടങ്ങി.
''സ്റ്റെഫി ഓഫിസില്‍ വന്ന അന്ന് നല്ല ഉഷാറായിരുന്നു, അന്ന് ഞാന്‍ ഏല്‍പിച്ച ജോലി ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വേകത്തില്‍ അവന്‍ ചെയ്തു തീര്‍ത്തു. അതുകൊണ്ടുതന്നെ എനിക്ക് നല്ല താല്‍പര്യവും തോന്നി അവനോടു. പക്ഷെ, പിറ്റേ ദിവസം ഒന്നിലും ഒരു താല്‍പര്യവും ഇല്ലാത്തതായിട്ടാണ് അനുഭവ പെട്ടത്. ഇന്നാണെങ്കില്‍ അവന്‍റെ കസേരയില്‍ പോലും അവന്‍ ഇരുന്നീട്ടില്ല. വെറും ഫോണ്‍ വിളിമാത്രമാണ്. അതുകൊണ്ട് ഞാന്‍ തന്നെ അവനോടു പറഞ്ഞു സുഖമില്ലെങ്കില്‍ റൂമില്‍ പോയ്കൊള്ളൂവെന്ന്. അതിനു ശേഷമാണ് ഞാന്‍ അഷ്റഫിന് വിളിച്ചത്. ഇപ്പോള്‍ എന്തെ പ്രശ്നം''?
സൌമ്യനായി ആ മേനേജര്‍ എന്നോട് ചോദിച്ചു.
''അവന്‍ ഒരു മാനസിക വിഭ്രാന്തിയാണ് സര്‍ കാണിക്കുന്നത്. അതുകൊണ്ട് റൂമില്‍ ഉള്ള എല്ലാവര്‍ക്കും ഒരു ഭയം. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ എല്ലാവര്‍ക്കും ബുദ്ദിമുട്ടല്ലേ''? ഞാന്‍ പറഞ്ഞു നിര്‍ത്തി.
''നമുക്ക് ഇപ്പോള്‍ എന്താ ചെയ്യാന്‍ കഴിയുക''? മേനേജര്‍ ചോദിച്ചു.
''ഞങ്ങള്‍ക്ക് തോന്നുന്നത് ഉടനെ നാട്ടിലേക്ക് തിരിച്ചു വിടാമെന്നാണ്'' ഞാന്‍ പറഞ്ഞു
''എങ്കില്‍ അങ്ങിനെ തന്നെ ചെയ്തോളൂ, ഞാന്‍ നെറ്റില്‍ ഒന്ന് നോക്കട്ടെ, നാളെ തന്നെ ടിക്കെറ്റ് ഉണ്ടോയെന്നു'' അത് പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി.
അഞ്ചു മിനിറ്റു കഴിഞ്ഞു ഞങ്ങളുടെ അടുത്തുവന്നു അദ്ദേഹം ചോദിച്ചു, ''നാളെ 1.30 നുള്ള ഫ്ലൈറ്റില്‍ സീറ്റ് ഉണ്ട് അതെടുക്കട്ടെ''?
ഞാനും, രാജനും ഒരേ സ്വരത്തില്‍ പറഞ്ഞു ''എടുത്തോളൂ സര്‍''.
ഉടനെ റൂമില്‍ പോയി ടിക്കെട്ടിന്റെ പ്രിന്റെടുത്ത് എന്‍റെ കയ്യില്‍ കൊണ്ടുവന്നു തന്നു. ''നാളെ രാവിലെ 8.30 നു ഓഫിസ് തുറക്കും അപ്പോള്‍ അഷ്‌റഫ്‌ തന്നെ വന്നു പാസ്സ്പോര്‍ട്ട് വേടിചോളൂ''.
''ശരി സര്‍'' എന്ന് പറഞ്ഞു ഞാനും രാജനും പുറത്തേക്കു കടന്നപ്പോള്‍ അദ്ദേഹം വീണ്ടും എന്നെ തിരിച്ചു വിളിച്ചു.  എന്നീട്ടു പറഞ്ഞു
''നിങ്ങള്‍ ഇന്ന് ഉറങ്ങാതെ അവനെ ശ്രദ്ദിക്കണം, രാത്രിയില്‍ അവന്‍ എന്തെങ്കിലും ചെയ്തുപോയാല്‍ നമുക്കെല്ലാവര്‍ക്കും പ്രശ്നമാണ്''.
''ശരി സര്‍'' ഞാന്‍ പറഞ്ഞു.
ഞങ്ങള്‍ ചെല്ലുന്നതും കാത്തു തോമസും മുസ്തഫയും റൂമിന്റെ പുറത്തു നില്പുണ്ടായിരുന്നു.
ടിക്കെറ്റ് ഞാന്‍ തോമസിന്റെ കയ്യില്‍ കൊടുത്തു. ''ഇന്ന് രാത്രി നമുക്കെല്ലാവര്‍ക്കും ഉറക്കമൊഴിചിരിക്കാം'' ഞാന്‍ പറഞ്ഞു. ''ശരി'' എന്ന് എല്ലാവരും സമ്മദിച്ചു.
ഞാന്‍ പോയി ബാത്രൂമിന്റെ ഉള്ളിലെ ഹൂക് അഴിച്ചെടുത്തു, കാരണം രാത്രിയില്‍ സ്റ്റെഫി ബാത്ത് റൂമില്‍ കയറി എന്തെങ്കിലും ചെയ്താലോ.
