Sunday 2 February 2020

സ്‌കൂൾ വരാന്തയിലെ കാമുകനും ന്യൂജെൻ രക്ഷിതാവും

മകൻ മിസ്വബിന്റെ ക്ലാസ്സ് ടീച്ചർ വിളിച്ച പേരന്റ്സ് മീറ്റിങ്ങിൽ പങ്കെടുക്കാൻ അന്ന് ഞാനാണ് പോയത്. തൊട്ടു മുമ്പത്തെ ദിവസം നടന്ന പരീക്ഷയുടെ പേപ്പറുകളും അതിന്റെ മാർക്കുകളും ഓരോ രക്ഷിതാവിനും നേരിട്ട് കാണിച്ചു കൊടുക്കുകയും, കുട്ടികൾ അവരുടെ പഠന രീതിയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമെല്ലാം ടീച്ചർമാരും, ഹെഡ് മാഷും വളരെ വിശദമായി തന്നെ മീറ്റിങ്ങിൽ സംസാരിച്ചു. പല രക്ഷിതാക്കളും അവരുടെ അഭിപ്രായങ്ങളും, ആശയങ്ങളും സദസ്സിൽ പങ്ക് വെച്ചു. മീറ്റിങ്ങ് അവസാനിക്കുന്നതിന് തൊട്ട് മുമ്പാണ് ലേഖ ടീച്ചർ എഴുന്നേറ്റ് നിന്ന് അത് പറഞ്ഞത്. വികാര ഭരിതമായ ടീച്ചറുടെ ആ വാക്ക് തെല്ലൊന്നുമല്ല എന്നെ അസ്വസ്ഥനാക്കിയത്. കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ എന്റെ ഓർമ്മകൾ തൊണ്ണൂറുകളിലേക്ക് അനിയന്ത്രിതമായി പായുകയായിരുന്നു.

90-93 അധ്യയന വർഷങ്ങളിലെ AIHS ലെ ഒരു വിദ്യാർത്ഥിയായിരുന്നു ഞാൻ. വടിയുടെ അകമ്പടിയില്ലാതെ ക്ലാസ്സിലേക്ക് വരുമായിരുന്നില്ലാത്ത ഷംസുദ്ധീൻ മാഷും, റഷീദ് മാഷും, ഫിലോമിന ടീച്ചറും, അംബിക ടീച്ചറും, സഫിയ ടീച്ചറും, മാഗി ടീച്ചറും, മോഹിനി ടീച്ചറുമെല്ലാം എങ്ങനെയാണ് മനസ്സിനെ കീഴടക്കിയതെന്നും പത്തര മാറ്റോടെ മനസ്സിന്റെ കൊട്ടാരത്തിൽ ഇന്നും വിരാജിക്കുന്നതെന്നും ഉത്തരമില്ലാത്തൊരു ചോദ്യമാണ്‌.

ഷംസുദ്ധീൻ മാഷ് ആയിരുന്നു അന്ന് ഹെഡ് മാഷ്. സ്‌കൂളിൽ എന്ന് മാത്രമല്ല, സ്കൂൾ വിട്ട് വീട്ടിൽ ചെന്നാലും മാഷുടെ പേര് കേട്ടാൽ ഭയക്കുന്നൊരു കാലം. 'ഇവിടെ ശ്രദ്ധിക്കുക' എന്ന മൈക്ക് അനൗൺസ്മെന്റ് കേട്ടാൽ സ്‌കൂൾ മൊത്തം നിശബ്ദമാവുന്ന കാലം. S S L C പരീക്ഷ അടുത്ത് കഴിഞ്ഞാൽ പത്തിൽ പഠിക്കുന്ന ഓരോ കുട്ടിയുടെ വീട്ടിലും ഒരു തവണയെങ്കിലും ഷംസുദ്ധീൻ മാഷ് നേരിട്ട് വന്ന് പഠനം വിലയിരുത്തുകയും, ആവശ്യമാണെന്ന് തോന്നുന്ന കുട്ടികളുടെ വീട്ടിൽ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വീണ്ടും വീണ്ടും വരികയും ചെയ്യുമായിരുന്നു.

അന്ന് IX D ലായിരുന്നു ഞാൻ പഠിച്ചിരുന്നത്. സ്റ്റേജിന്റെ മുകളിൽ, ഏറ്റവും പടിഞ്ഞാറേ ഭാഗത്തായിരുന്നു ഞങ്ങളുടെ ക്ലാസ്സ് മുറി. മേഗി ടീച്ചർ ആയിരുന്നു ക്ലാസ്സ് ടീച്ചർ. സ്‌കൂളിലെ ആൺകുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട ക്ലാസ്സ് ആയിരുന്നു അത്. ആ ക്ലാസിലുള്ളവരോട് മറ്റുള്ള ക്ലാസുകാർക്ക് കടുത്ത അസൂയയുമായിരുന്നു. ക്ലാസ് മുറിയുടെ മികവ് കൊണ്ടൊന്നുമായിരുന്നില്ല അത്. ക്ലാസ് മുറിയുടെ ലൊക്കേഷൻ ആയിരുന്നു ആ ആകർഷണ രഹസ്യം. ഈ ക്ലാസ് മുറിയുടെ മുന്നിൽ നിന്നാൽ പെൺകുട്ടികൾ കൂട്ടമായി വാഷ്‌റൂമിലേക്ക് പോകുന്നത് കാണാം. ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്തി പഠിപ്പിക്കുന്ന ഒരു സ്‌കൂളിൽ ഇതിനേക്കാൾ ആകർഷകമായ മറ്റെന്തുണ്ട് ? ഇടവേള സമയങ്ങളിൽ ഞങ്ങളുടെ ക്ലാസിലുള്ളവർ മാത്രമല്ല, സ്‌കൂളിലെ ഒട്ടുമിക്ക കാമുകന്മാരും ഈ ക്ലാസിന് മുന്നിലെ വരാന്തയിൽ ഹാജരുണ്ടാവും. ഷംസുദ്ധീൻമാഷുടെ കണ്ണ് വെട്ടിച്ചു പ്രണയിനിയുടെ ഒരു നോട്ടമെങ്കിലും ഏറ്റുവാങ്ങാൻ അവിടെ തിക്കും തിരക്കിമായിരിക്കും. അത് കൊണ്ടുതന്നെ ഞങ്ങളുടെ വരാന്ത ഷംസുദ്ധീൻ മാഷുടെ സവിശേഷ ശ്രദ്ധയിലുള്ള പ്രശ്‌നബാധിത പ്രദേശമായിരുന്നു.



പതിവുപോലെ അന്നും ഇടവേളക്കുള്ള മണി മുഴങ്ങിയ ഉടനെ ചാടി എഴുന്നേറ്റ് വരാന്തയിൽ ഇറങ്ങി എഴുന്നള്ളത്തിന് നിരത്തിയ ഗജകേസരികളെ പോലെ ഓരോരുത്തരും വരിവരിയായി പഞ്ചാരയിൽ ചെറു പുഞ്ചിരി വിരിയുന്ന മുഖവുമായി നിന്നു. പിന്നിലായി പോയാൽ കാഴ്ച മറയുമെന്നതിനാൽ മുൻനിരക്ക് വേണ്ടി കടുത്ത മത്സരം തന്നെ നടക്കും. അതുമാത്രമല്ല, അപ്പുറത്തു നിന്ന് വരുന്ന നോട്ടം ആള് മാറിപ്പോകാതിരിക്കാനും മുൻനിരയിലെ ജാഗ്രത അനിവാര്യമായിരുന്നു.  വേണ്ടപ്പെട്ടവരെ, കണ്ടവർ കണ്ടവർ പിന്നിലേക്ക് മാറും. പകരം പിറകിലുള്ളവർ മുന്നിലെത്തും. ഈ പ്രക്രിയ ഇടവേള കഴിയുന്നതുവരെ തുടരും. പരസ്പര സഹായവും സഹകരണവും പരിഗണനയും ഇത്രയേറെ അനുഭവിച്ച മറ്റൊരു സ്ഥലവും ജീവിതത്തിൽ ഉണ്ടാവില്ല. ഇങ്ങനെ ആളുകൾ ഊഴം മാറിവന്ന് പോയികൊണ്ടിരിക്കുന്നതിനിടയിൽ പെട്ടെന്നൊരു അശരീരി:



'ദേ മാഷ്'!
'എവിടെ’ എന്ന് പോലും ചോദിക്കാതെ എല്ലാവരും ക്ലാസിലേക്ക് ഓടി.
മുൻനിരയിൽ ഉണ്ടായിരുന്ന ഞാൻ താഴേക്ക് നോക്കിയപ്പോൾ വ്യക്തമായി കണ്ടു, താഴത്തെ ക്ലാസിന്റെ ചുമരിന്റെ മൂലയോട്‌ ചേർന്ന് താടി മുന്നിലേക്ക് തള്ളി, പതുങ്ങി നിന്ന് കൊണ്ട് ആ പൊക്കം കുറഞ്ഞ വലിയ  മനുഷ്യൻ വരാന്തയിൽ നിൽക്കുന്ന ഞങ്ങളെ വീക്ഷിക്കുന്നത്.

ഇന്റർവെൽ കഴിഞ്ഞു എല്ലാവരും ക്ലാസിൽ കയറി. ബയോളജി എടുക്കാൻ രാധിക ടീച്ചർ ക്ലാസിൽ എത്തി. ടീച്ചറുടെ പ്രാർത്ഥന കഴിഞ്ഞ് (ക്ലാസ്സ് തുടങ്ങുന്നതിന് മുമ്പ് ടീച്ചർക്ക് അങ്ങനൊരു പതിവുണ്ട്) ക്ലാസ്സ് തുടങ്ങി. പെട്ടെന്ന് ക്ലാസ്സ് മുറിയുടെ വാതിലിൽ മുട്ടുന്നത് കേട്ട് എല്ലാവരും അങ്ങോട്ട് തിരിഞ്ഞു. ആ മുഖം കണ്ടപാടെ എന്റെ മുട്ടുകൾ രണ്ടും കൂട്ടിയിടിക്കാൻ തുടങ്ങി.

'ടീച്ചർ, അഞ്ച് മിനിറ്റ് പുറത്തു നിൽക്കൂ, ഒരത്യാവശ്യ കാര്യമുണ്ട്' മാഷുടെ ആ വാക്കിന് എന്നെ അലിയിച്ച് കളയാൻ മാത്രം ശേഷി ഉണ്ടായിരുന്നു. ക്ലാസ്സ് എടുത്തിരുന്ന രാധിക ടീച്ചർ പുറത്തേക്കു കടക്കുമ്പോഴേക്കും, ഷംസുദ്ധീൻ മാഷ് തന്റെ സഹചാരിയായ ചൂരലും കൊണ്ട് ക്ലാസിനുള്ളിൽ പ്രവേശിച്ചിരുന്നു.

പിന്നാലെ, ദേഷ്യവും രോഷവും ശാസനയും കലർന്ന ഉറച്ച ശബ്ദത്തിൽ ആ ചോദ്യവും;
'ആരൊക്കെ ഉണ്ടായിരുന്നു വരാന്തയിൽ' ?
ഉള്ളിലേക്ക് ഇരച്ചു കയറിയ ഭയം അപ്പോഴേക്കും കണ്ണുകളിൽ ഇരുൾ പരത്തിയിരുന്നു. ശരീരം മുഴുവൻ വിയർത്തൊലിക്കാനും തുടങ്ങിയിരുന്നു.
വീണ്ടും ആ ചോദ്യം അദ്ദേഹം ആവർത്തിച്ചു 'വരാന്തയിൽ ആരൊക്കെ ഉണ്ടായിരുന്നു എന്നാണ് ഞാൻ ചോദിച്ചത്'. ആരും ഒരനക്കവും ഇല്ലാതെ ഇരിപ്പ് തുടർന്നു. അതിനൊപ്പം മാഷുടെ ദേഷ്യം ഉയർന്ന് കൊണ്ടേ ഇരുന്നു. പിന്നെ ശബ്ദം മാറി;
'ആരൊക്കെ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി എനിക്ക് അറിയാം, ഞാൻ ഓരോരുത്തരുടെയും പേരുകൾ വിളിച്ച് എഴുന്നേല്പിച്ച് നിർത്തുന്നതിനേക്കാൾ നല്ലത്, നിങ്ങൾ  സ്വയം എഴുന്നേറ്റ് നിൽക്കുന്നതാണ്' അത് പറഞ്ഞ അതേ ശൗര്യത്തോടെ തീപാറുന്ന ഒരു നോട്ടവും എന്റെ മേൽ പതിച്ചിരുന്നു.