ഞങ്ങള്‍ നാല് പേരും റൂമിന്റെ അകത്തു കയറി വാതിലടചു ചാവി പോക്കറ്റില്‍ ഇട്ടു. ഒരു കാരണവശാലും രാത്രിയില്‍ സ്റ്റെഫി പുറത്തേക്കു പോകരുത് എന്നതുകൊണ്ടുതന്നെ.
ആശങ്കയുടെ മുള്‍മുനയിലൂടെ കടന്നു പോവുകയായിരുന്നു ആ രാത്രി. എങ്ങിനെയായിരുന്നു ആ രാത്രി വെളുപ്പിച്ചതെന്നു എനിക്ക് ഇപ്പോഴും അറിയില്ല. ഒരാള്‍ ഉറങ്ങുന്നതിനെ നാലുപേര്‍ നാല് ദിശയില്‍ നിന്നും ഉറക്കമൊഴിച്ചു വീക്ഷിക്കുന്ന ഒരു രംഗം. രണ്ടു തവണ മൂത്രമൊഴിക്കാന്‍ വേണ്ടി സ്റ്റെഫിന്‍ ബെഡില്‍ നിന്നും എഴുന്നേറ്റപ്പോള്‍, ഞങ്ങള്‍ നാല് പേരും ഒപ്പം എഴുന്നേറ്റു. നാല് പേര്‍ ബെഡില്‍ എഴുന്നേറ്റിരിക്കുന്നത്കണ്ടീട്ടും, വിവസ്ത്രനായി ബാത്ത് റൂമില്‍ പോയി തിരിച്ചുവന്നു ബെഡില്‍ കിടന്നു സ്റ്റെഫിന്‍. ഒരുവിധേനെ നേരം വെളുപ്പിച്ചു. ആറുമണിയായപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരായി കുളിച്ചു. 7 .30 ആയപ്പോള്‍ ഞാന്‍ സ്റ്റെഫിയെ വിളിച്ചു. അവന്‍ കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി. ഉറക്കത്തില്‍ നിന്നും എഴുന്നേറ്റത് കൊണ്ടായിരിക്കാം അവന്റെ നോട്ടത്തില്‍ മുമ്പത്തെ അഗ്നി ഞാന്‍ കണ്ടില്ല.
''എഴുനേല്‍ക്കു സ്റ്റെഫി, നിനക്ക് ഇന്ന് 1 .30 നു നാട്ടിലേക്കുള്ള ടിക്കെറ്റ് എടുതീട്ടുണ്ട്, 9 .30 നു നമുക്ക് റൂമില്‍ നിന്നും ഇറങ്ങണം''.
എന്‍റെ സംസാരം കേട്ട ഉടനെ ഒരു അനുസരണയുള്ള കുട്ടിയെപോലെ ബെഡ് ഷീറ്റ് വാരിച്ചുറ്റി അവന്‍ ബാത്ത് റൂമിലേക്ക്‌ പോയി. അവന്‍ കുളിക്കുന്ന ശബ്ദം പുറത്തുനിന്നു ഞങ്ങള്‍ കേട്ടു കൊണ്ടിരുന്നു.
അവന്‍ കുളിയെല്ലാം കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഞാന്‍ പറഞ്ഞു
''ഞാന്‍ സ്റ്റെഫിയുടെ ഓഫിസില്‍ പോയി പാസ്സ്പോര്‍ട്ട് വാങ്ങിവരാം എന്നീട്ടു പോയാല്‍മതി എല്ലാവരും ജോലിക്ക്''.
ഞാന്‍ സ്റ്റെഫിയുടെ ഓഫിസിലേക്കു പോയി. അവിടെ വളരെ നേരത്തോടെതന്നെ മേനേജര്‍ എത്തിയിട്ടുണ്ടായിരുന്നു.
എന്നെ കണ്ട ഉടനെ സ്റ്റെഫിയുടെ പാസ്പോര്‍ട്ട്‌ എടുത്തു അദ്ദേഹം മേശപുറത്ത്‌ വെച്ചു.
''ഇന്നലെ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ''? ആകാംക്ഷ നിറഞ്ഞ അദ്ദേഹത്തിന്റെ ചോദ്യം.
''ഇല്ല സര്‍'' ഞാന്‍ പറഞ്ഞു.
പാസ്പോര്‍ട്ടും കൊണ്ട് ഞാന്‍ റൂമിലേക്ക്‌ പോയി. അപ്പോള്‍ സ്റ്റെഫിയും, മുസ്തഫയും, രാജനും, തോമസും ചായയും ബ്രഡും കഴിക്കുന്നുണ്ടായിരുന്നു. എനിക്കുള്ള ചായയും അവര്‍ അവിടെ വെച്ചിരുന്നു. ഞാനും അവരുടെ കൂടെ ഇരുന്നു ചായകുടിച്ചു. ചായയെല്ലാം കുടിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു
"പോകാം അല്ലെ"?
സ്റ്റെഫി 'ശരി' എന്നര്‍ത്ഥത്തില്‍ തലകുലുക്കി.