ഇനിയും എഴുന്നേൽക്കാതിരിക്കാൻ ഒന്നും എന്റെ മനസ്സിന് കരുത്തുണ്ടായിരുന്നില്ല. അങ്ങനെ മൂന്നാമത്തെ ബെഞ്ചിൽ രണ്ടാമത് ഇരുന്നിരുന്ന ഞാൻ തന്നെ ആദ്യം എഴുന്നേറ്റ് നിന്നു. എനിക്ക് പിറകിൽ കബീറും അക്ബറും... പിന്നെ പലരും എഴുന്നേൽക്കാൻ തുടങ്ങി. ഓരോരുത്തരെ ആയി മാഷ് അടുത്തേക്ക് വിളിച്ചു. എല്ലാവരെയും അടിച്ചു കഴിയുമ്പോൾ ഒന്നുകിൽ തൊലി അല്ലെങ്കിൽ ചൂരൽ, രണ്ടിൽ ഒന്ന് പൊട്ടുക എന്ന ലക്ഷ്യത്തിൽ ആണെന്ന് തോന്നുന്നു മാഷ് അടി തുടങ്ങിയത്. രണ്ടോ മൂന്നോ ദിവസം ബെഞ്ചിൽ ഉറപ്പിച്ച് ഇരിക്കാനോ, വീട്ടിൽ ചെന്നാൽ മലർന്ന് കിടക്കാനോ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. വീട്ടിൽ ചെന്ന് പരാതി പറഞ്ഞാൽ ഇവിടുത്തെ ബാക്കി അവിടുന്നും കിട്ടുന്നത് കൊണ്ട്, ആരും തന്നെ അന്നൊന്നും പരാതി പറയാൻ ശ്രമിക്കാറില്ല, ഞാനും.

ഓർമ്മകളെ ഞാൻ വീണ്ടും ലേഖ ടീച്ചർ പറഞ്ഞ ആ വാക്കിലേക്ക് തിരിച്ചു കൊണ്ടു വന്നു.

'രണ്ടും മൂന്നും പരാതികൾ ഞങ്ങൾക്ക് ഓരോ വർഷവും കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും ലഭിക്കാറുണ്ട്. അതുകൊണ്ട് ആരുടെയെങ്കിലും മക്കളെ, അവരുടെ ഭാഗത്ത് നിന്നുള്ള തെറ്റുകൾ കാണുമ്പോൾ അധ്യാപകർ അടിക്കുന്നത് കൊണ്ട് ഏതെങ്കിലും രക്ഷിതാവിന് പരാതി ഉണ്ടെങ്കിൽ ഇപ്പോഴേ പറയണം 'എന്റെ മക്കളെ അടിച്ചു കൊണ്ടുള്ള പഠിപ്പിക്കൽ വേണ്ട' എന്ന്.

*********************************************************

AIHSS PADOOR ന്റെ രജത ജൂബിലിയുടെ ഭാഗമായി പുറത്തിറങ്ങിയ സ്‌കൂൾ മാഗസിൻ വയലാർ ശരത് ചന്ദ്ര വർമ്മയാണ് പ്രകാശനം ചെയ്തത്. മാഗസിനിൽ ഞാൻ എഴുതിയ ചെറിയൊരു അനുഭവം  ആണിത്.