സ്റ്റെഫി നാട്ടില്‍നിന്നും കൊണ്ടുവന്ന ബാഗില്‍ അവന്‍റെ വസ്ത്രങ്ങളെല്ലാം നിറച്ചു വെച്ചിരുന്നു. ഞാനാ ബാഗ്‌ എടുത്തു ആദ്യം റൂമില്‍ നിന്നും ഇറങ്ങി. തൊട്ടു പിറകില്‍ സ്റ്റെഫിയും അതിനു പിറകില്‍ തോമസും ഇറങ്ങി. മുസ്തഫയും, രാജനും ജോലിക്ക് പോകേണ്ട സമയമായതുകൊണ്ട് ഞങ്ങളോടുകൂടെ എയര്‍ പോര്‍ടിലേക്ക് വന്നില്ല. തോമസിന്റെ വണ്ടിയില്‍ ഞങ്ങള്‍ മൂന്നുപേരും കൂടെ എയര്‍ പോര്‍ടിലേക്ക് പോയി. അവിടെ എത്തുന്നതുവരെ സ്റ്റെഫി ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. എയര്‍ പോര്‍ടില്‍എത്തി ഞാനും സ്റ്റെഫിയും വണ്ടിയില്‍നിന്നും ഇറങ്ങി. തോമസ്‌ വണ്ടി പാര്‍ക്ക്‌ ചെയ്യാന്‍ വേണ്ടി പോയി. ട്രോളിയില്‍ ബാഗ്‌ എടുത്തു വച്ച് തള്ളുന്നതിനിടയില്‍ ഞാന്‍ സ്റ്റെഫിയോടു പറഞ്ഞു
''വീട്ടില്‍ എത്തുന്നതുവരെ പ്രശ്നമൊന്നും ഉണ്ടാക്കരുത്, വീട്ടില്‍ എത്തിയാല്‍ ഞങ്ങള്‍ക്ക് വിളിക്കണം".
"എന്ത് പ്രശ്നം ഉണ്ടാക്കരുതെന്നു?" സ്റ്റെഫി തിരിച്ചു എന്നോട് ചോദിച്ചു.
"അല്ല, ഇന്നലെ റൂമില്‍ വെച്ചു ചെയ്തതുപോലെ ഒന്നും ചെയ്യരുത് എന്ന്" ഞാന്‍ ആവര്‍ത്തിച്ചു.
ഒരു പുഞ്ചിരിയോടെ സ്റ്റെഫി എന്നെ നോക്കി, വലതു കൈകൊണ്ടു എന്‍റെ പുറത്തു തലോടികൊണ്ട് സ്റ്റെഫി പറഞ്ഞു.
"എനിക്ക് ഭ്രാന്താണെന്നാണോ നിങ്ങള്‍ കരുതിയത്‌? എനിക്ക് ദൈവാനുഗ്രഹം കൊണ്ട് ഇപ്പോള്‍ ഒരു പ്രശ്നവുമില്ല. ഒരു പക്ഷെ അവിടെ തുടര്‍ന്നു നിന്നു കഴിഞ്ഞാല്‍ എനിക്ക് ഭ്രാന്തായെക്കാം. ജനിച്ചു വളര്‍ന്ന നാടും വീടും, നാട്ടുകാരെയും വീട്ടുകാരെയും ഒഴിവാക്കി ഇവിടെ വര്‍ഷങ്ങളോളം നില്‍ക്കുന്ന നിങ്ങള്‍ക്ക് ഭ്രാന്ത് വരാത്തത് എന്‍റെ കുറ്റമല്ല. ഒരിക്കലും ഭ്രാന്തനാകാതിരിക്കാന്‍ രണ്ടു ദിവസം നിങ്ങളുടെ മുന്നില്‍ മാനസിക വിഭ്രാന്തനായി അഭിനയിക്കേണ്ടിവന്നു എനിക്ക്. ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വേഗത്തില്‍ അതിന്റെ ഫലവും എനിക്ക് കിട്ടി. ഞാന്‍ ഒരാഴ്ചക്കുള്ളില്‍ നാട്ടിലേക്ക് തിരിച്ചു പോകാമെന്നാണ് കരുതിയിട്ടുണ്ടായിരുന്നത്. അത് രണ്ടു ദിവസത്തിനുള്ളില്‍ തന്നെ സാധിപ്പിച്ചുതന്ന താങ്കള്‍ക്കു ഒരായിരം നന്ദിയുണ്ട്".
ഇത്രയും പറഞ്ഞു സ്റ്റെഫി എനിക്ക് കൈതന്നു എയര്‍ പോര്‍ടിനുള്ളിലേക്ക് കയറുമ്പോള്‍
ഇടിവെട്ട് കൊണ്ടവനെപോലെ ഞാന്‍ തരിച്ചു നില്‍ക്കുകയായിരുന്നു.
വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെഫി എനിക്ക് കൈ വീശി കാണിക്കുമ്പോള്‍,
തന്ത്രത്തിലൂടെ ലോകം കൈക്കലാക്കിയ ഒരു ധീര യോദ്ദാവിന്റെ ഭാവം ഞാനവനില്‍ കണ്ടു.


ഒരു ഗൂഗിള്‍ ചിത്രം 
                               

Friday 25 June 2010

അവള്‍ നസ്രിയ -1

ബോര്‍ഡിംഗ് പാസെടുക്കാന്‍ വരിയില്‍ നില്‍ക്കുമ്പോഴും, വീട്ടില്‍നിന്നും യാത്ര പറഞ്ഞു പിരിഞ്ഞതിന്‍റെ ഓര്‍മ്മയിലായിരുന്നു അവന്‍. 
''താങ്കള്‍ എങ്ങോട്ട് പോകുന്നു''? 
പെട്ടെന്ന് പിറകില്‍ തട്ടി ഒരാള്‍ ചോദിച്ചു.
 ''ഞാന്‍ സലാലയിലേക്ക്‌'' അവന്‍ പറഞ്ഞു.
''എങ്കില്‍, എന്‍റെ മരുമകളും അങ്ങോട്ടാണ് പോകുന്നത്, അവള്‍ ആദ്യമായിട്ട് പോകുന്നത്കൊണ്ട് അവള്‍ക്കു ഇതിനെ കുറിച്ചൊന്നും അറിവില്ല. വിമാനം ഇറങ്ങുമ്പോള്‍ അവളുടെ ഭര്‍ത്താവ് അവിടെ ഉണ്ടാകും, അതുവരേക്കും നിങ്ങള്‍ അവളെയൊന്നു സഹായിക്കണം, എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവള്‍ക്കു പറഞ്ഞു കൊടുക്കുകയും വേണം''.
ശരി എന്ന അര്‍ത്ഥത്തില്‍ അവന്‍ തലകുലുക്കി.
ബോഡിംഗ് പാസ്സെല്ല്ലാം എടുത്തു അവന്‍ ഒരു കസാരയില്‍  ചെന്നിരുന്നു. പെട്ടെന്ന് ഒരു പെണ്‍കുട്ടി തന്റെ അടുത്തു വന്ന്‍ മുന്‍ പരിചയത്തോടെ യെന്ന വണ്ണം പറഞ്ഞു
''നല്ല ആളാണ്‌, ഞാന്‍ എവിടൊക്കെ തിരക്കി എന്നറിയോ? വാപ്പ പറഞ്ഞു എന്നോട്, ഒരാളോട് നിന്‍റെ കാര്യമെല്ലാം ഏല്പിച്ചിട്ടുണ്ട്, റോസ്‌ കളര്‍ ഷര്‍ട്ടും ബ്ലാക്ക്‌ പാന്റുമാണ്‌ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ നിറം, കയ്യില്‍ ചെറിയൊരു നീല ഹാന്റ്ബഗ് ഉണ്ട്. വാപ്പ പറഞ്ഞ വിവരണങ്ങള്‍ വെച്ചു അത് നിങ്ങള്‍ ആകാന്‍ തന്നെയാണ് സാധ്യത എന്നെനിക്കുതോന്നി. അതുകൊണ്ടാണ് ഒരല്പം അടുപ്പമുള്ളതുപോലെ സംസാരിച്ചത്'', അവള്‍ പറഞ്ഞു നിര്‍ത്തി.
''അതെ, നിങ്ങള്‍ ഉദ്ദേശിച്ച ആള്‍ ഞാന്‍ തന്നെയാണ് '' അവന്‍ പറഞ്ഞു.
''ഓഹ്, സമാധാനമായി. എനിക്ക് toilet ല്‍ ഒന്ന് പോകണം, toilet എവിടെയാണ്, അവള്‍ ചോദിച്ചു.''
''ഇതാ കാണുന്നു'' toilet ന്റെ ദിശയിലേക്കു കൈചൂണ്ടികൊണ്ട് അവന്‍ പറഞ്ഞു.
''എങ്കില്‍ നിങ്ങള്‍ എന്‍റെ ഈ ഹാന്റ്ബഗ് ഒന്ന് പിടിക്ക്, ഞാന്‍ ഇപ്പോള്‍ വരാം, വന്നീട്ട് നമുക്ക് കൂടുതല്‍ പരിചയപ്പെടാം'' അവള്‍ അവളുടെ ഹാന്റ്ബഗ് അവന്റെ  അടുത്തുള്ള കസാരയില്‍ വെച്ചു toilet ലെക്ഷ്യംവെച്ചു നടന്നു.
'സൌന്ദര്യമുള്ള ഒരു മിടുക്കിയായ പെണ്‍കുട്ടി. ആദ്യ സംസാരത്തിലെ സംസാര പ്രിയയാണെന്ന് തോന്നി.
അവന്‍ വീണ്ടും വീട്ടില്‍ നിന്നും യാത്ര പറഞ്ഞു പോന്ന രംഗത്തെ കുറിച്ചുള്ള ആലോചനയില്‍ മുഴുകി. തന്റെ ഈ യാത്രക്ക് പകരമായി,  ശരീരത്തിലെ ഏതെങ്കിലും ഒരവയവമാണ് മുറിച്ചു നല്‍കേണ്ടിയിരുന്നതെങ്കില്‍ ഞാന്‍ നിറഞ്ഞ മനസ്സോടെ അത് നല്‍കുമായിരുന്നു, അത്രയ്ക്ക് മാനസിക വേദന അടക്കിപിടിച്ചാണ് ഞാനീ യാത്ര പുറപെടുന്നത്‌. വിവാഹം കഴിഞ്ഞു വെറും അമ്പത്തിമൂന്നു ദിവസമാണ് ഭാര്യയുമൊത്ത് കഴിഞ്ഞത്. യാത്ര പുറപ്പെടാന്‍ വേണ്ടി വസ്ത്രം മാറ്റുമ്പോള്‍ അവള്‍ എന്നോട് ചോദിച്ചത് ഈ യാത്ര മാറ്റിവെക്കാന്‍ കഴിയില്ല അല്ലെ എന്നാണ്. നിസ്സഹനായി ഇല്ലയെന്ന അര്‍ത്ഥത്തില്‍ ഞാന്‍ തല അനക്കുമ്പോള്‍ പിടയുന്ന ഒരുമനസ് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഭാവിയില്‍ ഒരു സാമ്പത്തിക ഭദ്രത ലഭിക്കുമെന്നും, അതുകൊണ്ട് ജീവിതം സന്തോഷകരമാക്കാമെന്നും കരുതി, ഒരിക്കലും തിരിച്ചു ലഭിക്കില്ലെന്ന് ഉറപ്പുള്ള, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ ഒഴിവാക്കി യാത്രപുറപ്പെട്ട എന്നെ ഒരു 'വിഡ്ഢി' എന്ന് മനസ്സിലെങ്കിലും വിളി ചോട്ടെ ഞാന്‍! വീട്ടില്‍ വെച്ചു നടന്ന ഓരോ നിമിഷങ്ങളെ അവന്‍ തന്റെ മനസ്സില്‍ ഓര്‍മിച്ചുകൊണ്ടിരുന്നു. ഉറക്കത്തില്‍നിന്നും ഞെട്ടി ഉണര്‍ന്നവനെപോലെ അവന്‍, അവളുടെ ശബ്ദം കേട്ടു തലഉയര്‍ത്തി നോക്കി.
''എന്താ മാഷേ സ്വപ്നം കാണുകയാണോ'' ? അതെ അവള്‍തന്നെ.
''എന്‍റെ പേര്‍ നസ്രിയ, സ്ഥലം തലശ്ശേരി''
സ്വയം പരിജയപ്പെടുത്തികൊണ്ട് അവള്‍ ഹന്റ്ബഗ് എടുത്തുമാറ്റി, അവന്റെ തൊട്ടടുത്തുള്ള കസാരയില്‍ ഇരുന്നു.
''എന്താ നിങ്ങളുടെ പേര്‍''? അവള്‍ ചോദിച്ചു
''എന്‍റെ പേര്‍ അബുറയ്യാന്‍, സ്ഥലം തൃശൂര്‍, ആറ് വര്‍ഷമായി സലാലയിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു'' ഒറ്റ ശ്വാസത്തില്‍ അവന്‍ പറഞ്ഞു നിര്‍ത്തി.
"നിങ്ങള്‍ വിവാഹിതനാണോ"?
"അതെ, ഞാന്‍ വിവാഹിതനാണ്''. 
ഇതെന്താ ആദ്യംതന്നെ വിവാഹിതനാണോ എന്ന അര്‍ത്ഥത്തില്‍ അവന്‍ അവളെ ഒന്ന് നോക്കി.
"വിവാഹിതനാണെങ്കിലെ ഒന്ന് മനസ്സ് തുറന്നു സംസാരിക്കാന്‍ കഴിയൂ.  അവിവാഹിതനാകുമ്പോള്‍, എന്‍റെ സംസാരത്തില്‍ അവന്‍ എന്നൊരു കാമുഖിയായി സങ്കല്‍പിച്ചാലോ". അവള്‍ പറഞ്ഞു. 
"ഓഹോ, അതൊരു പുതിയ അറിവാണല്ലോ". അവന്‍ പറഞ്ഞു.
''ഇതുപോലെ എന്തെല്ലാം പുതിയ അറിവുകള്‍ നമ്മള്‍ അറിയാന്‍കിടക്കുന്നു. എന്താ നിങ്ങളുടെ ഭാര്യയുടെ പേര്''? നസ്രിയ ചെറുപുഞ്ചിരിയോടെ ചോദിച്ചു.
''ഷാഹിത''. അവന്‍ പറഞ്ഞു.
''നിങ്ങള്‍ക്കറിയോ, രണ്ടു ദിവസമായി ഞാന്‍ ഉറങ്ങിയിട്ട്'' അവള്‍ പറഞ്ഞു.
''അതെന്തേ''? അവന്‍ ചോദിച്ചു.
''എന്‍റെ മങ്ങലം കഴിഞ്ഞീട്ട് മൂന്നു മാസമായി. പതിനൊന്നു ദിവസം മാത്രമേ ഞാനും പുയ്യാപ്ലയും ഒരുമിച്ചു കഴിഞ്ഞിട്ടുള്ളൂ. അപ്പോഴേക്കും മൂപ്പര്‍ക്ക് തിരിച്ചു പോകാനുള്ള സമയമായി. രണ്ടു ദിവസമായിട്ടുള്ളൂ എന്‍റെ വിസ കിട്ടിയിട്ട്. അതുകൊണ്ടുതന്നെ വിസകിട്ടിയ അന്നുമുതല്‍ ഓരോ വീടുകളില്‍ കയറി ഇറങ്ങുകയായിരുന്നു യാത്ര പറയാന്‍വേണ്ടി. ഇപ്പോള്‍ എനിക്ക് പുയ്യാപ്ലയുടെ അടുത്തേക്ക് പോകുന്നു എന്നുള്ള സന്തോഷം ഉണ്ടെങ്കില്‍ തന്നെ, വീട്ടുകാരെ പിരിഞ്ഞ വിഷമവും നന്നായിടുണ്ട്. ആദ്യമായിട്ടാണ് ഞാന്‍ വീട്ടുകാരെ പിരിഞ്ഞു നില്‍ക്കാന്‍ പോകുന്നത്''.
''അപ്പോള്‍ വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ അല്ലെ നില്‍ക്കുന്നത്''? അവന്‍ ഇടയ്ക്കു കയറിയൊന്നു ചോദിച്ചു.
"അല്ല, ഞങ്ങള്‍ തലശ്ശേരിക്കാര്‍ മങ്ങലം കഴിഞ്ഞാലും ഞങ്ങളുടെ സ്വന്തം വീട്ടില്‍ തന്നെയാണ് സ്ഥിരം നില്‍ക്കുക. അതുകൊണ്ടുതന്നെ വീട്ടുകാരെ പിരിഞ്ഞു നില്‍കേണ്ട ആവശ്യം എനിക്ക് വന്നീട്ടില്ല. ഒന്നര ലെക്ഷം രൂപയുടെ അറയായിരുന്നു എനിക്ക് കിട്ടിയത്. പതിനൊന്നു ദിവസത്തെ പരിജയം മാത്രമേ ഞാനും പുയ്യാപ്ലയും തമ്മില്‍ ഉള്ളു. മൂപ്പരുടെ സ്വഭാവം ഒന്നും എനിക്ക് ശെരിക്കു മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു പേടിയും ഉണ്ട് മനസ്സില്‍. എന്തെ ഇങ്ങളൊന്നും മുണ്ടാണ്ടിരിക്കണ്. ഞാന്‍ പറയുന്നത് ഇങ്ങക്ക് ഇഷ്ടപെടുന്നില്ലേ? അവള്‍ ചോദിച്ചു.
''എനിക്ക് സംസാരിക്കാനുള്ള ഒരവസരം നസ്രിയ തന്നിട്ടില്ലല്ലോ, നസ്രിയ പറഞ്ഞു തീര്‍ന്നതിനുശേഷം സംസാരിക്കാമെന്ന് കരുതിയാണ് ഞാന്‍ മിണ്ടാതിരിക്കുന്നത്'' അവന്‍ പറഞ്ഞു. 
''ഇങ്ങളെ നാട്ടില്‍ പെണ്ണുങ്ങള്‍ക്ക്‌ ഭയങ്കര കഷ്ടമാണ് അല്ലെ''? അവള്‍ ചോദിച്ചു.
''അതെന്താ''? അവന്‍ ആശ്ചര്യത്തോടെ അവളെ നോക്കി.
''അല്ല, മങ്ങലം കഴിഞ്ഞാല്‍ പിന്നെ പുയ്യാപ്ലടെ വീട്ടിലല്ലേ അവര്‍ക്ക് നില്‍ക്കാന്‍ പറ്റുള്ളൂ. സ്വന്തം വീട്ടിലേക്കൊന്നു വരണമെങ്കില്‍ പുയ്യാപ്ലടെ സമ്മതത്തിനു കാത്തു നി‍ക്കണ്ടേ. ഭയങ്കര ബുദ്ദിമുട്ടല്ലേ അതൊക്കെ''? നസ്രിയ പറഞ്ഞു.
''അതൊരു ബുദ്ദിമുട്ടായിട്ടു എനിക്ക് തോന്നിയിട്ടില്ല. എന്‍റെ ഭാര്യക്കും അങ്ങിനെ തന്നെയാണെന്നാണ് എന്‍റെ അറിവ്. വിവാഹത്തിനുശേഷം ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നത് അവളുടെ ഭര്‍ത്താവിന്റെ തണലില്‍, ഏതു വിഷയത്തിലും അവന്‍റെ അഭിപ്രായങ്ങളും താല്‍പര്യവും മനസിലാക്കി ജീവിക്കാനാണ്. എന്നാണു ഞാന്‍ മനസിലാക്കുന്നത്‌'' അവന്‍ പറഞ്ഞു".
"അത് ശരിയായിരിക്കാം പക്ഷെ, ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ സ്ഥിരമായി നില്‍ക്കുന്നത് അത്രയ്ക്ക് ശരിയൊന്നുമല്ല. ഇത്ര കാലം ജീവിച്ചു വളര്‍ന്ന വീട് വിട്ടിട്ടു പെട്ടെന്ന് മറ്റൊരു വീട്ടില്‍ പോയി സ്ഥിരമായി നില്‍ക്കാന്‍ അവര്‍ക്ക് എങ്ങിനെ കഴിയുന്നത്‌? ശരിക്കും വട്ടാകില്ലേ? പിന്നെ പുയ്യാപ്ലടെ ഉമ്മാടെയും പെങ്ങന്മാരുടെയും കുത്തുവാക്കും, ചീത്ത പറച്ചിലും എല്ലാം കേള്‍ക്കണ്ടേ? എങ്ങിനെ ആ പെണ്ണുങ്ങള്‍ക്ക്‌ അതെല്ലാം സഹിച്ചു നില്‍ക്കാന്‍ കഴിയാ? എന്നെ കൊണ്ടാവില്ല അതൊന്നും".
സംസാരിക്കാന്‍ ഒരവസരം കിട്ടിയ ആര്‍ത്തിയില്‍ അവള്‍ വാചാലയാകുന്നത് അവന്‍ ശ്രദ്ദിച്ചുകൊണ്ടിരുന്നു. നസ്രിയാക്ക് പറയാനുള്ളതെല്ലാം പറയട്ടെ അതിനു ശേഷം തന്‍റെ അഭിപ്രായം പറയാം എന്ന ഉദ്ദേശത്തില്‍ അവന്‍ എല്ലാം കേട്ടുകൊണ്ടിരുന്നു.
ഒരു ദീര്‍ഗ്ഗ ശ്വാസത്തോടെ അവള്‍ പറഞ്ഞു നിറുത്തിയപ്പോള്‍ അവന്‍ തുടങ്ങി.
''അറക്കലെ ബീവിക്ക് വെറും പെണ്മക്കളായിരുന്നു. അവരെല്ലാം വിവാഹം ചെയ്തുപോയാല്‍ തന്റെ വീട്ടില്‍ ആരും ഇല്ലാതെയാകും, എന്ന് മനസിലാക്കിയ ബീവി ഒരു പ്രഖ്യാപനം നടത്തി. തന്റെ പെണ്മക്കളെ വിവാഹം ചെയ്യാന്‍ വരുന്നവര്‍ ആരായിരുന്നാലും അവര്‍ ഈ വീട്ടില്‍ തന്നെ ഭാര്യമാരോടൊത്ത് കഴിയണം. അവര്‍ക്ക് ജീവിക്കാന്‍ വേണ്ട എല്ലാ സൌകര്യവും ഇവിടെ ചെയ്തു കൊടുക്കും. അങ്ങിനെ വിവാഹം കഴിക്കാന്‍ തയ്യാറായവര്‍ ആ വീട്ടില്‍ സ്ഥിരതാമസമാക്കി. ഇതിനെ മാതൃകയാക്കാന്‍ നാട്ടുകാരും തയ്യാറായി. ഇതാണ് പില്‍കാലങ്ങളില്‍ പരിസര വാസികളായിട്ടുള്ള തലശ്ശേരി, വടകര ഭാഗങ്ങളില്‍ ഉള്ളവര്‍ 'അറ' എന്ന പേരില്‍ പിന്തുടര്‍ന്ന് പോരുന്നതെന്ന് ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്.'' അവന്‍ പറഞ്ഞു.
''അതിന്റെ ചരിത്രമൊന്നും എനിക്കറിയില്ല പക്ഷെ, ഇതാണ് നല്ലത് എന്ന് എനിക്കുറപ്പുണ്ട്'' അവള്‍ ആവര്‍ത്തിച്ചു.
''എനിക്ക് നിങ്ങളുടെ ഈ 'അറ' സംവിധാനത്തെ കുറിച്ച് കൂടുതലൊന്നും അറിയാത്തതുകൊണ്ട് ഞാന്‍ പറയുന്നില്ല. പക്ഷെ ഇന്നലെ എനിക്കുണ്ടായ ഒരനുഭവം പറയാം'' അവന്‍ തുടര്‍ന്നു. കേള്‍കാനുള്ള താല്പര്യത്തോടെ അവളും ഇരുന്നു.
''ഞാന്‍ യാത്ര പറയാന്‍ വേണ്ടി ഇന്നലെ എന്‍റെ ഭാര്യ വീട്ടില്‍ ഷാഹിതയുമൊത്ത് പോയിരുന്നു, അവിടുന്ന് ഭക്ഷണമെല്ലാം കഴിച്ചു യാത്ര പറഞ്ഞു പിരിയാന്‍ നേരം അവളുടെ ഉമ്മ (എന്‍റെ അമ്മായുമ്മ)  എന്നോട് പറഞ്ഞു, 'മോനെ ഷാഹിത ഞങ്ങളുടെ മക്കളില്‍ ഏറ്റവും താഴെയാണെന്ന് അറിയാമല്ലോ? അവളെ അത്ര വാത്സല്യത്തോടെയാണ് ഞങ്ങള്‍ വളര്‍ത്തിയിരുന്നത്, അവളെ പിരിഞ്ഞു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് ഭയങ്കര വിഷമമുണ്ട്. അതുകൊണ്ട് അവളെ കൂടുതലും ഇവിടെത്തന്നെ നിര്‍ത്താന്‍വേണ്ടി മോന്‍ അനുവാദം കൊടുക്കണം. ഇത് മോനോടുള്ള ഒരു അഭ്യര്‍തനയാണ്'.
ഇത് കേട്ടതോടെ യാത്ര പറഞ്ഞു പിരിയാന്‍ വേണ്ടി എഴുന്നേറ്റുനിന്ന ഞാന്‍ കസാരയില്‍തന്നെയിരുന്നു. എന്നീട്ടു പറഞ്ഞു
''അത് ശരിയാവില്ല എന്ന് ഒറ്റവാക്കില്‍ ഞാന്‍ മറുപടി പറഞ്ഞാല്‍, എന്‍റെ മാതാ പിതാക്കളുടെ സ്ഥാനത്ത് ഞാന്‍ കാണുന്ന നിങ്ങള്‍ക്ക്, ഒരു മാനസിക പ്രയാസം ഉണ്ടാക്കിയേക്കാം.
ഒന്നാമതായി - വിവാഹത്തെ കുറിച്ച് ഞാന്‍ ആലോചിക്കുമ്പോഴെല്ലാം, എനിക്ക് തോന്നിയിട്ടുള്ളത്, വലിയൊരു ഉത്തരവാതിത്വം ഉള്ള വിഷയമാണ് വിവാഹശേഷമുള്ള ജീവിതം എന്നാണു.
ഒരു പെണ്‍കുട്ടിയുടെ എല്ലാനിലയിലുള്ള, പരിപൂര്‍ണ ഉത്തരവാതിത്വം ഏറ്റെടുക്കുക. അതിനുശേഷം അതിലുണ്ടാകുന്ന മക്കളുടെ കാര്യങ്ങള്‍ നോക്കുക, ഇതെല്ലാം ഭാരിച്ചൊരു ജോലിയായിട്ടാണ് ഞാന്‍ വിലയിരുത്തിപോന്നിരുന്നത്. അതുകൊണ്ടുതന്നെ ഇതിനെല്ലാം ഞാന്‍ പ്രാപ്തനാണെന്ന് പരിപൂര്‍ണ ഉറപ്പു വരുത്തിയതിനുശേഷമാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. ഇനി വീണ്ടും എന്‍റെ ഭാര്യ അവളുടെ വീട്ടില്‍ തന്നെ താമസം തുടര്‍ന്നാല്‍, എന്നില്‍ ഞാന്‍ ഉണ്ടാക്കിയെടുത്തീട്ടുള്ള ഉത്തരവാതിത്വബോധം എന്നില്‍ നിന്നും നഷ്ടപെട്ടേക്കാം. അതിനുകാരണം, അവള്‍ അവളുടെ വീട്ടില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട്, ഞാന്‍ ശ്രദ്ദിച്ചില്ലെങ്കില്‍ത്തന്നെ അവളുടെ കാര്യത്തില്‍ ഒരു കുറവും വരുത്താതെ അവളുടെ വീട്ടുകാര്‍ എല്ലാം ചെയ്തോളും എന്ന എന്‍റെ തോന്നലായിരിക്കും.
രണ്ടാമതായി - എന്‍റെ ഭാര്യ വിവാഹ ശേഷം എന്‍റെ വീട്ടില്‍ സ്ഥിര താമസമാക്കാന്‍ വരുമ്പോള്‍, മാനസികമായി ഒരുപാട് തയ്യാറെടുപ്പുകള്‍ അവള്‍ നടത്തും. താന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരിടത്തെക്കാണ് പോകുന്നതെന്നും, വ്യത്യസ്തരായ ജനങ്ങളാണ് അവിടെ ഉള്ളതെന്നും, അവര്‍ തന്നെ  വിലയിരുത്തികൊണ്ടിരിക്കുമെന്നും,
അതുകൊണ്ടുതന്നെ, തന്റെ ഓരോ ചലനങ്ങളിലും സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്നും സ്വയം മനസ്സിലാക്കും, ഇത് ഒരു പെണ്‍കുട്ടി എന്നതില്‍നിന്നും, വളരെ പെട്ടെന്ന് തന്നെ ഒരു പരിപൂര്‍ണ്ണ ഭാര്യയും കുടുംബിനിയുമാകാന്‍ അവളെ സഹായിക്കും എന്ന് ഞാന്‍ മനസ്സിലാക്കുന്നു.
മൂന്നാമതായി - ഞാന്‍ ആഗ്രഹിക്കുന്നത്  എന്‍റെ മക്കള്‍ എന്നിലൂടെയും, എന്‍റെ വിലാസത്തിലൂടെയും അറിയപ്പെടാനാണ്. ഈ ആഗ്രഹത്തിന് തീര്‍ത്തും വിരുദ്ധമായിരിക്കും ഭാര്യാവീട്ടില്‍ ജനിച്ചു വളരുന്ന എന്‍റെ മക്കളുടെ കാര്യം. എന്‍റെ ഭാര്യയും അവളുടെ വീട്ടുകാരുമാണ്  ഈ നാട്ടില്‍ അറിയപ്പെടുന്നത്, എന്‍റെ മക്കള്‍ ഈ വീട്ടില്‍ വളരുമ്പോള്‍ സ്വാഭാവികമായും അവര്‍ അറിയപ്പെടുക ഈ  വീട്ടുകാരിലൂടെയാണ്‌. ഇത് ഞാനെന്ന വ്യക്തിയുടെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് ഞാന്‍ ഭയക്കുന്നു''.
ഇത്രയ്ക്കു ഞാന്‍ സംസാരിച്ചു യാത്ര പറഞ്ഞു പിരിയുമ്പോള്‍, ഇതിനെക്കുറിച്ച് മറ്റൊന്നും പറയാനില്ല എന്ന മട്ടില്‍ എന്‍റെ അമ്മായുമ്മ തിണ്ണയും ചാരി നില്‍ക്കാന്‍ കാരണം, മരുമകനോട്‌ തര്‍ക്കിച്ചു അവന്‍റെ മനസ്സ് വിഷമിപ്പിക്കണ്ട എന്ന് തോന്നിയിട്ടാകും എന്നെനിക്കു തോന്നി.
പെട്ടെന്ന് മൈക്കിലൂടെ അനൌണ്‍സ്മെന്റ് 'സലാലയിലേക്ക്‌ പോകുന്ന Air India Express തയ്യാറായി കഴിഞ്ഞു യാത്രകാരെല്ലാം വിമാനത്തില്‍ വന്നു കയറണമെന്ന്'. ബാഗ് എടുത്തു വിമാനത്തില്‍ കയറാനുള്ള വരിയില്‍ നില്‍ക്കുമ്പോള്‍ അവള്‍ പറഞ്ഞു
''നിങ്ങളോട് സംസാരിച്ചു എനിക്ക് മതിയായിട്ടില്ല, ഇനിയും ചില പ്രധാന കാര്യങ്ങളെ കുറിച്ച് നിങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ അറിയാനുണ്ട് എനിക്ക് ''.
''അതിനു നമ്മള്‍ രണ്ടു പേരും അടുത്തുള്ള സീറ്റില്‍ ആയിരിക്കില്ല ഇരിക്കുക, പിന്നീട് എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ ആകാം നമുക്കത്''. അവന്‍ പറഞ്ഞു.
''എന്നാലും ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ നമുക്ക് അടുത്തടുത്ത്‌ ഇരിക്കാന്‍ പറ്റുമോയെന്ന്''? അവള്‍ ചോദിച്ചു.
''ശരി"യെന്നു പറഞ്ഞു അവന്‍, ബോഡിംഗ് പാസ്‌ എയര്‍ ഹോസ്റ്റസിനെ കാണിച്ചു വിമാനത്തിനു ഉള്ളിലേക്ക് കയറി.